Life In Christ

66-ാം വയസ്സില്‍ കോര്‍പ്പറേറ്റ് ലോകത്ത് നിന്നും പൗരോഹിത്യത്തിലേക്ക്

സ്വന്തം ലേഖകന്‍ 09-05-2018 - Wednesday

മനില: അരനൂറ്റാണ്ടിന് ശേഷം ഫിലിപ്പീന്‍സ് സ്വദേശിയായ ലാംബെര്‍ട്ടോ റാമോസിന്റെ ദൈവനിയോഗം പൂര്‍ത്തിയാകുന്നു. നെക്സ്റ്റെല്‍, ജെയിംസ് ഹാര്‍ഡി, അലാസ്കാ, ക്ലീന്‍വേ ടെക്നോളജീസ്‌ കോര്‍പ്, ലേണിക്സ്‌ ഗ്ലോബല്‍ ഫിലിപ്പീന്‍സ് തുടങ്ങിയ കോര്‍പ്പറേറ്റ് കമ്പനികളില്‍ പ്രമുഖ സ്ഥാനങ്ങളില്‍ സേവനം ചെയ്തിട്ടുള്ള റാമോസ് ഈ വരുന്ന ജൂണില്‍ പൗരോഹിത്യ പട്ടം സ്വീകരിക്കും. പത്തു വയസ്സുള്ളപ്പോള്‍ അള്‍ത്താര ശുശ്രൂഷിയായിരിക്കുമ്പോള്‍ മുതല്‍ക്കേ ഉണ്ടായിരുന്ന ആഗ്രഹമാണ് റാമോസിന്റെ 66-ാം വയസ്സില്‍ നിറവേറുവാന്‍ പോകുന്നത്. ലോക പ്രശസ്ത കോര്‍പ്പറേറ്റ് കമ്പനികളില്‍ പ്രമുഖ സ്ഥാനങ്ങളില്‍ സേവനം ചെയ്തിട്ടുള്ള റാമോസ് ദൈവസേവനത്തിനായി തന്റെ ജീവിതം സമര്‍പ്പിക്കുന്നുവെന്ന് അദ്ദേഹത്തെ അറിയുന്നവര്‍ക്ക് പോലും വിശ്വസിക്കുവാനേ കഴിയുന്നില്ല. എന്നാല്‍ ഒരു പുരോഹിതനാവണമെന്നത് ചെറുപ്പം മുതലേ തന്റെയുള്ളിലുണ്ടായിരുന്ന ആഗ്രഹമായിരുന്നുവെന്നു അദ്ദേഹം പറയുന്നു.

1951 സെപ്റ്റംബര്‍ 19-നു ഫിലിപ്പീന്‍സിലെ മാലോലോസിലെ ബുലാക്കാന്‍ പ്രവിശ്യയിലായിരിന്നു ലാംബെര്‍ട്ടോ റാമോസിന്റെ ജനനം. തത്വശാസ്ത്രത്തില്‍ ബിരുദധാരിയായ റാമോസ് തന്റെ അദ്ധ്യാത്മിക നിയന്താവിന്റെ ഉപദേശപ്രകാരം ഹോളി സ്പിരിറ്റ്‌ കോളേജില്‍ തത്വശാസ്ത്രം പഠിച്ചു. ഇതിനിടയിലാണ് അദ്ദേഹം തന്റെ ജീവിത പങ്കാളിയായ മരിയ വില്‍മാ ഡി ഗുസ്മാനെ കണ്ടുമുട്ടുന്നത്. 1975-ല്‍ അവര്‍ വിവാഹിതരാവുകയും ചെയ്തു. റാമോസ് ദമ്പതികള്‍ക്ക് മൂന്ന്‍ മക്കളാണുള്ളത്. വിവാഹത്തിനു ശേഷമാണ് റാമോസ് കോര്‍പ്പറേറ്റ് ലോകത്തെത്തുന്നത്. ജോലിക്കൊപ്പം തന്നെ, മാര്‍ക്കറ്റിംഗ് മാനേജ്മെന്റ്, ബിസിനസ്സ് ഇക്കണോമിക്സ്, തത്വശാസ്ത്രം എന്നിവയില്‍ ബിരുദാനന്തര ബിരുദങ്ങള്‍ നേടുവാനും റാമോസിന് കഴിഞ്ഞു.

തിരക്കുകള്‍ക്ക് ഇടയിലും തന്റെ കത്തോലിക്കാ വിശ്വാസത്തെ മുറുകെ പിടിക്കുവാന്‍ റാമോസ് സമയം കണ്ടെത്തി. എല്ലാദിവസവും വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുവാന്‍ താന്‍ ശ്രദ്ധിച്ചിരുന്നുവെന്ന് റാമോസ് പറയുന്നു. 2009-ല്‍ റാമോസിന്റെ ജീവിതത്തില്‍ വലിയ ഒരു ആഘാതമുണ്ടായി. അദ്ദേഹത്തിന്റെ പ്രിയ പത്നി കൊളോണ്‍ കാന്‍സര്‍ മൂലം മരണപ്പെട്ടു. 2007 മുതല്‍ 2009 വരെയുള്ള കാലഘട്ടം തന്റെ ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ കാലമെന്നാണ് റാമോസ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ താന്‍ ഒരു പുരോഹിതനാകണമെന്നാണ് ആഗ്രഹമെന്ന് മരണത്തിനു മുന്‍പ് വില്‍മാ തന്നോട് പറഞ്ഞതായി റാമോസ് പറയുന്നു.

മക്കളുടെ പിന്തുണയും തീക്ഷ്ണമായ കത്തോലിക്ക വിശ്വാസവും അദ്ദേഹത്തെ പൗരോഹിത്യത്തിലേക്ക് അടുപ്പിക്കുകയായിരിന്നു. ലയോള സ്കൂള്‍ ഓഫ് തിയോളജിയില്‍ ചേരുമ്പോള്‍ റാമോസിന് 50 വയസ്സായിരുന്നു പ്രായം. ക്ലാസ്സിലെ ഏറ്റവും മുതിര്‍ന്ന ആള്‍ റാമോസായിരുന്നു. തിയോളജി പഠനം പൂര്‍ത്തിയാക്കിയ റാമോസ് കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഡീക്കനായി. ഈ വരുന്ന ജൂണ്‍ 1-നാണ് റാമോസിന്റെ പൗരോഹിത്യ പട്ടസ്വീകരണം. ആന്റിപോളോ രൂപതയിലെ ഫ്രാന്‍സിസ്കോ ഡി ലിയോണ്‍ കീഴിലാണ് റാമോസ് ഇനിയുള്ള ജീവിതം ശുശ്രൂഷ ചെയ്യുക. ദൈവത്തിന്റെ വഴികള്‍ വ്യത്യസ്തമാണെന്നാണ് ഇന്നു റാമോസ് പറയുന്നത്. അതെ, ദൈവത്തിന്റെ പദ്ധതികള്‍ എത്രയോ വിസ്മയാവഹം.


Related Articles »