News - 2024

റോമിലെ ട്രെവി ജലധാര പാവങ്ങളുടെ സഹായത്തിനായി ഉപയോഗിക്കുന്നത് തുടരും

സ്വന്തം ലേഖകന്‍ 05-04-2018 - Thursday

വത്തിക്കാന്‍ സിറ്റി: റോമിലെ പ്രസിദ്ധമായ ട്രെവി ജലധാരയില്‍ വിനോദസഞ്ചാരികള്‍ എറിയുന്ന നാണയങ്ങള്‍ ശേഖരിച്ച് നഗരത്തിലെ പാവങ്ങളുടെ സഹായത്തിനായി ഉപയോഗിക്കുവാന്‍ കാരിത്താസ് റോമിനെ അനുവദിക്കുന്ന ഉടമ്പടിയുടെ കാലാവധി റോമന്‍ സിറ്റി കൗണ്‍സില്‍ നീട്ടിനല്‍കി. ഇക്കഴിഞ്ഞ മാര്‍ച്ച് 29-നാണ് ഉടമ്പടി നീട്ടി നല്‍കുവാന്‍ കൗണ്‍സില്‍ തീരുമാനിച്ചത്. ഇതോടെ നഗരത്തിലെ നിര്‍ധനരുടെ ആശങ്കകള്‍ക്ക് താല്‍ക്കാലിക വിരാമമായി. ട്രെവി ജലധാരയില്‍ ദശലക്ഷണക്കിന് തീര്‍ത്ഥാടകര്‍ എറിയുന്ന നാണയങ്ങള്‍ ശക്തമായ വാക്വം പമ്പുകള്‍ ഉപയോഗിച്ച് ആഴ്ചതോറും ശേഖരിച്ച് നഗരത്തിലെ പാവങ്ങളുടെ ഭക്ഷണത്തിനും പാര്‍പ്പിടത്തിനുമായി കാരിത്താസ് വിനിയോഗിച്ചു വരികയായിരുന്നു.

20 വര്‍ഷത്തേക്ക് ഈ ജലധാരയിലെ ലാഭമെടുക്കുന്നതിന് കാരിത്താസിന് സിറ്റി കൗണ്‍സില്‍ അനുവാദം നല്‍കിയിരുന്നുവെങ്കിലും, സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന്‍ നഗരത്തിലെ വിവിധ പദ്ധതികള്‍ക്ക് ഈ പണം ഉപയോഗിക്കുന്നതിനായി കാരിത്താസുമായുള്ള ഉടമ്പടി റദ്ദാക്കുവാന്‍ സിറ്റി കൗണ്‍സില്‍ തീരുമാനിച്ചതോടെ പാവപ്പെട്ടവര്‍ ആശങ്കയിലായി. എന്നാല്‍ പിന്നീട് സിറ്റി കൗണ്‍സില്‍ ഉടമ്പടി റദ്ദാക്കുവാനുള്ള തീരുമാനം തല്‍ക്കാലത്തേക്ക് ഉപേക്ഷിക്കുകയായിരുന്നു.

ഉടമ്പടി റദ്ദാക്കുവാനുള്ള തീരുമാനം നീട്ടിവെച്ച സിറ്റി കൗണ്‍സിലിന്റെ നടപടിയെ കാരിത്താസ് റോമിന്റെ ഡയറക്ടറായ മോണ്‍. എന്‍റിക്കോ ഫെറോസി സ്വാഗതം ചെയ്തു. ഉത്തരവാദിത്വം, സുതാര്യത, സേവനത്തിനും സാക്ഷ്യത്തിനുമുള്ള സന്നദ്ധത ഇതാണ് തങ്ങളെ ഇക്കാലമത്രയും ഈ നല്ലക്കാര്യത്തില്‍ നയിച്ചിരുന്നതെന്ന് മോണ്‍. ഫെറോസി വ്യക്തമാക്കി. വിനോദസഞ്ചാരികള്‍ എറിയുന്ന പണം അവരറിയാതെ തന്നെ ഒരു നല്ലകാര്യത്തിനായി ഉപയോഗിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏതാണ്ട് 17 ലക്ഷത്തോളം ഡോളറാണ് 2016-ല്‍ മാത്രം വിനോദസഞ്ചാരികള്‍ മനോഹരമായ ജലധാരയില്‍ നിക്ഷേപിച്ചതെന്ന് കാരിത്താസ് റോം പറയുന്നു. കുറഞ്ഞത് ഈ വര്‍ഷം അവസാനം വരെയെങ്കിലും ട്രെവിയിലെ പണം റോമിലെ പാവങ്ങളുടെ ഉന്നമനത്തിനായി വിനിയോഗിക്കുവാന്‍ കഴിയുമെന്നാണ് കാരിത്താസിന്റെ പ്രതീക്ഷ.


Related Articles »