Meditation. - February 2024

നമ്മുടെ വ്യക്തിസ്വാതന്ത്ര്യത്തെ എങ്ങനെ ശരിയായി വിനിയോഗിക്കാം?

സ്വന്തം ലേഖകന്‍ 07-02-2024 - Wednesday

"എന്നാൽ സ്വാതന്ത്ര്യം തിന്മയുടെ ആവരണം ആക്കരുത്; മറിച്ച്, ദൈവത്തിന്റെ ദാസരെ പോലെ ജീവിക്കുവിൻ" (1 പത്രോസ്സ് 2:16)

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 7

മിക്ക തൊഴില്‍ മേഖലകളിലെയും പ്രശ്നങ്ങളുടെ കാരണം 'എന്റെ വ്യക്തിസ്വാതന്ത്ര്യം' എന്ന നമ്മുടെ സംസ്കാരത്തിന്റെ തെറ്റായ നിർവ്വചനം ആണ്. മറ്റൊരാളുടെ പ്രവര്‍ത്തികളെ, അതിന്‍റെ ഉദ്ദേശശുദ്ധി പരിഗണിക്കാതെ എതിർക്കുന്നതാണ് സ്വാതന്ത്ര്യമെന്ന് പലരും ധരിച്ചു വച്ചിരിക്കുന്നു. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുക എന്നത് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ലംഘനം ആയി നാം കാണുന്നു. നമ്മുടെ ജന്മവാസനകളെയും, വികാരങ്ങളെയും നിയന്ത്രിക്കുന്നത്‌ പോലും നമ്മുടെ വ്യക്തിപരമായ സ്വാതന്ത്ര്യ ലംഘനം ആണെന്നു നമ്മൾ കരുതുന്നു.

വാസ്തവത്തിൽ, സ്വാതന്ത്ര്യമെന്നു പറയുന്നത് പിരിമുറുക്കമോ, സമ്മർദങ്ങളോ ഇല്ലാതെ നല്ലത് തിരഞ്ഞെടുക്കുവാനുള്ള കഴിവാണ്. ശരിയേത്, തെറ്റേത് എന്ന് വിവേചിച്ച് നിര്‍ണ്ണയിക്കുവാനുള്ള സ്വാതന്ത്ര്യമാണ് നമ്മുടെ വ്യക്തിസ്വാതന്ത്ര്യം. എന്നാൽ, ഈ സ്വാതന്ത്ര്യം നമ്മൾ ദുർവിനിയോഗം ചെയ്യാതിരിക്കുക. കാരണം വ്യക്തിസ്വാതന്ത്ര്യത്തിന്റെ ദുര്‍വിനിയോഗം സ്വാതന്ത്ര്യം ദുർബ്ബലമാവുകയും, വ്യവസ്ഥിതികൾക്ക് അടിമപെടാന്‍ കാരണമാകുന്നു. ധാർമിക മൂല്യങ്ങളുടെ അതിർവരമ്പുകൾ നമ്മൾ കൃത്യമായി നിശ്ചയിച്ചിരിക്കണം.

നമ്മൾ ചെയ്യുന്ന തിന്മയ്ക്കും, ചെയാതിരിക്കുന്ന നന്മയ്ക്കും, ദൈവസന്നിധിയില്‍ നാം കണക്ക് കൊടുത്തേ മതിയാകൂ. അത്കൊണ്ട് തന്നെ നമ്മിലെ ധാര്‍മ്മിക ബോധം ഒരുവട്ടം കൂടി പുനരുജ്ജീവിപ്പിക്കേണ്ടിയിരിക്കുന്നു. നമ്മില്‍ സാമൂഹിക ഭദ്രതയും, നീതിയും നിലനിൽക്കണമെങ്കിൽ വ്യക്തിസ്വാതന്ത്ര്യം ശരിയായ വിധത്തില്‍ വിനിയോഗിക്കേണ്ടിയിരിക്കുന്നു. ഉല്പ്പത്തി പുസ്തകത്തിന്റെ ആദി താളുകളിൽ എഴുതപ്പെട്ടിരിക്കുന്ന ആദത്തിന്റെ വ്യക്തിസ്വാതന്ത്ര്യ ദുര്‍വിനിയോഗം പോലെ ആവരുത് നമ്മുടെ ജീവിതം.

യേശു ക്രിസ്തുവിനാൽ വീണ്ടെടുക്കപ്പെട്ടവർ ആയതു കൊണ്ട് നമ്മൾ സ്വതന്ത്രരും, ഉത്തരവാദിത്വം ഉള്ളവരും ആയിരിക്കണം. നമ്മുടെ സ്വാതന്ത്ര്യത്തെ നമ്മൾ അഭ്യസ്സിപ്പിക്കേണ്ടിയിരിക്കുന്നു. ശരിയും തെറ്റുമെതെന്ന് യാഥാസ്ഥിക ബോധത്തോടെ തിരഞ്ഞെടുക്കാന്‍ നാം പഠിക്കണം. ദൈവത്തിന്റെ സൃഷ്ടികളായ നമ്മൾ അവിടുത്തേക്ക് അനുയോജ്യം അല്ലാത്തത് നിരാകരിക്കുകയും തള്ളികളയുകയും വേണം. ഒന്നു നാം മനസ്സിലാക്കിയേ തീരൂ, യേശുക്രിസ്തുവിന്റെ കുരിശുമരണവും അവിടുത്തെ വീണ്ടെടുപ്പുമാണ്, നമ്മുടെ സ്വാതന്ത്ര്യത്തിന്റെയും ചിന്തകളുടെയും വേരും അടിസ്ഥാനവും.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാർപാപ്പ, യു എസ്സ്‌ എ, 11.10.1987)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »