News - 2025
സമാധാന റാലിയുമായി അരുണാചൽ പ്രദേശിലെ ക്രൈസ്തവ സമൂഹം
സ്വന്തം ലേഖകന്‍ 12-03-2018 - Monday
ഇറ്റാനഗര്‍: ഭാരതത്തിന്റെ വടക്കു കിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിൽ സമാധാന റാലിയുമായി ക്രൈസ്തവ വിശ്വാസ സമൂഹം. “കര്‍ത്താവിനായി 24 മണിക്കൂര്‍” എന്ന വത്തിക്കാന്റെ ആഹ്വാനത്തെ സ്വീകരിച്ചുകൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ദിവ്യകാരുണ്യാരാധനയിലും കുമ്പസാരത്തിലും വിശുദ്ധ കുര്‍ബാനയിലും തുടർന്ന് നടന്ന റാലിയിലും മുന്നൂറിലധികം വിശ്വാസികളാണ് പങ്കെടുത്തത്. നിയോതാൻ ഗ്രാമത്തിൽ നിന്നും ആരംഭിച്ച റാലി പതിനാറ് കിലോമീറ്ററോളം അകലെ മിയാവോ കത്തീഡ്രല്‍ ദേവാലയത്തിലാണ് സമാപിച്ചത്. അരുണാചലിലും ഇന്ത്യയിലും ലോകം മുഴുവനും സമാധാനം സ്ഥാപിക്കപ്പെടുവാനുള്ള പ്രാർത്ഥനയോടെയാണ് വിശ്വാസികൾ റാലിയില്‍ പങ്കെടുത്തതെന്ന് നേതൃത്വം നല്‍കിയ ഫാ. ഫെലിക്സ് അന്തോണി പറഞ്ഞു.
അഞ്ച് മണിക്കൂർ നീണ്ടുനിന്ന റാലിയിൽ പങ്കെടുത്തവരുടെ വിശ്വാസ തീക്ഷ്ണതയെ മിയാവോ രൂപതാധ്യക്ഷൻ മാർ ജോർജ് പള്ളിപറമ്പിൽ അഭിനന്ദിച്ചു. കൈയിൽ കുരിശും നാവിൽ സമാധാന പ്രാർത്ഥനയുമായി വിശ്വാസത്തിന്റെ പ്രകടമായ മാതൃകയായിരുന്നു സമാധാന റാലിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമാധാന ശ്രമങ്ങളിൽ ദൈവത്തിന്റെ ഇടപെടൽ വഴി ലക്ഷ്യം കാണുമെന്നും ദൈവത്തിന്റെ കരുണ വഴി മനുഷ്യവംശത്തിന് സമാധാനം കൈവരട്ടെയെന്നും നിയോതാൻ ഗ്രാമത്തലവൻ ചോമജുങ്ങ് മൊസാങ്ങ് പ്രതാശ പ്രകടിപ്പിച്ചു.
റാലിയുടെ സമാപനത്തിൽ ദേവാലയത്തിൽ നടന്ന കുരിശിന്റെ വഴിയിലും വിശ്വാസികൾ പങ്കെടുത്തു. കഴിഞ്ഞ അഞ്ചു കൊല്ലമായി നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍, തപസ്സുകാലത്തിലെ നാലാമത്തെ ഞായറാഴ്ചയ്ക്കു തൊട്ടുമുമ്പ് വരുന്ന വെള്ളിയാഴ്ചയാണ് “കര്‍ത്താവിനായി 24 മണിക്കൂര്‍” എന്ന പേരില്‍ അനുതാപ ശുശ്രൂഷയും ദിവ്യകാരുണ്യാരാധനയും ഉള്‍ക്കൊള്ളുന്ന ഈ ആചരണം ആഗോളസഭയില്‍ നടത്തപ്പെടുന്നത്. ഇതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുശ്രൂഷകള്‍ നടന്നിരുന്നു.