News - 2025

ഉത്തര കൊറിയയെ സുവിശേഷവത്ക്കരിക്കുവാന്‍ ജീവന്‍ പണയം വച്ച് മിഷ്ണറിമാര്‍

സ്വന്തം ലേഖകന്‍ 09-04-2018 - Monday

തെക്കന്‍ ജിലിന്‍ (ചൈന): കടുത്ത ക്രൈസ്തവ മതപീഡനം നടക്കുന്ന ഉത്തരകൊറിയയെ സുവിശേഷവത്ക്കരിക്കുവാന്‍ ജീവന്‍ പണയം വച്ച്കൊണ്ട് അതിര്‍ത്തി പ്രദേശങ്ങളിലെ മിഷ്ണറിമാര്‍. യേശുവിന്റെ വചനം ഉത്തരകൊറിയായില്‍ ആളിക്കത്തിക്കുന്നതിന് നിരവധിപേര്‍ തങ്ങളുടെ ജീവന്‍ പോലും വകവെക്കാതെ ഉത്തരകൊറിയയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ സുവിശേഷ പ്രഘോഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതിര്‍ത്തികളില്‍ തങ്ങള്‍ നല്‍കുന്ന വചനപ്രകാരം ഉത്തരകൊറിയക്കാര്‍ സ്വന്തം നാട്ടില്‍ ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കുമെന്ന പ്രതീക്ഷയോടെയാണ് മിഷ്ണറിമാര്‍ ഈ പ്രേഷിതവേല നടത്തി വരുന്നത്. തെക്കന്‍ കൊറിയക്കാരും, തലമുറകളായി ചൈനയില്‍ താമസിച്ചുവരുന്ന കൊറിയന്‍ വംശജരുമാണ് സ്വജീവനെ വകവെക്കാതെ തീക്ഷ്ണതയോടെ ഉത്തരകൊറിയന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സുവിശേഷ വേല ചെയ്യുന്നത്.

മേഖലയിലുള്ള പത്തോളം പ്രേഷിത പ്രവര്‍ത്തകരാണ് സമീപകാലങ്ങളില്‍ ദുരൂഹമായ രീതിയില്‍ കൊലചെയ്യപ്പെട്ടിട്ടുള്ളതെന്ന്‍ സിയോള്‍ ആസ്ഥാനമായ ‘ചോസണ്‍ പ്യൂപ്പിള്‍ നെറ്റ്വര്‍ക്ക്’ എന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയുടെ തലവനായ റവ. കിം ക്യോ ഹോ വെളിപ്പെടുത്തി. കൊറിയന്‍ വംശജനായ ചൈനീസ് പാസ്റ്ററായ ഹാന്‍ ചുങ്ങ്-റിയോളിന്റെ കൊലപാതകത്തിനെ പിന്നിലും ഉത്തരകൊറിയയാണെന്ന ആരോപണം ശക്തമായി ക്കഴിഞ്ഞു.ഉത്തരകൊറിയയുടെ അതിര്‍ത്തി രാജ്യവും മതസ്വാതന്ത്ര്യത്തിന് ശക്തമായ നിയന്ത്രണങ്ങളുള്ള ചൈനയില്‍ ഇതിനോടകം തന്നെ നിരവധി ക്രിസ്ത്യന്‍ മിഷ്ണറിമാരെ കൊലപ്പെടുത്തുകയും നാടുകടത്തുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഇരുപതു വര്‍ഷമായി നോര്‍ത്ത് കൊറിയന്‍, ചൈനീസ് അധികാരികള്‍ തന്നെ നിരീക്ഷിച്ചുവരികയാണെന്ന് രഹസ്യമായി സുവിശേഷ വേല ചെയ്തുവരുന്ന ‘മോം’ എന്ന പേരില്‍ അറിയപ്പെടുന്ന അറുപത്തിയൊന്‍പതുകാരി പറയുന്നു. ഉത്തര കൊറിയന്‍ സന്ദര്‍ശകര്‍ക്കും, ഉത്തരകൊറിയയില്‍ നിന്നും ഒളിച്ചോടി വരുന്നവര്‍ക്കും അതിര്‍ത്തി പ്രദേശങ്ങളിലെ സുവിശേഷകര്‍ താമസവും ഭക്ഷണവും രഹസ്യമായി താമസിക്കുവാന്‍ ഇടവും നല്‍കുന്നുണ്ട്. ഈ സമയങ്ങളില്‍ യേശുവിന്റെ വചനം പങ്കുവെക്കുകയാണ് അവര്‍ ചെയ്യുന്നത്.

എന്നാല്‍ തങ്ങളുടെ ന്യൂക്ലിയര്‍ പദ്ധതിയെകുറിച്ചുള്ള വിവരണശേഖരണത്തിനായി ദക്ഷിണ കൊറിയ ക്രിസ്ത്യന്‍ മിഷ്ണറിമാരെ ചാരന്‍മാരായി ഉപയോഗിക്കുന്നുവെന്നാണ് ഉത്തരകൊറിയ ആരോപിക്കുന്നത്. ഇതിന്റെ പേരില്‍ രണ്ട് പാസ്റ്റര്‍മാരെ ഉത്തരകൊറിയ നാടുകടത്തിയിരുന്നു. നിയന്ത്രണങ്ങള്‍ നിരവധിയാണെങ്കിലും ജീവിക്കുന്ന വചനത്തെ പതിനായിരങ്ങളിലേക്ക് എത്തിക്കുവാന്‍ ശ്രമിക്കുകയാണ് അതിര്‍ത്തി പ്രദേശങ്ങളിലെ മിഷ്ണറിമാര്‍.


Related Articles »