News - 2024

ട്രംപിന്റെ സ്വകാര്യ ബൈബിള്‍ വാഷിംഗ്‌ടണ്‍ മ്യൂസിയത്തിലേക്ക്

സ്വന്തം ലേഖകന്‍ 20-03-2018 - Tuesday

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉപയോഗിച്ച രണ്ടു ബൈബിളുകളില്‍ ഒരെണ്ണം വാഷിംഗ്‌ടണ്‍ ഡി.സി യിലെ ബൈബിള്‍ മ്യൂസിയത്തിലേക്ക്. 2016-ലെ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ട്രംപ് പലപ്പോഴും ഉപയോഗിച്ചിട്ടുള്ളതും തനിക്ക് വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ളതെന്നു വിശേഷിപ്പിച്ചിട്ടുള്ള ബൈബിളാണ് മ്യൂസിയത്തില്‍ ഇനി സൂക്ഷിക്കുക. ചെറുപ്പകാലം മുതല്‍ ട്രംപ് ഉപയോഗിച്ചിരുന്നതാണ് ‘റിവൈസ്ഡ് സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷന്‍’ ബൈബിള്‍. ആദ്യമായി ന്യൂയോര്‍ക്കിലെ ജമൈക്കയിലെ പ്രിസ്ബൈറ്റേറിയന്‍ ദേവാലയത്തില്‍ പോയപ്പോഴും അദ്ദേഹത്തിന്റെ കയ്യില്‍ ഈ ബൈബിള്‍ ഉണ്ടായിരുന്നു. മതബോധന ക്ലാസ്സുകള്‍ക്ക്‌ പോകുമ്പോഴും ഈ ബൈബിളാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്.

“വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ അമ്മ തന്ന ബൈബിളാണിത്. അമ്മ എന്റെ പേരും വിലാസവും ഇതില്‍ എഴുതിയിട്ടുള്ളത് കൊണ്ട് എനിക്ക് ഒരുപാട് ഇഷ്ടമുള്ള ബൈബിളാണിത്”. ബൈബിളിനെ കുറിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് പറഞ്ഞ വാക്കുകളാണിത്. ഹാരി എസ്. ട്രൂമാന്‍, ഐസനോവര്‍, ജോര്‍ജ്ജ് എച്ച്. ഡബ്ല്യു. ബുഷ്‌, ജോര്‍ജ്ജ് ഡബ്ല്യു. ബുഷ്‌ തുടങ്ങിയ പ്രശസ്തരായ അമേരിക്കന്‍ പ്രസിഡന്റുമാരുടെ ബൈബിളുകള്‍ക്കൊപ്പം മ്യൂസിയത്തിന്റെ രണ്ടാം നിലയിലെ ‘ബൈബിള്‍ ഇന്‍ ദി വേള്‍ഡ്’ വിഭാഗത്തില്‍, എബ്രഹാം ലിങ്കണ്‍ ഉപയോഗിച്ചിരുന്ന ബൈബിളിന്റെ മുകളിലാണ് ട്രംപിന്റെ ബൈബിളിന്റെ സ്ഥാനം.

ബൈബിളും അതുമായി ബന്ധപ്പെട്ട, രേഖകളുടേയും ലോകത്തെ ഏറ്റവും വലിയ ശേഖരമാണ് ‘മ്യൂസിയം ഓഫ് ദി ബൈബിള്‍’. കഴിഞ്ഞ വര്‍ഷം തുറന്ന ഈ മ്യൂസിയം സ്വകാര്യ വ്യക്തികളുടേയും, മറ്റ് മ്യൂസിയങ്ങളുടേയും സഹായത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്ര ചരിത്രത്തിന്റെ ഒരു ഭാഗം കൂടി തങ്ങളുടെ ബൈബിള്‍ ശേഖരത്തിലേക്ക് ലഭിച്ചതില്‍ തങ്ങള്‍ ഏറെ സന്തുഷ്ടരാണെന്ന് മ്യൂസിയത്തിന്റെ പ്രസിഡന്റായ കാരി സമ്മേഴ്സ് പറഞ്ഞു. സര്‍ക്കാരിലും, ഭരണകര്‍ത്താക്കളിലും ബൈബിളിനുള്ള സ്വാധീനം ജനങ്ങള്‍ക്ക് മനസ്സിലാക്കുവാന്‍ ഈ ശേഖരം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related Articles »