News - 2024

നേപ്പാള്‍ ജനതയ്ക്ക് 4825 വീടുകള്‍ സമ്മാനിച്ചുകൊണ്ട് കത്തോലിക്ക സന്നദ്ധ സംഘടന

സ്വന്തം ലേഖകന്‍ 13-04-2018 - Friday

കാഠ്മണ്ഡു: 2015 ഏപ്രിലില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ സര്‍വ്വതും നഷ്ട്ടമായ നേപ്പാള്‍ ജനതയ്ക്ക് 4,825 പുതിയ വീടുകള്‍ സമ്മാനിച്ചുകൊണ്ട് കത്തോലിക്ക സന്നദ്ധ സംഘടന കാരിത്താസ്. കാരിത്താസിന്റെ നേപ്പാള്‍ വിഭാഗമാണ് മഹത്തായ ഈ കാരുണ്യ പ്രവര്‍ത്തിക്ക് ചുക്കാന്‍ പിടിച്ചത്. ഇതിനോടൊപ്പം 'ബംഗളൂരു കെയേഴ്‌സ് ഫോര്‍ നേപ്പാള്‍' എന്ന കൂട്ടായ്മ നിര്‍മിച്ച 60 വീടുകളും പാവങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. 3 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ ഭൂകമ്പത്തില്‍ പതിനായിരത്തോളം പേരാണ് മരിച്ചത്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമായിരുന്ന ദ്വാലക ജില്ലയിലെ താര്‍തുംഗ് ഗ്രാമത്തിലാണ് ബംഗളൂരു കെയേഴ്‌സ് കൂട്ടായ്മയുടെ മുഖ്യ സംഘാടകനായ ഫാ. ജോര്‍ജ് കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍ വീടുകള്‍ കൈമാറിയത്.

ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ 7,50,000 വീടുകളില്‍ 1,15,000 വീടുകളുടെ പുനരുദ്ധാരണം ലോകത്തിലെ 20 രാജ്യങ്ങളുടെ സഹായത്തോടെ പൂര്‍ത്തിയായതായി നേപ്പാള്‍ പുനരുദ്ധാരണ അഥോറിറ്റി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ യുവരാജ് ഭൂസാല്‍ വ്യക്തമാക്കി. ഭവന നിര്‍മ്മാണത്തിന് ലോകബാങ്ക്, ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങള്‍, കത്തോലിക്കാ സഭയുടെ സേവന പ്രസ്ഥാനമായ കാരിത്താസ് ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ സാന്പത്തിക സഹായം നല്‍കി. വിവിധ സന്നദ്ധ സംഘടനകളുടെ ശ്രമഫലമായി മാത്രം 20,000 വീടുകള്‍ നിര്‍മിച്ചു നല്‍കിയെന്നതും ശ്രദ്ധേയമാണ്.

ഭൂകമ്പം ഉണ്ടായതിന്റെ പിറ്റേന്ന് 2015 ഏപ്രില്‍ 15ന് തന്നെ ഫാ. കണ്ണന്താനവും സിബു ജോര്‍ജും കാഠ്മണ്ഡുവിലെത്തിയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വിദൂര ഗ്രാമങ്ങളില്‍ താത്കാലിക അഭയകേന്ദ്രങ്ങള്‍ നിര്‍മിച്ചു നല്‍കിയ തുടക്കം ബൃഹത്തായ പദ്ധതിയാക്കുകയായിരിന്നു. മൂന്നു ലക്ഷം രൂപം വീതം ചെലവിട്ടാണ് ഭൂകന്പം ചെറുക്കാനാകുന്ന ഉറച്ച വീടുകള്‍ നിര്‍മിച്ചു നല്‍കിയതെന്ന് ഫാ. ജോര്‍ജ് പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങളില്‍ ആദ്യം മുതല്‍ തന്നെ സഹായവുമായി കത്തോലിക്ക സംഘടനകള്‍ രംഗത്തുണ്ടായിരിന്നു.


Related Articles »