News - 2025
പാക്കിസ്ഥാനിലെ 6 ക്രൈസ്തവ വിശ്വാസികളുടെ പേരില്‍ വിവാദമായ മതനിന്ദാ കുറ്റം
സ്വന്തം ലേഖകന്‍ 27-02-2018 - Tuesday
ലാഹോര്‍: പാക്കിസ്ഥാനിലെ വിവാദമായ ‘മതനിന്ദാ’ നിയമത്തിന്റെ പേരില്‍ ആറോളം ക്രൈസ്തവ വിശ്വാസികളെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഫൈസലാബാദിനു സമീപമുള്ള ഇലാഹിയാബാദിലെ ക്രൈസ്തവര്‍ അറസ്റ്റിലായിരിക്കുന്ന വിവരം ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ (ICC) ആണ് പുറത്തുവിട്ടിരിക്കുന്നത്. പ്രവാചകനായ മുഹമ്മദിനെ സ്തുതിച്ചുകൊണ്ടുള്ള ‘നാ’അത്ത്’ എന്ന കവിതയെ അവഹേളിച്ചു എന്നാരോപിച്ചാണ് 295-A സെക്ഷന്‍ ഉള്‍പ്പെടുത്തി അറസ്റ്റ്. എഫ്.ഐ.ആര്‍. നമ്പര്‍ 238/18 അനുസരിച്ച് ഫയാസ് മാസ്സി, റിയാസ് മാസ്സി, ഇംതിയാസ് മാസ്സി, സര്‍ഫ്രാസ് മാസ്സി, സാക്വിബ് മാസ്സി എന്നിവരും റിയാസിന്റെ ഭാര്യയേയുമാണ് ഫെബ്രുവരി 23 വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.
മുനാവര്‍ ഷെഹ്സാദ് എന്ന ഇസ്ലാം മത വിശ്വാസിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ക്രൈസ്തവര്‍ക്ക് നേരെയുള്ള ആരോപണങ്ങളില്‍ യാതൊരടിസ്ഥാനവുമില്ലെന്നാണ് പ്രാദേശിക മനുഷ്യാവകാശ പ്രവര്‍ത്തകനായ പെര്‍വേസ് ഹയാത്ത് പറയുന്നത്. പട്ടം പറത്തലിനോടനുബന്ധിച്ച് കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് പിന്നീട് മതപരമായ തര്‍ക്കമായി പരിണമിച്ചത്. വാസ്തവത്തില്‍ പൊട്ടിനിലത്തുവീണ പട്ടത്തിനുവേണ്ടി ഇരുമതങ്ങളിലുമുള്ള കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കം മുതിര്‍ന്നവര്‍ ഏറ്റു പിടിക്കുകയായിരുന്നു. ക്രിസ്ത്യാനികളോടുള്ള വിരോധം നിമിത്തം സമീപത്തെ ഖുഷ്ഖബ്രി ദേവാലയത്തിന്റെ മതിലില്‍ എഴുതിയിരുന്ന ബൈബിള്‍ വാക്യങ്ങള്‍ മുസ്ലീങ്ങള്‍ മായിക്കുകയും അവിടെ ഇസ്ലാമിക രാഷ്ട്രീയ പാര്‍ട്ടിയുടെ പേരെഴുതുവാന്‍ ശ്രമിക്കുകയും ചെയ്തു.
ഇതിനെതിരെ ക്രിസ്ത്യാനികള്‍ പ്രതികരിച്ചതാണ് മതനിന്ദാ കുറ്റം ആരോപിച്ചതിന് പിന്നിലെ കാരണമെന്ന് ഹയാത്ത് പറയുന്നു. മതനിന്ദാ കുറ്റം ആരോപിക്കപ്പെട്ട സാഹചര്യത്തില്‍ ഇലാഹിയാബാദ് പട്ടണത്തിലെ മുഴുവന്‍ ക്രൈസ്തവ വിശ്വാസികളും ആശങ്കയിലാണ്. ആക്രമണങ്ങളെ ഭയന്ന്‍ നിരവധിപേര്‍ കുടുംബത്തോടൊപ്പം സ്വന്തം ഭവനമുപേക്ഷിച്ച് പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. അതേസമയം ഇസ്ലാം മതസ്ഥരുടെ ആക്രമണ സാധ്യത മുന്നില്‍ കണ്ട് പരിസര പ്രദേശങ്ങളില്‍ പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.
അറസ്റ്റിലായവര്‍ കുറ്റക്കാരാണെന്ന്‍ കോടതി വിധിക്കുകയാണെങ്കില്‍ പത്തുവര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. പാക്കിസ്ഥാനിലെ മതനിന്ദാ നിയമം ക്രിസ്ത്യാനികളെ അടിച്ചമര്‍ത്തുവാനുള്ള ഉപകരണമായി മാറിയിരിക്കുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം. കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കുള്ളില്‍ 1,500-ലധികം ആളുകള്‍ ഈ നിയമത്തിനിരയായിട്ടുണ്ട്. നിയമത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും പാക്കിസ്ഥാന്‍ മൗനം പാലിക്കുകയാണ്.