News - 2025
സാത്താന്‍ മിഥ്യയല്ല, യാഥാര്‍ത്ഥ്യം: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 10-04-2018 - Tuesday
വത്തിക്കാന്‍ സിറ്റി: സാത്താന്‍ എന്നത് വെറുമൊരു പ്രതീകമല്ലായെന്നും മറിച്ച് യാഥാര്‍ത്ഥ്യമാണെന്നും ഫ്രാന്‍സിസ് പാപ്പ. 'ഗൗദെത്തെ എത് എക്‌സുല്‍തേത്ത്' അഥവാ ‘ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍’ എന്ന തന്റെ പുതിയ അപ്പസ്തോലിക പ്രബോധനത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞിട്ടുള്ളത്. സാത്താന്‍ എന്നത് ഒരു മിഥ്യാധാരണയോ, പ്രതീകമോ, രൂപമോ അല്ലെങ്കില്‍ ആശയമോ ആയി നമ്മള്‍ കാണുന്നത് തന്നെ തെറ്റാണെന്നും തിന്മയുടെ രാജകുമാരനായ സാത്താനോടുള്ള നിരന്തരമായ പോരാട്ടമാണ് വിശുദ്ധിയിലേക്കുള്ള വഴിയെന്നും മാര്‍പാപ്പ തന്റെ അപ്പസ്തോലിക ആഹ്വാനത്തില്‍ ചൂണ്ടിക്കാട്ടി.
ദൈവം നമ്മുക്ക് നല്‍കിയിരിക്കുന്ന സംരക്ഷണം ഇല്ലാതാകുന്നതിനും അതുവഴി സാത്താനിക ആക്രമണങ്ങള്‍ക്ക് എളുപ്പത്തില്‍ ഇരയാകുന്നതിനും ഈ തെറ്റ് വഴിവെക്കും. നമ്മള്‍ പിശാച് ബാധിതരാകണമെന്ന് ഇതിനര്‍ത്ഥമില്ല, എങ്കിലും നമ്മുടെ ഉള്ളില്‍ വെറുപ്പിന്റേയും, വിദ്വേഷത്തിന്റേയും, അസൂയയുടേയും, കാപട്യത്തിന്റേയും വിഷം കുത്തിവെക്കുവാന്‍ സാത്താന് സാധിക്കും. പ്രാര്‍ത്ഥനയും, കൂദാശകളും, കാരുണ്യ പ്രവര്‍ത്തികളും വഴി മാത്രമേ മുന്നോട്ടുള്ള നമ്മുടെ യാത്ര സാധ്യമാവുകയുള്ളൂ. ഒരു ക്രിസ്ത്യാനിയുടെ വിജയം എന്ന് പറയുന്നത് എപ്പോഴും കുരിശ് തന്നെയാണെന്നും അതേസമയം തന്നെ, സാത്താനെതിരെയുള്ള പോരാട്ടത്തിലെ വിജയത്തിന്റെ പ്രതീകം കൂടിയാണ് കുരിശെന്നും പാപ്പ അപ്പസ്തോലിക ആഹ്വാനത്തില്‍ കുറിച്ചു.
ഫ്രാന്‍സിസ് പാപ്പ പത്രോസിന്റെ സിംഹാസനത്തില്‍ എത്തിയ കാലം മുതല്‍ക്കേ തന്നെ സാത്താനെകുറിച്ചും, അവന്റെ കുടിലതകളെ കുറിച്ചും, നരകത്തെ കുറിച്ചും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി വരികയാണ്. സമീപകാലത്ത് ഇറ്റാലിയന്‍ ദിനപത്രമായ ‘ലാ റിപ്പബ്ലിക്കാ’യുടെ സഹസ്ഥാപകനും, മുന്‍ എഡിറ്ററുമായ യൂജിനിയോ സ്കാല്‍ഫാരി- നരകം ഇല്ലെന്നും, പാപം ചെയ്തവരാരും നരകത്തില്‍ പോകുന്നില്ലെന്നും പാപ്പ ഒരഭിമുഖത്തില്‍ തന്നോടു പറഞ്ഞതായി വാദിച്ചിരിന്നു. ഇക്കാര്യം പിന്നീട് വത്തിക്കാന്‍ പൂര്‍ണ്ണമായും നിഷേധിച്ചു. ഈ സാഹചര്യത്തില്‍ നരകത്തെകുറിച്ചും സാത്താനെകുറിച്ചും ഓര്‍മ്മപ്പെടുത്തലുള്ള പാപ്പായുടെ പുതിയ അപ്പസ്തോലിക ലേഖനത്തിന് പ്രത്യേക പ്രാധാന്യമാണുള്ളത്.