News - 2025
പാക്കിസ്ഥാനിൽ മതനിന്ദ ആരോപിതനായ ക്രൈസ്തവ യുവാവ് ഗുരുതരാവസ്ഥയിൽ
സ്വന്തം ലേഖകന്‍ 03-03-2018 - Saturday
ലാഹോർ: പാക്കിസ്ഥാനിൽ മതനിന്ദാരോപിതനായ ക്രൈസ്തവ യുവാവ് അതീവ ഗുരുതരാവസ്ഥയിൽ. സജിത് മസിഹ് എന്ന കത്തോലിക്ക യുവാവാണ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. മതനിന്ദ ആരോപണത്തെ തുടര്‍ന്നു ചോദ്യം ചെയ്യാൻ വിളിപ്പിച്ച സജിത് മസിഹയെയും അദ്ദേഹത്തിന്റെ അർദ്ധ സഹോദരൻ പട്രാസിനെയും മർദനമുറകൾക്ക് വിധേയമാക്കുകയായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നു സജിത് മസിഹ് പോലീസ് സ്റ്റേഷന്റെ നാലാം നിലയിൽ നിന്നും എടുത്തു ചാടിയെന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സംശയമുണ്ടെന്ന് ക്രൈസ്തവ നേതൃത്വം ആരോപിച്ചു.
സജിതിന്റേത് ആത്മഹത്യ ശ്രമമാണെന്ന ആരോപണത്തില്‍ സംശയമുണ്ടെന്നും സംഭവത്തിൽ സുപ്രീം കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും പോലീസിന്റെ ഭാഗത്ത് നിന്നും ക്രൂരമായ പീഡനങ്ങളാണ് യുവാക്കൾ നേരിട്ടതെന്നും നേതൃത്വം കൂട്ടിച്ചേർത്തു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സജിത് മസിഹയുടെ പേരിൽ രജിസ്റ്റർ ചെയ്ത ആത്മഹത്യാക്കുറ്റം പിൻവലിക്കണമെന്നു പാക്കിസ്ഥാൻ മെത്രാൻ സമിതി പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. യുവാവ് ആശുപത്രിയിലും വിവേചനം നേരിടുന്നതായി മെത്രാൻ സമിതി ആരോപിച്ചിട്ടുണ്ട്.
സജിതിന്റെ പരിചരണത്തിൽ ആശുപത്രി അധികൃതർ നിസ്സംഗത പാലിക്കുന്നതായും ആക്ഷേപമുണ്ട്. കുടുംബത്തിനു മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്നും പൂർണ പിന്തുണയുമായി നില്ക്കുന്ന ക്രൈസ്തവ സമൂഹത്തിന് നന്ദി അറിയിക്കുന്നതായും സജിതിന്റെ സഹോദരന്‍ പറഞ്ഞു. പാക്കിസ്ഥാനില്‍ മതനിന്ദാ ആരോപണത്തിന് വിധേയരായ ക്രൈസ്തവരെയും കുടുംബങ്ങളെയും ആക്രമിക്കുന്ന പ്രവണത രാജ്യത്തു വർദ്ധിച്ചു വരികയാണ്. കഴിഞ്ഞ വർഷം മാത്രം മതനിന്ദ ആരോപിച്ചു പതിനെട്ട് കേസുകളാണ് ക്രൈസ്തവ ന്യൂനപക്ഷത്തിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.