News - 2025

പുതുജീവിതം പ്രതീക്ഷിച്ച് ഇറാഖിലേക്ക് ക്രൈസ്തവര്‍ മടങ്ങുന്നു

സ്വന്തം ലേഖകന്‍ 17-03-2018 - Saturday

ബാഗ്ദാദ്: ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്നു സര്‍വ്വതും ഉപേക്ഷിച്ചു പലായനം ചെയ്ത ഇറാഖി ക്രൈസ്തവര്‍ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നു. ഇക്കാര്യം കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ചര്‍ച്ച് ഇന്‍ നീഡാണ് പ്രസ്താവനയിലൂടെ മാധ്യമങ്ങളെ അറിയിച്ചത്. അതിപുരാതന ഇറാഖി നഗരങ്ങളായ നിനവേ, ക്വാരഖോഷ്, തെല്‍സ്കൂഫ്, ബത്നായാ, ബഷീക്കാ എന്നിവിടങ്ങളിലേക്ക് നോമ്പുകാലത്ത് നിരവധി ക്രൈസ്തവ കുടുംബങ്ങള്‍ തിരിച്ചെത്തിയതായി സംഘടന ഇക്കഴിഞ്ഞ വ്യാഴാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ വെളിപ്പെടുത്തി. മനുഷ്യയോഗ്യമല്ലാത്തവിധം ഭീകരര്‍ തകര്‍ത്ത നിനവേയില്‍ 6330 ക്രൈസ്തവ കുടുംബങ്ങളാണ് തിരിച്ചെത്തിയത്.

തെല്‍സ്കൂഫില്‍ തിരിച്ചെത്തിയ 1500 കുടുംബങ്ങള്‍ താല്ക്കാലിക കൂടാരങ്ങളിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഇവിടെ വിവിധ ക്രൈസ്തവ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ഭവന നിര്‍മ്മാണം നടക്കുന്നുണ്ട്. പൂര്‍ണ്ണമായും തകര്‍ന്നുപോയ ബത്നായായില്‍ ഇതിനോടകം 520 ഭവനങ്ങള്‍ പണിതുയര്‍ത്തു. ക്വാരകോഷില്‍ കുടിവെള്ളത്തിന്റെ അഭാവമാണ് പ്രശ്നമായി നില്‍ക്കുന്നത്. ഇവിടെയും ഭവനനിര്‍മ്മാണ പദ്ധതി ആരംഭിച്ചിട്ടേയുള്ളൂ. ഭവനങ്ങള്‍ കൂടാതെ ഇസ്ളാമിക തീവ്രവാദികള്‍ നശിപ്പിച്ച പ്രാര്‍ത്ഥനാലയങ്ങള്‍, സന്യാസ ഭവനങ്ങള്‍, വിദ്യാലയങ്ങള്‍, അതുരാലയങ്ങള്‍ എന്നിവയും പുനരുദ്ധരിക്കേണ്ടതുണ്ടെന്ന് സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു. ക്രൈസ്തവ സന്നദ്ധസംഘടനകളാണ് മധ്യപൂര്‍വ്വേഷ്യയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.


Related Articles »