News - 2025

മലയാളി സിസ്റ്റര്‍ക്ക് യുപി സര്‍ക്കാരിന്റെ ഉന്നത പുരസ്‌കാരം

സ്വന്തം ലേഖകന്‍ 09-04-2018 - Monday

വാരാണസി: 1977-ല്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിലെ മൗ എന്ന ഗ്രാമത്തിലെത്തി സാധാരണക്കാരില്‍ സാധാരണക്കാരായ സമൂഹത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച് ചികിത്സയും സാന്ത്വനവും നല്‍കിയ മലയാളി സിസ്റ്റര്‍ക്ക് യുപി സര്‍ക്കാരിന്റെ ഉന്നത പുരസ്‌കാരം. മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് അംഗമായ ഡോ. സിസ്റ്റര്‍ ജൂഡിനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉന്നത അവാര്‍ഡായ ഝാന്‍സി റാണി വീര പുരസ്‌കാരം നല്കിയത്. കഴിഞ്ഞ ദിവസം യു‌പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുരസ്ക്കാരം സമ്മാനിച്ചു. മലയാറ്റൂര്‍ വെള്ളാനിക്കാരന്‍ ഡോ. ദേവസിയുടെയും അന്നംകുട്ടിയുടെയും പത്ത് മക്കളില്‍ ഒരാളാണ് സിസ്റ്റര്‍ ജൂഡ്.

ഡല്‍ഹിയിലെ ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളേജില്‍ നിന്ന് ഗൈനക്കോളജിയില്‍ എം.ഡി. കഴിഞ്ഞിറങ്ങിയ സിസ്റ്ററിനെ 1977-ലാണ് മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് സന്ന്യാസ സമൂഹം ഉത്തര്‍പ്രദേശിലെ മൗവിലേക്ക് അയച്ചത്. കിഴക്കന്‍ യു.പിയിലെ മൗ എന്ന ഗ്രാമത്തിലെ ഫാത്തിമ ഡിസ്‌പെന്‍സറിയിലേക്ക് സിസ്റ്റര്‍ ഡോ. ജൂഡ് എത്തുമ്പോള്‍ കിടക്കകളുള്ള ഒരു ആശുപത്രി പരിസരത്തെങ്ങും ഉണ്ടായിരുന്നില്ല. നിരക്ഷരരുടെ ഈ മേഖലയില്‍ പിടിച്ചുപറിയും കൊള്ളയും വ്യാപകമായിരിന്നു. ഈ അന്തരീക്ഷത്തെ പ്രതീക്ഷയുടെ കേന്ദ്രമാക്കി മാറ്റുവാന്‍ സിസ്റ്ററുടെ പ്രവര്‍ത്തനത്തിലൂടെ സാധ്യമാകുകയായിരിന്നു. ആദ്യകാലത്ത് ഏറ്റവും ഗുരുതരമാകുന്ന സ്ഥിതിയിലെ ഗ്രാമീണര്‍ ആശുപത്രിയിലെത്തിയിരുന്നുള്ളൂവെന്ന് സിസ്റ്റര്‍ വെളിപ്പെടുത്തി.

382 രോഗികളെവരെ ഒരു ദിവസം നോക്കിയിട്ടുണ്ട്. ഇപ്പോള്‍ 200 കഴിഞ്ഞാല്‍ ബാക്കി അസിസ്റ്റന്റുമാര്‍ക്ക് കൈമാറുകയാണ് 76-കാരിയായ സിസ്റ്റര്‍.15 സിസേറിയന്‍ ശസ്ത്രക്രിയകള്‍ ചെയ്ത ദിവസുണ്ട്. ഇതുവരെ അമ്പതിനായിരത്തോളം ശസ്ത്രക്രിയകള്‍ ചെയ്തിട്ടുണ്ടാവുമെന്ന് സിസ്റ്റര്‍ പറയുന്നു. സാധാരണക്കാരുടെ പ്രദേശമായതിനാല്‍ ചികിത്സാച്ചെലവുകള്‍ വളരെക്കുറവാണ് അവിടെ. നിര്‍ധനര്‍ക്കും ആലംബഹീനര്‍ക്കും ഇടയില്‍ ക്രിസ്തുവിന്റെ കരുണയുടെ സുവിശേഷം പ്രഘോഷിക്കുകയാണ് ഇന്ന് സിസ്റ്റര്‍ ജൂഡ്. ടിന അംബാനിയുടെ നേതൃത്വത്തില്‍ നല്‍കുന്ന സീനിയര്‍ സിറ്റിസണ്‍ അവാര്‍ഡ് സിസ്റ്റര്‍ ജൂഡ് നേരത്തെ കരസ്ഥമാക്കിയിരിന്നു.


Related Articles »