News - 2025

'ക്രൈസ്തവ പിള്ളത്തൊട്ടിലിന്റെ പുനര്‍നിര്‍മ്മാണ'വുമായി നെബ്രാസ്ക നൈറ്റ്സ് ഓഫ് കൊളംബസ്

സ്വന്തം ലേഖകന്‍ 12-03-2018 - Monday

വാഷിംഗ്‌ടണ്‍: ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ ആക്രമണത്തെ തുടര്‍ന്ന്‍ പലായനം ചെയ്ത മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവരെ സഹായിക്കുവാനായി അമേരിക്കയിലെ ഫോര്‍ട്ട്‌ കല്‍ഹൂണ്‍ നഗരത്തിലെ ‘നൈറ്റ്സ് ഓഫ് കൊളംബസ്’ കൗണ്‍സില്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആഗോള ശ്രദ്ധയാകര്‍ഷിക്കുന്നു. ‘ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളത്തൊട്ടിലിന്റെ പുനര്‍നിര്‍മ്മാണം' എന്ന പേരിലാണ് ഇവര്‍ സഹായമെത്തിക്കുന്നത്. ഭീകരവാദവും, വംശഹത്യയും, യുദ്ധവും കാരണം മധ്യപൂര്‍വ്വേഷ്യയില്‍ നിന്നും പലായനം ചെയ്ത ക്രിസ്ത്യാനികള്‍ക്ക് വേണ്ടി വാഷിംഗ്‌ടണ്‍ കൗണ്ടിയിലെ നെബ്രാസ്കായിലെ സെന്റ്‌ ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇടവകയിലെ ‘നൈറ്റ്സ് ഓഫ് കൊളംബസ്' കൗണ്‍സിലാണ് കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 162 അംഗങ്ങള്‍ മാത്രമാണ് കൗണ്‍സിലില്‍ ഉള്ളത്.

ഇറാഖിലെ നിനവേ താഴ്‌വരയിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ കാരംദേസില്‍ നൂറുകണക്കിന് ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സാമ്പത്തിക സഹായമാണ് ഇവര്‍ നല്‍കിയത്. 2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണങ്ങളെ തുടര്‍ന്നാണ് കാരംദേസ് നിലംപരിശാകുന്നത്. 2016-ല്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണം അവസാനിച്ചതോടെ ഈ മേഖലയിലെ ക്രിസ്ത്യാനികള്‍ തിരിച്ചുവന്നു തുടങ്ങി. ഈ സാഹചര്യത്തിലാണ് സഹായവുമായി സംഘടന രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം ജന്മദേശത്തേക്ക് തിരികെ പോകുവാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കുവാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് കൗണ്‍സിലിന്റെ ഗ്രാന്റ് നൈറ്റും, പദ്ധതിയുടെ കോ-ഓര്‍ഡിനേറ്ററുമായ ജിം ഹബ്ഷ്മാന്‍ വ്യക്തമാക്കി.

പദ്ധതിയുടെ ഭാഗമായി ഓമാഹയില്‍ രണ്ട് ധനസമാഹരണപരിപാടികളാണ് സംഘടിപ്പിച്ചത്. അന്ത്യോക്യന്‍ കത്തോലിക്ക ബിഷപ്പ് ബര്‍ണാബാ യൂസിഫ് ഹബാഷായും, സിറിയന്‍ അഭയാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇറാഖിലെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ മൂന്നില്‍ രണ്ടു ഭാഗത്തോളം കുറവ് വന്നിട്ടുള്ളതായി ബിഷപ്പ് ഹബാഷാ പറഞ്ഞു. പേരിനു മാത്രമുള്ള നിലനില്‍പ്പാണ് ഇപ്പോള്‍ ഇറാഖില്‍ ക്രിസ്ത്യാനികള്‍ക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സാഹചര്യത്തില്‍ അടിച്ചമര്‍ത്തപ്പെടുന്ന ക്രൈസ്തവരെ സഹായിക്കുന്ന നെബ്രാസ്ക നൈറ്റ്സ് ഓഫ് കൊളംബസ് പദ്ധതിക്കു വന്‍പിന്തുണയാണ് ലഭിക്കുന്നത്.


Related Articles »