News - 2025
സഭാചരിത്രം വിവരിക്കുന്ന പുസ്തകത്തിന്റെ ഉറുദു പതിപ്പ് പുറത്തിറക്കി
സ്വന്തം ലേഖകന്‍ 07-03-2018 - Wednesday
ലാഹോര്‍: കത്തോലിക്കസഭയുടെ ചരിത്രം വിവരിക്കുന്ന 'ദി ന്യൂ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് കാത്തലിക് ചര്‍ച്ച്’ എന്ന ഗ്രന്ഥത്തിന്റെ ഉറുദു പതിപ്പ് പാക്കിസ്ഥാനില്‍ പ്രകാശനം ചെയ്തു. പാക്കിസ്ഥാനിലെ ക്രൈസ്തവരുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്നു ഫാ. ഗുൽഷൻ ബാർകട് ഒഎംഐ എന്ന വൈദികനാണ് ഗ്രന്ഥത്തിന്റെ ഉറുദു പരിഭാഷ തയ്യാറാക്കിയത്. ഇംഗ്ലീഷുകാരനായ ജെസ്യൂട്ട് വൈദികൻ ഫാ. നോർമൻ ടാന്നെർ എസ്ജെ തയ്യാറാക്കിയ ഈ പുസ്തകം ഇതിനോടകം തന്നെ അഞ്ചു ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. നാല് വർഷം കൊണ്ടാണ് പുസ്തകത്തിന്റെ പരിഭാഷ പൂർത്തിയാക്കിയതെന്ന് വിവര്‍ത്തനത്തിന് സഹായിച്ച ഫാ. റോബർട്ട് കുള്ളോച്ച് പറഞ്ഞു.
കത്തോലിക്ക പ്രസിദ്ധീകരണങ്ങള്‍ക്ക് ഇടയില്‍ ഈ പുസ്തകത്തിന്റെ ഉര്‍ദു പരിഭാഷയ്ക്ക് ഏറെ ആവശ്യകത കല്‍പ്പിച്ചിരിന്നുവെന്നും പാക്കിസ്ഥാനിലെയും ഗൾഫ് രാജ്യങ്ങളിലെയും ക്രൈസ്തവര്‍ക്ക് സഭാ ചരിത്രത്തെക്കുറിച്ചും അറിയുന്നതിന് ഈ പുസ്തകം ആവശ്യമായിരുന്നുവെന്നും ഫാ. റോബർട്ട് കൂട്ടിച്ചേര്‍ത്തു. സെമിനാരികളിലും മതാധ്യാപന ക്ലാസുകളിലും ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളിലും പുസ്തകം ഉപയോഗിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇംഗ്ലീഷ് ജെസ്യൂട്ട് പ്രോവിന്‍സാണ് പുസ്തകത്തിന്റെ പരിഭാഷയ്ക്കായി സാമ്പത്തികമായി സഹായിച്ചത്.