News - 2025

ദിവ്യകാരുണ്യത്തെ നിന്ദിക്കുന്ന ബി‌ബി‌സി വീഡിയോക്കെതിരെ പ്രതിഷേധം ശക്തം

സ്വന്തം ലേഖകന്‍ 16-04-2018 - Monday

എഡിന്‍ബറോ: യേശുവിന്റെ നിറസാന്നിധ്യമായ ദിവ്യകാരുണ്യത്തെ നിന്ദിക്കുന്ന തരത്തില്‍ ബിബിസി സ്കോട്ട്ലാന്‍റ് പുറത്തിറക്കിയ വീഡിയോയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തിരുവോസ്തിക്ക് കാര്‍ഡ്ബോര്‍ഡിന്റെ സ്വാദാണെന്നും വെറുപ്പിന്റെ ഗന്ധമാണെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോയില്‍ ദിവ്യകാരുണ്യത്തെ നിന്ദിക്കുന്നത്. ബി‌ബി‌സിയുടെ ക്രിസ്തീയ വിരുദ്ധതയെ കടുത്തഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് പ്രൈസ്ലിയിലെ മെത്രാനായ ജോണ്‍ കീനന്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. “സ്വവര്‍ഗ്ഗാനുരാഗ വിരുദ്ധത 2018-ല്‍” എന്ന തലക്കെട്ടോട് കൂടിയ വീഡിയോ ഇക്കഴിഞ്ഞ ഏപ്രില്‍ 9-നാണ് ബി.ബി.സി സ്കോട്ട്ലാന്റ് 'ബി‌ബി‌സി ദ സോഷ്യല്‍' എന്ന ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തത്.

പുരോഹിതനെപോലെയുള്ള ഒരാള്‍ ഒരു ചീസ് ബിസ്കറ്റ് തിരുവോസ്തി പോലെ ഉയര്‍ത്തി മുട്ട് കുത്തി കുരിശടയാളം വരച്ചുകൊണ്ട് നില്‍ക്കുന്ന ഒരു സ്ത്രീയുടെ അധരത്തില്‍ വെച്ചുകൊടുക്കുന്നതായാണ് രംഗം. ബിസ്കറ്റ് നാവില്‍ സ്വീകരിച്ച സ്ത്രീയെ കാണിച്ചിട്ട് “ഇതിന് കാര്‍ഡ്ബോര്‍ഡിന്റെ സ്വാദും, വിദ്വോഷത്തിന്റെ മണവും” ആണെന്ന് പറയുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. വാക്കുകളും പ്രതീകങ്ങളും വഴി ബിബിസി സ്കോട്ട്ലാന്റ് കത്തോലിക്ക സമൂഹത്തെ അപമാനിച്ചിരിക്കുകയാണെന്ന്‍ ബിഷപ്പ് ജോണ്‍ കീനന്‍ പറഞ്ഞു.

കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള ക്രിസ്ത്യാനികള്‍ സ്വവര്‍ഗ്ഗാനുരാഗികളോടുള്ള വിദ്വേഷം വളര്‍ത്തുകയാണെന്ന തെറ്റായ സന്ദേശമാണ് വീഡിയോ നല്‍കുന്നതെന്ന വിമര്‍ശനവുമായി എഡിന്‍ബറോയിലെ സെന്റ്‌ ആന്‍ഡ്ര്യൂസ് അതിരൂപതയും രംഗത്ത് വന്നിട്ടുണ്ട്. സ്വവര്‍ഗ്ഗാനുരാഗികളെ ബഹുമാനത്തോടും, അനുരജ്ഞനത്തോടും സ്വീകരിക്കണമെന്നും, അവര്‍ക്ക് നേരെയുള്ള വിവേചനപരമായ സമീപനം ഒഴിവാക്കണമെന്നുമാണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നതെന്നും അതിരൂപത ഓര്‍മ്മിപ്പിച്ചു.

സ്കോട്ട്ലന്റില്‍ മതവിദ്വേഷത്തിന്റെ അടിസ്ഥാനത്തിലുള്ള ആക്രമണങ്ങളുടെ ഇരകളില്‍ അന്‍പത്തിയേഴ് ശതമാനവും കത്തോലിക്കരാണെന്ന് കഴിഞ്ഞ മാസം സ്കോട്ടിഷ് സര്‍ക്കാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിന്നു. ബിബിസി സ്കോട്ട്ലന്റിന്റെ ക്രിസ്ത്യന്‍ വിരുദ്ധതയുടെ ഉത്തമ ഉദാഹരണമായിട്ടാണ് ഈ വീഡിയോയെ പൊതുവില്‍ വിലയിരുത്തുന്നത്. വീഡിയോ പിന്‍വലിച്ചു കത്തോലിക്ക സമൂഹത്തോട് മാപ്പ് പറയണമെന്നാണ് സഭാനേതൃത്വം ആവശ്യപ്പെടുന്നത്.


Related Articles »