News - 2025
"ധൈര്യമായിരിക്കൂ, നമുക്ക് ഒരുമിച്ചു മുന്നേറാം"; പാവങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പയുടെ വിരുന്ന്
പ്രവാചകശബ്ദം 18-11-2024 - Monday
വത്തിക്കാന്‍ സിറ്റി: പാവപ്പെട്ടവരുടെ ആഗോള ദിനത്തിൽ, വത്തിക്കാനില്‍ പാവങ്ങൾക്കു വിരുന്നൊരുക്കി അവരോടൊപ്പം ഉച്ചഭക്ഷണം കഴിച്ച് ഫ്രാൻസിസ് പാപ്പ. വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ ഇറ്റാലിയൻ റെഡ് ക്രോസ് സംഘടനയുടെയും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെയും ആഭിമുഖത്തില്‍ ആയിരത്തിമുന്നൂറിലധികം പേര്‍ക്കാണ് ഉച്ചഭക്ഷണം ഒരുക്കിയത്. വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ ദേവാലയത്തിൽ ഫ്രാന്‍സിസ് പാപ്പ വിശുദ്ധ ബലിയർപ്പിച്ചതിന് ശേഷമാണ് പോൾ ആറാമൻ ഹാളില്‍ ഉച്ചഭക്ഷണം വിതരണം നടന്നത്. ക്ഷണിക്കപ്പെട്ട 1300 പേർ സിനഡൽ അസംബ്ലിയെ അനുസ്മരിപ്പിക്കുന്ന വൃത്താകൃതിയിലുള്ള മേശകൾക്ക് ചുറ്റുമുള്ള കസേരകളിൽ ഇരുപ്പുറപ്പിച്ചിരിന്നു.
വിരുന്നിന്റെ അവസരത്തിൽ, റെഡ് ക്രോസ്സ് അംഗങ്ങൾ സംഗീതമാലപിച്ചു സദസിനെ ഉണർത്തി. സമൂഹത്തിലെ വിവിധ നിലകളിൽ സേവനം അനുഷ്ഠിക്കുന്നവരും, വിവിധ പ്രായക്കാരുമായ നിരവധി സന്നദ്ധപ്രവർത്തകർ ചേർന്നാണ് വിരുന്നിനുള്ള ക്രമീകരണങ്ങൾ ചെയ്തത്. പാപ്പായുടെ ഉപവിപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കർദ്ദിനാൾ ക്രജേവ്സ്കിയും ഭക്ഷണം വിതരണം ചെയ്യാന്‍ സന്നദ്ധപ്രവർത്തകരോടൊപ്പം ഉണ്ടായിരുന്നു. വ്യക്തിഗത ശുചിത്വ സാമഗ്രികളും സമ്മാനങ്ങളൂം പങ്കെടുത്തവർക്ക് പാപ്പ നൽകിയിരിന്നു. വിരുന്നിന്‍റെ സമാപനത്തില്‍ "ധൈര്യമായിരിക്കൂ, നമുക്ക് ഒരുമിച്ചു മുന്നേറാം", എന്ന പാപ്പയുടെ വാക്കുകൾ ഹർഷാരവത്തോടെയാണ് ആളുകൾ സ്വീകരിച്ചത്.
2016-ലാണ് ദരിദ്രരോടുള്ള തന്റെ അനുകമ്പയുടെ പ്രതീകമായി ആഗോള ദരിദ്രര്‍ക്കായുള്ള ദിനം ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചത്. റോമിലെ ദരിദ്രരെ വത്തിക്കാനിലേക്ക് തന്നോടൊപ്പം ഭക്ഷണം കഴിക്കാനും അവരുമായി സമയം ചെലവിടുവാനും പാപ്പ ഈ ദിവസം മാറ്റിവെക്കാറുണ്ട്. ചികിത്സ സഹായവും മറ്റും നല്‍കുന്നതും ആചരണത്തിന്റെ ഭാഗമാണ്. എല്ലാ വർഷവും ക്രിസ്തുവിന്റെ രാജത്വ തിരുനാളിന് ഒരാഴ്ച മുന്‍പാണ് ആചരണം നടക്കുന്നത്. കഴിഞ്ഞ വർഷം, ഇതേ ദിനത്തില്‍ ഏകദേശം 1,200 പേര്‍ക്ക് ഉച്ചഭക്ഷണം ലഭ്യമാക്കിയിരിന്നു.
Posted by Pravachaka Sabdam on