Arts
വൈദികരുടെ ഉയിര്‍പ്പാട്ട് നവമാധ്യമങ്ങളില്‍ വൈറല്‍
സ്വന്തം ലേഖകന്‍ 03-09-2019 - Tuesday
കൊച്ചി: പ്രളയത്തെ മലയാളി സമൂഹം അതിജീവിച്ചതിന്റെ ത്യാഗങ്ങള്‍ ഉള്‍ച്ചേര്‍ത്തുക്കൊണ്ട് എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദികർ ഒരുക്കിയ ഉയിർപ്പാട്ട് നവമാധ്യമങ്ങളില്‍ വൈറലാകുന്നു. അതിരൂപതയിലെ മാധ്യമ വിഭാഗമായ പിൽഗ്രിംസ് കമ്മ്യൂണിക്കേഷന്റെ നേതൃത്വത്തിലുള്ള ദി ട്വൽവ് ബാൻഡിലെ പന്ത്രണ്ടോളം വൈദികരാണ് ഹൃദയ സ്പര്‍ശിയായ ഗാനവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രളയജലത്തിൽ നിന്നും കരകയറാൻ സഹായിച്ചവരെ കോർത്തിണക്കിയാണ് പാട്ട് രൂപകൽപന ചെയ്തിരിക്കുന്നത്. മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവർക്കായി തൻ്റെ കടയിലെ വസ്ത്രങ്ങൾ പൂര്‍ണ്ണമായും നൽകിയ നൗഷാദിന്റെ വാക്കുകളിലൂടെയാണ് ഗാനം ആരംഭിക്കുന്നതെന്നും സാർവത്രിക സ്നേഹത്തെയാണ് ഈ പാട്ട് ഓർമപ്പെടുത്തുന്നതെന്നതും ശ്രദ്ധേയമാണ്.
ഫാ. ജയിംസ് തൊട്ടിയിൽ, ഫാ. ജേക്കബ് കോറോത്ത് എന്നിവർ ചേര്‍ന്ന് സംവിധാനം ചെയ്തിരിക്കുന്ന പാട്ടിനായി വരികളെഴുതിയിരിക്കുന്നതും സംഗീതം നൽകിയിരിക്കുന്നതും ഫാ.നിബിൻ കുരിശിങ്കലാണ്. ഫാ.എബി ഇടശ്ശേരി, ഫാ.ചെറിയാൻ നേരേവീട്ടിൽ, ഫാ.മെൽവിൻ ചിറ്റിലപ്പിള്ളി എന്നിവർ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗിറ്റാര്‍ സുമേഷ് പരമേശ്വറും കീറ്റാര്‍ ഫാ.ജാക്സൺ സേവ്യറും വയലിൻ ഫാ.എബി ഇടശ്ശേരിയും ഹാര്‍മോണിയം ഫാ.സജോ പടയാട്ടിയും തബല ഫാ.ജൂബി കളത്തിപ്പറമ്പിലുമാണ് വായിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജിജോ എബ്രഹാമും എഡിറ്റിങ് ഫാ.ജേക്കബ് കോറോത്തും നിര്‍വ്വഹിച്ചിരിക്കുന്നു.
