News - 2025

പാക്കിസ്ഥാനിലെ മെത്രാന്‍ സംഘം മാര്‍പാപ്പയെ സന്ദര്‍ശിച്ചു

സ്വന്തം ലേഖകന്‍ 17-03-2018 - Saturday

വത്തിക്കാന്‍ സിറ്റി: പാക്കിസ്ഥാനി മെത്രാന്മാര്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. മാര്‍ച്ച് 15 വ്യാഴാഴ്ച രാവിലെയാണ് കറാച്ചി അതിരൂപതാദ്ധ്യക്ഷന്‍ ജോസഫ് കൂട്സിന്‍റെ നേതൃത്വത്തില്‍ ബിഷപ്പുമാര്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. ലാഹോര്‍ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് സെബാസ്റ്റ്യന്‍ ഷാ, ഹൈദ്രാബാദ് രൂപത ബിഷപ്പ് സാംസണ്‍ ഷുക്കാര്‍ദിന്‍, ഇസ്ലാമാബാദ്-റാവല്‍പ്പിണ്ടി രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും ഫൈസലാബാദ് മെത്രാനുമായ ജോസഫ് അര്‍ഷാദ് എന്നിവരും സംഘത്തില്‍ ഉണ്ടായിരിന്നു. തികച്ചും സ്വകാര്യമായാണ് കൂടിക്കാഴ്ച നടന്നത്.

ആഗോള സഭാതലവനുമായി കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ 5 വര്‍ഷംകൂടുമ്പോഴുള്ള ഔദ്യോഗിക കൂടിക്കാഴ്ചയായ 'അഡ് ലിമിന' പ്രകാരമാണ് മെത്രാന്‍മാര്‍ പാപ്പയെ കാണാന്‍ എത്തിയത്. പത്രോസിന്‍റെ പിന്‍ഗാമിയായ പാപ്പ, തന്‍റെ ഭരണത്തിന്‍ കീഴിലുള്ള മെത്രാന്മാരുമായി നിശ്ചിത സമയപരിധിയില്‍ കൂടിക്കാഴ്ച നടത്തുകയും അതാത് രൂപതകളുടെഅഥവാ സഭാ പ്രവിശ്യകളുടെ ഭരണക്രമങ്ങളെക്കുറിച്ചും വിവിധ മേഖലകളിലുള്ള അജപാലന ശുശ്രൂഷയുടെ കാര്യക്ഷമതയെക്കുറിച്ചും ആരായുകയും അന്വേഷിക്കുകയും ചെയ്യുന്ന അവസരത്തെയാണ് 'അഡ് ലിമിന' എന്നതുകൊണ്ട് വിശേഷിപ്പിക്കുന്നത്.

1909-ല്‍ Ad Limina ഡിക്രിയിലൂടെയാണ് പത്താം പിയൂസ് പാപ്പ മെത്രാന്മാരുടെ സന്ദര്‍ശനം അഞ്ചു വര്‍ഷംകൂടുമ്പോള്‍ ഒരിക്കല്‍ എന്ന് നിജപ്പെടുത്തിയത്. പ്രത്യേക കാരണങ്ങളാല്‍ മെത്രാനു റോമിലെത്തുവാന്‍ സാധിക്കാതെ വരികയാണെങ്കില്‍, അതാതു തൂപതയുടെ വികാരി ജനറല്‍ വഴിയോ, പ്രതിനിധിയായി മെത്രാന്‍ നിയോഗിക്കുന്ന ഒരു വൈദികന്‍ വഴിയോ അഡ് ലിമിനാ സന്ദര്‍ശനം നടത്താവുന്നതാണെന്ന് ഡിക്രി വ്യക്തമാക്കുന്നു. തീവ്ര ഇസ്ളാമിക രാഷ്ട്രമായ പാക്കിസ്ഥാനിലെ 1 ശതമാനം വരുന്ന കത്തോലിക്ക വിശ്വാസികളെ പ്രതിനിധീകരിച്ചാണ് ബിഷപ്പുമാര്‍ കഴിഞ്ഞ ദിവസം വത്തിക്കാനില്‍ എത്തിയത്.


Related Articles »