News

ആപ്പിള്‍ കലണ്ടറില്‍ നിന്നും ഈസ്റ്റര്‍ ഒഴിവാക്കി; പ്രതിഷേധവുമായി ഉപഭോക്താക്കള്‍

സ്വന്തം ലേഖകന്‍ 22-02-2018 - Thursday

കാലിഫോര്‍ണിയ: ആപ്പിള്‍ ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐഫോണിലെ 2018 കലണ്ടറില്‍ യേശുവിന്റെ പുനരുത്ഥാനദിനമായ ഈസ്റ്റര്‍ നീക്കം ചെയ്തത് ചര്‍ച്ചയാകുന്നു. ലോകമാകമാനമുള്ള ക്രൈസ്തവരുടെ ഏറ്റവും വിശുദ്ധ ദിനങ്ങളിലൊന്നായ ഈസ്റ്റര്‍ നീക്കം ചെയ്ത നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണ് ആപ്പിള്‍ നേരിടേണ്ടി വരുന്നത്. സെന്റ്‌ പാട്രിക്ക് ഡേ, സെന്റ്‌ വാലന്റൈന്‍സ് ഡേ തുടങ്ങിയ ക്രിസ്ത്യന്‍ അവധിദിവസങ്ങള്‍ ശരിയായ ദിവസങ്ങളില്‍ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും യേശുവിന്റെ പുനരുത്ഥാനദിവസം ഒഴിവാക്കിയിരിക്കുയാണ്. ഇക്കാര്യത്തെക്കുറിച്ച് ആപ്പിളിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക വിശദീകരണമൊന്നും ലഭിച്ചിട്ടില്ല.

ചൈനീസ്, ഹീബ്രു, ഇസ്ലാമിക് ഉള്‍പ്പെടെ നിരവധി കലണ്ടറുകള്‍ തിരഞ്ഞെടുക്കുവാനുള്ള സൗകര്യം ആപ്പിളില്‍ ഉണ്ടെങ്കിലും ലോകത്തെ ഏറ്റവും വലിയ വിശ്വാസസമൂഹമായ ക്രൈസ്തവര്‍ക്കായി ആപ്പിള്‍ കലണ്ടര്‍ നല്‍കുന്നില്ല. ഇക്കാര്യം വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്രൈസ്തവരെ ഒഴിവാക്കിയുള്ള, കമ്പനിയുടെ മതനിരപേക്ഷ കലണ്ടറില്‍ നിന്നും ഈസ്റ്റര്‍ ഒഴിവാക്കപ്പെട്ടതും, iOS11.2.5-ല്‍ ഇതിനുപകരം മറ്റൊരു ക്രിസ്ത്യന്‍ ദിനം നല്‍കിയിട്ടുമില്ലെന്നതും ആപ്പിളിനെ സംശയമുനയില്‍ നിര്‍ത്തുകയാണ്.

‘മാക്ബുക്ക് പ്രോ’ യില്‍ നിന്നും ‘ഐ ഫോണ്‍’ല്‍ നിന്നും എങ്ങനെയാണ് ഈസ്റ്റര്‍ അപ്രത്യക്ഷമായതെന്നാണ് ഐ ഫോണ്‍ ഉപഭോക്താക്കള്‍ ചോദിക്കുന്നത്. അതേസമയം ഐ ഫോണ്‍ കലണ്ടറില്‍ നിന്നും ഈസ്റ്റര്‍ ഒഴിവായതിനെകുറിച്ച് നിരവധി അന്വേഷണങ്ങളാണ് കമ്പനി ഹെല്‍പ്ഡെസ്കില്‍ എത്തികൊണ്ടിരിക്കുന്നതെന്ന്‍ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനി ഇതിനെകുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും, ഉടന്‍തന്നെ ഒരു പരിഹാരം കണ്ടെത്തുമെന്നുമാണ് ഹെല്‍പ് ഡെസ്കിലേക്ക് വിളിച്ച ഒരു ഉപഭോക്താവിന് കിട്ടിയ മറുപടി.

എന്നാല്‍ കലണ്ടറില്‍ മാറ്റമൊന്നും വരുത്തുകയില്ലെന്നും, ഇതിനുപുറമേ തങ്ങളുടെ ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന യു.എസ്. കലണ്ടറില്‍ നിന്നും ദുഃഖവെള്ളിയും, ഈസ്റ്ററും ഒഴിവാക്കുവാന്‍ ആപ്പിള്‍ തീരുമാനിച്ചിട്ടുണ്ടെന്നുമാണ് മറ്റൊരു ഉപഭോക്താവിന് കിട്ടിയ മറുപടി. ഐ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന കലണ്ടറുകള്‍ ഉള്ള തേര്‍ഡ് പാര്‍ട്ടി വെബ്സൈറ്റുകള്‍ പങ്കുവെച്ചുകൊണ്ടാണ് ആപ്പിളിന്റെ ഏകപക്ഷീയമായ ഈ നടപടിയെ ക്രിസ്ത്യന്‍ ഉപഭോക്താക്കള്‍ നേരിടുന്നത്.

‘പ്യൂ റിസര്‍ച്ച്’ന്റെ 2005-ലെ കണക്കനുസരിച്ച് ഏതാണ്ട് 230 കോടിയോളം ക്രിസ്ത്യാനികള്‍ ലോകത്താകമാനമായി ഉണ്ട്. ഇസ്ലാം, യഹൂദ മത വിശ്വാസികള്‍ക്കായുള്ള കലണ്ടറുകള്‍ ആപ്പിള്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ലോകത്തെ ഏറ്റവും വലിയ വിശ്വാസ സമൂഹമായ ക്രിസ്ത്യന്‍ പുണ്യദിവസങ്ങളുടേതായ ഒരു കലണ്ടര്‍ എന്തുകൊണ്ട് ആപ്പിളില്‍ ഇല്ല എന്ന ചോദ്യം ഇതോടെ വീണ്ടും പ്രസക്തമാവുകയാണ്‌. ആപ്പിളിന്റെ വിവേചനപരമായ നയത്തെകുറിച്ചുള്ള സംശയങ്ങള്‍ നേരത്തെയും പലരും ഉന്നയിച്ചിരിന്നു.


Related Articles »