News - 2024

കോര്‍വിയാലെക്കു നവോന്മേഷം സമ്മാനിച്ച് പാപ്പയുടെ ഇടയസന്ദര്‍ശനം

സ്വന്തം ലേഖകന്‍ 17-04-2018 - Tuesday

വത്തിക്കാന്‍ സിറ്റി: റോമിന്‍റെ പടിഞ്ഞാറെ അതിര്‍ത്തിയിലുള്ള കോര്‍വിയാലെയില്‍ കുരിശിന്‍റെ വിശുദ്ധ പൗലോസിന്‍റെ നാമത്തിലുള്ള ഇടവകയില്‍ ഫ്രാന്‍സിസ് പാപ്പയുടെ ഇടയസന്ദര്‍ശനം. റോമിന്‍റെ മെത്രാനെന്ന നിലയില്‍, മാര്‍പാപ്പായുടെ 2018-ലെ രണ്ടാമത്തെ ഇടയസന്ദര്‍ശനമാണ് ഇക്കഴിഞ്ഞ ഞായറാഴ്ച (ഏപ്രില്‍ 15) നടന്നത്. വൈകീട്ട് നാലുമണിയോടുകൂടി ദേവാലയത്തില്‍ എത്തിച്ചേര്‍ന്ന പാപ്പ അവിടെ ദിവ്യബലിയര്‍പ്പിച്ചു വചനസന്ദേശം നല്‍കി. ഓരോരുത്തര്‍ക്കും, അവരവരുടേതായ വേദനകളും മുറിവുകളും പ്രശ്നങ്ങളുമുണ്ടെങ്കിലും അത് പ്രത്യാശയ്ക്കും ആനന്ദത്തിനും തടസ്സമാകാന്‍ പാടില്ലായെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.

ഇടവക നിങ്ങള്‍ക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ കര്‍ത്താവു നിങ്ങളെ സ്നേഹിക്കുന്നുവെന്നതിനു തെളിവാണ്. അതു തീര്‍ച്ചയായും വേണ്ടതാണ്. ആവശ്യത്തിലിരിക്കുന്നവരാണ്, ഇടവകയുടെ കേന്ദ്രം, അതാണ് സുവിശേഷത്തിന്‍റെ കേന്ദ്രം. എനിക്കറിയാം, നിങ്ങളില്‍ ഓരോരുത്തര്‍ക്കും, അവരവരുടേതായ വേദനകളും മുറിവുകളും, പ്രശ്നങ്ങളുമുണ്ട്. എന്നിരുന്നാലും, നിങ്ങളുടെ പ്രത്യാശയ്ക്കും ആനന്ദത്തിനും ഇതൊന്നും തടസ്സമായിക്കൂടാ, എന്തെന്നാല്‍ യേശു വന്നത്, അവന്‍റെ മുറിവുകളാല്‍ നിങ്ങളുടെ മുറിവുകളെ സൗഖ്യമാക്കുന്നതിനാണ്. പാപ്പ പറഞ്ഞു.

സന്ദര്‍ശനത്തിന് ഇടയില്‍ കുട്ടികളുമായി പാപ്പ സംവാദം നടത്തിയത് ശ്രദ്ധേയമായിരിന്നു. "മാമ്മോദീസ സ്വീകരിച്ചവര്‍ ദൈവമക്കളായിത്തീരുന്നു. എന്നാല്‍ ആ കൂദാശ സ്വീകരിക്കാത്തവര്‍ ദൈവത്തിന്‍റെ മക്കളല്ലേ" എന്ന ഒരു കുട്ടിയുടെ ചോദ്യത്തിനുത്തരമായി പാപ്പ പറഞ്ഞത് ഇപ്രകാരമായിരിന്നു, "എല്ലാവരും ദൈവമക്കളാണ്. എന്നാല്‍, മാമോദീസ സ്വീകരിക്കുന്നവര്‍, പരിശുദ്ധാത്മാവിനെ സ്വീകരിച്ചുകൊണ്ട്, ദൈവഭവനത്തില്‍ പ്രവേശിക്കുന്നു". ദൈവം ഒരിക്കലും തന്‍റെ മക്കളെ കൈവിടുകയില്ല എന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ഇടവക ജനത്തിന് അപ്പസ്തോലികാശീര്‍വാദം നല്‍കിയാണ് പാപ്പാ വത്തിക്കാനിലേയ്ക്കു മടങ്ങിയത്.


Related Articles »