News - 2025

ഇംഗ്ലണ്ടിലെ ദേവാലയത്തിൽ ആക്രമണം നടത്തിയ സാത്താന്‍ സേവകനെ പിടികൂടി

സ്വന്തം ലേഖകന്‍ 08-04-2018 - Sunday

ലണ്ടൻ: ഇംഗ്ലണ്ടിലെ ഗ്രേറ്റ് യാർമോത്തിലെ സെന്‍റ് മേരീസ് ദേവാലയത്തിൽ വിശുദ്ധവാര ശുശ്രൂഷകൾക്കിടെ ആക്രമണം നടത്തിയ സാത്താന്‍ പ്രവര്‍ത്തകനെ പിടികൂടി. സംഭവത്തിൽ കൗമാരക്കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മാർച്ച് 29 നാണ് റീജന്റ് റോഡിലെ ദേവാലയത്തിൽ സാത്താൻ സേവക്കാരന്റെ അതിക്രമം നടന്നത്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം ദേവാലയത്തിൽ പ്രവേശിച്ച അക്രമി അൾത്താരയിലെ തിരുസ്വരൂപം കത്തിക്കുവാന്‍ ശ്രമം നടത്തുകയും സാത്താൻ ചിത്രം അൾത്താരയിൽ പ്രതിഷ്ഠിക്കുകയുമായിരിന്നു.

ഈസ്റ്റ് ആഗ്ലിയ ബിഷപ്പ് അലൻ ഹോപ്പ്സ്, ഇടവക വികാരി ഫാ. അന്തോണി നവൻകവോ എന്നിവർ സംഭവത്തിൽ ഖേദം രേഖപ്പെടുത്തി. വിശുദ്ധ വാരത്തിൽ നടന്ന അക്രമണം വേദനാജനകമാണെന്ന് ബിഷപ്പ് ഹോപ്പ്സ് പറഞ്ഞു. ക്രൈസ്തവരെന്ന നിലയിൽ സാത്താൻ സേവക്കാരുടെ പ്രവര്‍ത്തികള്‍ക്ക് മാപ്പ് നല്കാനും സംഭവം ആവർത്തിക്കപ്പെടാതിരിക്കാൻ ശക്തമായ പ്രാർത്ഥന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സാത്താൻ സേവക്കാരുടെ പ്രവർത്തി ഭയാനകമാണെന്നും അൾത്താരയിൽ നിന്നും പൈശാചിക ചിത്രം നീക്കം ചെയ്ത് വിശുദ്ധ ജലം തളിച്ച് വിശുദ്ധീകരണ പ്രാർത്ഥനകൾ ചൊല്ലിയെന്നും ഇടവക വികാരി ഫാ. അന്തോണി പറഞ്ഞു.

ദേവാലയത്തിന് നേരെ നടന്ന ആക്രമണം ക്രൈസ്തവരോടുള്ള പ്രതിഷേധമാകാമെന്നും എന്നാൽ ഇത്തരമൊരു ആക്രമണത്തിൽ സഭ അടിപതറില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ദേവാലയത്തെയും അൾത്താരയെയും അപമാനിക്കുവാനുള്ള ശ്രമങ്ങള്‍ സാത്താന്‍ സേവക്കാര്‍ നേരത്തെയും ഈ ദേവാലയത്തില്‍ നടത്തിയിരിന്നു. മാസങ്ങൾക്ക് മുൻപ് പൈശാചിക ചിത്രം ദേവാലയത്തിലെ കുരിശിന് താഴെ സ്ഥാപിക്കുകയായിരിന്നു. ദേവാലയം പുനഃപ്രതിഷ്ഠ നടത്താനും അക്രമികളോട് ക്ഷമിച്ച് അവരുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കാനും ഇടവകാംഗങ്ങൾ തീരുമാനമെടുത്തതായി ഫാ.അന്തോണി അറിയിച്ചു.


Related Articles »