News - 2025

'ധീരനായ യാചകന്‍' മാര്‍പാപ്പയില്‍ നിന്നും ജ്ഞാനസ്നാനം സ്വീകരിച്ചു

സ്വന്തം ലേഖകന്‍ 02-04-2018 - Monday

വത്തിക്കാന്‍ സിറ്റി: നൈജീരിയന്‍ അഭയാര്‍ത്ഥിയായി വത്തിക്കാനില്‍ അനധികൃതമായി എത്തുകയും 'ധീരനായ അഭയാര്‍ത്ഥി യാചകന്‍' എന്ന പേരില്‍ അറിയപ്പെടുകയും ചെയ്ത ജോണ്‍ ഓഗാ ഫ്രാന്‍സിസ് പാപ്പയില്‍ നിന്നും ജ്ഞാനസ്നാനം സ്വീകരിച്ചു. സെന്റ്‌ പീറ്റേഴ്സ് ബസലിക്കയില്‍ വെച്ച് കഴിഞ്ഞ ശനിയാഴ്ച പാതിരാകുര്‍ബാനക്കിടയിലായിരുന്നു ജോണ്‍ ഓഗായെ ഫ്രാന്‍സിസ് പാപ്പ ജ്ഞാനസ്നാനപ്പെടുത്തിയത്. ഏതാണ്ട് പതിനായിര­ത്തോളം പേര്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. നണ്‍സിയോ കാര്‍ബോണെ എന്ന ഇറ്റാലിയന്‍ പോലീസ്‌ ക്യാപ്റ്റനായിരുന്നു ജോണിന്റെ ജ്ഞാനസ്നാന പിതാവ്‌.

നൈജീരിയന്‍ അഭയാര്‍ത്ഥിയായ ജോണ്‍ ഓഗാ കഴിഞ്ഞ വര്‍ഷം ഇറ്റാലിയന്‍ മാധ്യമങ്ങളിലെ പ്രധാന തലക്കെട്ടായിരുന്നു. ഒരു വീരപരിവേഷമാണ് ഓഗാക്ക് ഇറ്റലിയിലുള്ളത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ റോമിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിനു മുന്‍പില്‍ ഭിക്ഷ യാചിച്ചുകൊണ്ടിരിക്കെ കത്തിയുമായെത്തിയ 37 കാരനായ ഇറ്റാലിയന്‍ മോഷ്ടാവിന്റെ മോഷണ ശ്രമം അദ്ദേഹം ധീരമായി പരാജയപ്പെടുത്തുകയായിരിന്നു. പോലീസ്‌ വരുന്നവരെ മോഷ്ടാവിനെ രക്ഷപ്പെടുവാനും ജോണ്‍ അനുവദിച്ചില്ല. നിയമപരമായി ഇറ്റലിയില്‍ താമസിക്കുന്നതിന് വേണ്ട രേഖകള്‍ ഇല്ലാത്തതിനാല്‍ പോലീസ്‌ എത്തിയപ്പോഴേക്കും ജോണ്‍ സ്ഥലം കാലിയാക്കിയെങ്കിലും സി‌സി‌ടി‌വി ദൃശ്യങ്ങളില്‍ നിന്നുമാണ് ഓഗായുടെ വീരകൃത്യം ലോകം അറിഞ്ഞത്.

ധീരതയുടേയും, നല്ല പൗരത്വത്തിന്റേയും ഉത്തമ ഉദാഹരണമായി ജോണ്‍ ഓഗാ പിന്നീട് മാറുകയായിരിന്നു. ജ്ഞാനസ്നാന പിതാവായ കാര്‍ബോണെയും സഹപ്രവര്‍ത്തകരായ പോലീസ്‌കാരും ചേര്‍ന്നാണ് ജോണിന് നിയമപരമായി ഇറ്റലിയില്‍ തുടരുവാന്‍ വേണ്ട രേഖകള്‍ ശരിയാക്കിയത്. ഒരു സന്നദ്ധ സംഘടനയുടെ വേര്‍ഹൗസിലാണ് ജോണ്‍ ഓഗ ഇപ്പോള്‍ ജോലി ചെയ്യുന്നത്. വിശുദ്ധ വാരത്തിലെ ശനിയാഴ്ച പാതിരാകുര്‍ബാനക്കിടയില്‍ പുതിയ അംഗങ്ങളെ ജ്ഞാനസ്നാനപ്പെടുത്തുന്നത് മാര്‍പാപ്പയുടെ പതിവാണ്. ജോണ്‍ ഓഗായെ കൂടാതെ ഏഴോളം പേര്‍ക്കും കഴിഞ്ഞ ദിവസം പാപ്പ ജ്ഞാനസ്നാനം നല്കി.


Related Articles »