News - 2024

കുത്തിപ്പരിക്കേല്‍പ്പിച്ച അക്രമികളോടു ക്ഷമിച്ച് ബംഗ്ലാദേശി കന്യാസ്ത്രീകള്‍

സ്വന്തം ലേഖകന്‍ 03-03-2018 - Saturday

ധാക്ക: ബംഗ്ലാദേശിലെ മൗലവിബസാര്‍ ജില്ലയിലെ കുലൗരയില്‍ കുത്തിപ്പരിക്കേല്‍പ്പിച്ച അക്രമികളോട് ക്ഷമിച്ചുകൊണ്ട് വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകള്‍. ഫെബ്രുവരി 26ന് അഗതിമന്ദിരത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ പണം ബാങ്കില്‍നിന്നെടുത്ത് ഓട്ടോയില്‍ മടങ്ങുകയായിരുന്ന അഗതിമന്ദിരത്തിലെ സിസ്റ്റര്‍മാരായ മാഡലിന്‍, വനേസ എന്നിവരാണ് മോഷണസംഘത്തിന്റെ അക്രമത്തിന് വിധേയരായത്. 1,00,000 ടാക്ക അഥവാ 1,200 ഡോളര്‍ വരുന്ന തുകയാണു കയ്യിലുണ്ടായിരുന്നത്.

ഇരുചക്രവാഹനങ്ങളിലെത്തിയ നാലു മോഷ്ടാക്കള്‍ ഓട്ടോ തടഞ്ഞ് സിസ്റ്റര്‍മാരെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം പണവുമായി കടക്കുകയായിരിന്നു. ഇടതു കൈയ്ക്കു പരിക്കേറ്റ സിസ്റ്റര്‍ മാഡലിന്‍ ഗുരുതരാവസ്ഥയിലായിരുന്നു. വഴിയാത്രക്കാരാണ് പിന്നീട് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ മോഷ്ടാക്കള്‍ക്കെതിരേ പരാതി നല്കാന്‍ സിസ്റ്റര്‍മാര്‍ തയാറായില്ല. മിഷ്ണറീസ് ഓഫ് ചാരിറ്റി സഭയുടെ സ്ഥാപകയായ മദര്‍ തെരേസ പഠിപ്പിച്ചിട്ടുള്ളത് സ്‌നേഹിക്കാനാണെന്നും അവരോടു ക്ഷമിക്കുന്നുവെന്നും സിസ്റ്റര്‍ മാഡലിന്‍ പറഞ്ഞു. സംഭവത്തില്‍ പിന്നീട് പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.


Related Articles »