News - 2025

“ഒന്നുകില്‍ ഇസ്ലാം സ്വീകരിക്കുക, അല്ലെങ്കില്‍ മരിക്കുക”: കുര്‍ദ്ദിഷ് ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്

സ്വന്തം ലേഖകന്‍ 15-03-2018 - Thursday

ഡമാസ്ക്കസ്: സായുധ ഇസ്ലാമിക പോരാളികള്‍ വടക്കന്‍ സിറിയയിലെ അഫ്രീന്‍ പ്രവിശ്യയിലുള്ള കുര്‍ദ്ദിഷ് ക്രിസ്ത്യാനികളെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തുവാന്‍ ഭീഷണി മുഴക്കുന്ന വീഡിയോ പുറത്ത്. ലണ്ടന്‍ ആസ്ഥാനമായുള്ള 'സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്' എന്ന സംഘടനയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തില്ലെങ്കില്‍ കൂട്ടക്കൊലചെയ്യുമെന്നാണ് വീഡിയോയിലൂടെയുള്ള ഭീഷണി. “നിങ്ങള്‍ അനുതപിച്ചു അല്ലാഹുവിലേക്ക് തിരികെ വരിക. നിങ്ങള്‍ ഞങ്ങളുടെ സഹോദരന്‍മാരാണെന്നറിഞ്ഞു കൊള്ളുക. അല്ലെങ്കില്‍ നിങ്ങളുടെ തലകള്‍ പഴുത്തുപാകമായെന്നും അത് പറിച്ചെടുക്കുവാനുള്ള സമയമായെന്നും ഞങ്ങള്‍ മനസ്സിലാക്കും”. വീഡിയോയിലുള്ള ഇസ്ളാമിക പോരാളികളുടെ ഭീഷണി ഇങ്ങനെയാണ്.

തുര്‍ക്കി സേനയുടെ നിയന്ത്രണത്തിലുള്ള അഫ്രീനിലെ ചില യസീദി ഗ്രാമങ്ങളുടെ അവസ്ഥയും ഇതിന് സമാനമാണെന്ന് ഒബ്സര്‍വേറ്ററി ഫോര്‍ ഹുമന്‍ റൈറ്റ്സിന്റെ തലവനായ റാമി അബ്ദുള്‍ റഹ്മാന്‍ വെളിപ്പെടുത്തി. തുര്‍ക്കി പോരാളികള്‍ വഴിയിലൂടെ പോകുന്നവരെ തടഞ്ഞുനിര്‍ത്തി ദിവസത്തില്‍ നിങ്ങള്‍ എത്രപ്രാവശ്യം നിസ്കരിക്കാറുണ്ട് എന്ന് ചോദിക്കുന്ന വീഡിയോ താന്‍ കണ്ടിട്ടുള്ളതായി അദ്ദേഹം പറയുന്നു. തുര്‍ക്കി സേനയുടെ നിയന്ത്രണത്തിലുള്ള അഫ്രീനില്‍ ഏതാണ്ട് 3 ലക്ഷത്തിനും 5 ലക്ഷത്തിനുമിടയില്‍ ആളുകളാണ് കുടുങ്ങികിടക്കുന്നത്.

ഇസ്ളാമിക പോരാളികള്‍ ക്രിസ്ത്യന്‍ ഭവനങ്ങള്‍ കൊള്ളയടിക്കുകയും ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തില്ലെങ്കില്‍ തലവെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ തങ്ങളുടെ പക്കലുണ്ടെന്ന് മുന്‍പ് ക്രിസ്ത്യന്‍ പൊളിറ്റിക്കല്‍ ഫൗണ്ടേഷന്‍ ഓഫ് യൂറോപ്പ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സാലക്സ് സംഘടനയുടെ ഡയറക്ടറായ ജോഹാന്നസ് ഡെ ജോങ്ങ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിന്നു.

വിഷയത്തില്‍ ഇസ്രായേല്‍ ഇടപെടണമെന്നും വംശഹത്യയില്‍ നിന്നും രക്ഷിക്കണമെന്നും ജോഹാന്നസ് ആവശ്യപ്പെട്ടിരിന്നു. അതേസമയം ആലപ്പോയിലേക്ക് നയിക്കുന്ന പ്രധാന റോഡിലെ ചെക്ക് പോസ്റ്റുകളില്‍ സാധാരണക്കാരെ സിറിയന്‍ സൈന്യം തടയുകയും കടത്തിവിടുന്നതിനായി പലായനം ചെയ്യുന്ന ഓരോ കുടുംബങ്ങളില്‍ നിന്നും വന്‍തുക കൈക്കൂലിയായി വാങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മധ്യപൂര്‍വ്വേഷ്യയിലെ ഏറ്റവും ശക്തമായ ക്രൈസ്തവ പീഡനമാണ് സിറിയയില്‍ അരങ്ങേറി കൊണ്ടിരിക്കുന്നത്. ക്രൈസ്തവരുടെ വംശഹത്യയില്‍ മനുഷ്യാവകാശ സംഘടനകള്‍ മൗനം പാലിക്കുന്നതിന് എതിരെ നേരത്തെ മുതൽ വിമർശനമുയർന്നിരുന്നു.


Related Articles »