News - 2025
ചാക്കുടുത്ത് മുള്‍കിരീടം ചാര്‍ത്തി നഗ്നപാദനായി ഈ എഴുപത്തിരണ്ടുകാരനും തീര്‍ത്ഥാടനത്തില്‍
സ്വന്തം ലേഖകന്‍ 26-03-2018 - Monday
കോഴിക്കോട്: പീഡാനുഭവ വാരത്തിലൂടെ ലോകം കടന്നുപോകുമ്പോള്‍ ടി. ജെ ജോസഫ് എന്ന എഴുപത്തിരണ്ടുകാരനും യാത്രയിലാണ്. തന്നെ തന്നെ താഴ്ത്തി ദാസന്റെ രൂപം സ്വീകരിച്ച യേശുവിന്റെ സഹന മാതൃക സ്വജീവിതത്തില്‍ പകര്‍ത്തി മലയാറ്റൂരിലേക്ക് നടന്നുനീങ്ങുകയാണ് ഈ മനുഷ്യന്‍. ശിരസ്സില്‍ കാര കൊണ്ടുള്ള മുള്‍കിരീടം ചാര്‍ത്തി, ചണം കൊണ്ട് പൂര്‍ണ്ണമായും നിർമ്മിച്ച ചാക്കുവസ്ത്രവും ധരിച്ചാണ് ജോസഫ് ചേട്ടന്റെ ത്യാഗയാത്ര. പൊള്ളുന്ന വെയിലത്ത് ചെരുപ്പു ധരിക്കാതെ ഒരാള്‍ പൊക്കമുള്ള കുരിശും വഹിച്ചു അദ്ദേഹം നടത്തുന്ന ഈ മലയാറ്റൂര്‍ തീര്‍ത്ഥാടനം ഇന്ന്‍ അനേകരെ വിചിന്തനം ചെയ്യിപ്പിക്കുകയാണ്. വിശ്വാസം കൈവിടുന്ന പുതുതലമുറക്ക് മുന്നില്‍ വിശ്വാസ ദീപ്തിയാല്‍ ജ്വലിക്കുന്ന ജോസഫ് ചേട്ടന്റെ ത്യാഗവും തീക്ഷ്ണതയും.
നോമ്പിന്റെ പൂര്‍ണ്ണതയില്‍ ത്യാഗത്തോടെ രക്ഷകനായ യേശുവിന്റെ പീഡസഹനം അനുകരിക്കുവാനുള്ള ഈ വയോധികന്‍റെ ശ്രമം വാക്കുകള്‍ക്ക് അതീതമാണ്. ഏപ്രിൽ 8നു മലയാറ്റൂരില്‍ എത്തിചേരുമെന്നാണ് ഇദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. യാത്രയ്‌ക്കിടെ വിശ്രമം ബസ് സ്റ്റോപ്പുകളിൽ. പ്രായത്തിന്റെ അവശതയും ക്ഷീണവും ജോസഫ് ചേട്ടന്റെ അര്‍പ്പണ മനോഭാവത്തെ തളര്‍ത്തുന്നില്ല. പഞ്ചസാര ചാക്കു കൊണ്ട് തുന്നിയെടുത്ത വസ്ത്രവും അരയിൽ ചകിരിക്കയറും ധരിച്ചു ജീവിക്കുവാന്‍ ഇദ്ദേഹം ആരംഭിച്ചിട്ട് 14 വർഷമായി. ഇതിനിടെ പൂര്‍ണ്ണമായും നടന്നുകൊണ്ട് മലയാറ്റൂര്‍ യാത്രയും.
കോഴിക്കോട് കല്ലാനോട്ടെ താമരച്ചാലില്‍ ആദ്യം താമസിച്ചിരുന്ന അദ്ദേഹം പിന്നീട് വയനാട്ടിലെ പുൽപ്പള്ളിയിലെ വാടക വീട്ടിലേക്ക് മാറുകയായിരിന്നു. മുപ്പത് വർഷത്തോളമായി ഇവിടെയാണ് താമസം. ഇതിനിടെ രണ്ട് വർഷം ഡൽഹിയിലെ സ്വർഗ ധ്യാൻ ആശ്രമത്തിൽ ശുശ്രൂഷകനായി പ്രവര്‍ത്തിച്ചു. തെരുവിൽ അലയുന്നവരെ ആശ്രമത്തിൽ എത്തിച്ച് വേണ്ട പരിചരണം നല്കുകയായിരുന്നു അദ്ദേഹത്തിന്റെ കടമ. പിന്നീട് കാഞ്ഞങ്ങാട് സ്നേഹാലയത്തിലും ഇടക്കാലത്ത് ചെന്നൈയിലെ ആശ്രമത്തിലും സേവനമനുഷ്ഠിച്ചു. ഇതിന്റെ തുടര്‍ച്ചയെന്നോണം യേശുവിന്റെ സഹനത്തെ ജീവിതത്തോട് ചേര്‍ത്ത് വച്ച് ജീവിക്കുകയാണ് ഈ വയോധികന്‍. ഇത് നമ്മള്‍ വായിച്ചുകൊണ്ടിരിക്കുമ്പോഴും അധരത്തില്‍ പ്രാര്‍ത്ഥനയോടെ ജോസഫ് ചേട്ടന്‍ നടന്നുനീങ്ങുകയായിരിക്കും.