News - 2024

കേരളസഭയുടെ മിഷന്‍ തീക്ഷ്ണതയെ അഭിനന്ദിച്ച് പൗരസ്ത്യസഭകള്‍ക്ക് വേണ്ടിയുള്ള സെക്രട്ടറി

സ്വന്തം ലേഖകന്‍ 01-03-2018 - Thursday

വത്തിക്കാന്‍ സിറ്റി: ഭാരതസഭയുടെ വളര്‍ച്ചയില്‍ കേരളത്തിലെ വിശ്വാസ സമൂഹം നല്‍കിയ സേവനങ്ങളെ നന്ദിയോടെ സ്മരിച്ചുകൊണ്ട് പൗരസ്ത്യസഭാ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് സിറിള്‍ വാസില്‍. സീറോ മലബാര്‍, സീറോ മലങ്കര, ലത്തിന്‍ എന്നിങ്ങനെ മൂന്നു റീത്തുകളുള്ള കേരളത്തില്‍നിന്നും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയ്ക്കും വിദേശമിഷണറിമാരുടെ ചുവടുകള്‍ പിന്‍ചെന്ന് പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശീയ പ്രേഷിതര്‍ ഇറങ്ങി പുറപ്പെട്ടതു ശ്രദ്ധേയമാണെന്നു ആര്‍ച്ച് ബിഷപ്പ് സ്മരിച്ചു. വത്തിക്കാന്‍ ദിനപത്രം 'ലൊസര്‍വത്തോരെ റൊമാനോ'യ്ക്കു അനുവദിച്ചു നല്കിയ അഭിമുഖത്തിലാണ് ആര്‍ച്ച് ബിഷപ്പ് ഇക്കാര്യം പറഞ്ഞത്.

വിദ്യാഭ്യാസം, ആതുരശുശ്രൂഷ, പ്രേഷിതരംഗം എന്നിവയിലൂടെയാണ് വിദേശ മിഷ്ണറിമാരുടെ ചുവടു പിന്‍ചെന്ന് തദ്ദേശീയ പ്രേഷിതര്‍ ക്രിസ്തുവെളിച്ചം ഭാരതമണ്ണില്‍ അവര്‍ പകര്‍ന്നുനല്കിയത്. ഇന്ന് എല്ലാ ഭൂഖണ്ഡങ്ങളിലേയ്ക്കും കേരളത്തില്‍ നിന്നും മിഷ്ണറിമാര്‍ ഇറങ്ങിത്തിരിക്കുന്നുണ്ട്. സീറോമലബാര്‍ സഭ പ്രേഷിതമേഖലയുടെ അതിര്‍ത്തികള്‍ വ്യാപിപ്പിച്ചുകൊണ്ട് തങ്ങളുടെ ചിന്നച്ചിതറിക്കിടക്കുന്ന വിശ്വാസികളുടെ അജപാലന ശുശ്രൂഷയ്ക്ക് കെട്ടുറപ്പു വരുത്തുകയാണ്. ദേശീയതലത്തില്‍ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവരും, ന്യൂനപക്ഷമായ മുസ്ലിം, പാര്‍സി, സിക്ക് സമൂഹങ്ങളുമായി ക്രൈസ്തവര്‍ രമ്യതയില്‍ ജീവിക്കുന്നത് ഇടവക സമൂഹങ്ങളില്‍ തനിക്ക് അനുഭവവേദ്യമായെന്നും ആര്‍ച്ച് ബിഷപ്പ് അഭിമുഖത്തില്‍ സാക്ഷ്യപ്പെടുത്തി.

ഭാരതത്തില്‍ ക്രൈസ്തവ പീഡനം നടക്കുന്നുണ്ടെങ്കിലും രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ആവശ്യപ്പെടുന്ന ജനതകളുടെ മദ്ധ്യത്തിലെപ്രേഷിതപ്രവര്‍ത്തനം വളരെ പ്രോത്സാഹ ജനകമായ വിധത്തില്‍ ഭാരതത്തില്‍ നടക്കുന്നുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് സിറിള്‍ വാസില്‍ അനുസ്മരിച്ചു. സ്ലൊവേനിയയില്‍ നിന്നുള്ള ഈശോ സഭാംഗമായ അദ്ദേഹം 2009 മുതല്‍ പൗരസ്ത്യസഭാ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറിയായി ശുശ്രൂഷ ചെയ്യുകയാണ്. പൊന്തിഫിക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ കൂടിയാണ് അദ്ദേഹം.


Related Articles »