News - 2025
വ്ളാഡിമിർ പുടിനെ അഭിനന്ദിച്ച് ഓർത്തഡോക്സ് സഭാനേതൃത്വം
സ്വന്തം ലേഖകന്‍ 21-03-2018 - Wednesday
മോസ്കോ: റഷ്യൻ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്ളാഡിമിർ പുടിനെ അഭിനന്ദിച്ച് റഷ്യന്‍ ഓർത്തഡോക്സ് സഭാനേതൃത്വം. ഒരു സമൂഹമായി റഷ്യൻ ജനതയെ കൂട്ടിയോജിപ്പിച്ച അദ്ദേഹത്തിന്റെ നേതൃത്വത്തെ ജനങ്ങൾ അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണ് പ്രസിഡന്‍റായി അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതെന്ന് പാത്രിയർക്കീസ് കിറില്‍ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. വിവിധ മതസ്ഥരുടെയും സാമുദായിക രാഷ്ട്രീയ സംഘടനകളേയും ഏകോപിപ്പിച്ച പുടിന്റെ നേതൃത്വപാടവം അഭിനന്ദാർഹമാണെന്നും അദ്ദേഹം കുറിച്ചു.
മനുഷ്യ സ്വാതന്ത്ര്യവും അവകാശ സംരക്ഷണവും ഉറപ്പുവരുത്തി ആത്മീയ സംസ്കാരിക മൂല്യങ്ങളുടെ വിളനിലമായ റഷ്യയെന്ന പ്രസിഡന്റിന്റെ വീക്ഷണത്തെ ജനങ്ങൾ പിന്തുണയ്ക്കുന്നതിന്റെ തെളിവാണ് വോട്ടെടുപ്പ് ഫലം. ജനങ്ങളുടെ സഹകരണത്തോടെ വിഭാവനം ചെയ്ത പദ്ധതികൾ പൂർത്തിയാക്കാൻ ആധ്യാത്മികവും ശാരീരികവുമായ ആരോഗ്യം നല്കി ദൈവം അദ്ദേഹത്തെ വഴി നടത്തട്ടയെന്നും പാത്രിയർക്കീസ് കിറിൽ ആശംസിച്ചു. ഏഴുപത്തിയഞ്ച് ശതമാനത്തിലധികം ഭൂരിപക്ഷത്തോടെയാണ് പുടിൻ നാലാമതും റഷ്യൻ പ്രസിഡൻറായി നിയമിതനാകുന്നത്. തന്റെ ക്രൈസ്തവ വിശ്വാസം ലോകത്തിന് മുന്നില്‍ പല തവണ പരസ്യമായി പ്രഘോഷിച്ച വ്യക്തികൂടിയാണ് വ്ളാഡിമിർ പുടിൻ.