News - 2024

അശ്ലീലസാഹിത്യം വഴിയുള്ള സാത്താന്റെ സ്വാധീനത്തെ കുറിച്ച് ചര്‍ച്ചയുമായി റോം

സ്വന്തം ലേഖകന്‍ 17-04-2018 - Tuesday

വത്തിക്കാന്‍ സിറ്റി: അശ്ലീല ചിത്രങ്ങളിലും, സാഹിത്യങ്ങളിലും സാത്താന്റെ സ്വാധീനം എത്രമാത്രമുണ്ടെന്നതിനെ കുറിച്ച് തുറന്ന വിലയിരുത്തലുമായി റോമില്‍ ഭൂതോച്ചാടന കോണ്‍ഫറന്‍സ്. ‘എക്സോര്‍സിസം ആന്‍ഡ്‌ പ്രയേഴ്സ് ഓഫ് ലിബറേഷന്‍’ എന്ന പേരില്‍ നടത്തുന്ന ഭൂതോച്ചാടന കോഴ്സ് പരമ്പരയിലെ 13-മത്തെ കോഴ്സാണ് ഏപ്രില്‍ 16-ന് റോമില്‍ ആരംഭിച്ചിരിക്കുന്നത്. പൊന്തിഫിക്കല്‍ റെജീന അപ്പൊസ്തോലോറം സര്‍വ്വകലാശാലയും (APRA), ഗ്രൂപ്പ് ഓഫ് സോഷ്യോ-റിലീജിയസ് റിസര്‍ച്ച് ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ (GRIS)നും സംയുക്തമായിട്ടാണ് കോഴ്സ് സംഘടിപ്പിച്ചിരിക്കുന്നത്.

‘എക്സോര്‍സിസം ആന്‍ഡ്‌ പ്രയേഴ്സ് ഓഫ് ലിബറേഷന്‍’ എന്ന വിഷയത്തെ ദൈവശാസ്ത്രം, നരവംശശാസ്ത്രം, കൗദാശികം, കാനോനികം, ആരാധനാക്രമം, മനശാസ്ത്രം, സാമൂഹികം, കുറ്റവാളികളുടെ മനശാസ്ത്രം തുടങ്ങിയ വിവിധ കാഴ്ചപ്പാടുകളിലൂടെ പഠിക്കുക എന്നതാണ് ചര്‍ച്ചയുടെ ലക്ഷ്യം. നിരവധി ഭൂതോച്ചാടകരുടേയും, സാത്താന്റെ പിടിയില്‍ നിന്നും മോചനം നേടിയവരുടേയും സാക്ഷ്യങ്ങളും മയക്കുമരുന്നിന്റെ ഉപയോഗം, സാത്താന്‍ ആരാധന, കുട്ടികളോട് തോന്നുന്ന ലൈംഗീകാസക്തി, കുട്ടികളുടെ അശ്ലീലത തുടങ്ങിയവയെക്കുറിച്ചും കോഴ്സിന്റെ അവസാന ദിവസം ചര്‍ച്ച ചെയ്യും.

ആഫ്രിക്കയില്‍ നിലനില്‍ക്കുന്ന ദുര്‍മന്ത്രവാദങ്ങള്‍, സ്പെയിനിലെ ആധുനിക യുഗത്തിലെ വിശ്വാസ രീതികള്‍, ലാറ്റിന്‍ അമേരിക്കയിലെ സാത്താന്‍ സേവാ സംഘങ്ങള്‍ തുടങ്ങിയവ ഇക്കൊല്ലത്തെ കോഴ്സില്‍ വിഷയങ്ങളായിരിക്കും. ലൈംഗീകത തിന്മയാകുമ്പോള്‍ അതില്‍ സാത്താന്റെ സ്വാധീനമുണ്ടോ? ഉണ്ടെങ്കില്‍ എത്രമാത്രം ? എന്നതിനെ കുറിച്ചുള്ള ഒരന്വോഷണമായിരിക്കും ചര്‍ച്ചയെന്നു ഫാ. പെഡ്രോ ബരാജോണ്‍ എല്‍‌സി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സാത്താന്‍ ഇല്ലെന്നാണ് നിരവധി ആളുകള്‍ കരുതിയിരിക്കുന്നതെന്ന് പൊന്തിഫിക്കല്‍ റെജീന അപ്പൊസ്തോലോറം സര്‍വ്വകലാശാലയിലെ പ്രൊഫസ്സറായ ഫാ. ജോസ് എന്‍റിക്ക് ഒയാര്‍സുന്‍ വെളിപ്പെടുത്തി. ‘ദൈവം സാത്താന്റെ മേല്‍ വിജയം വരിച്ചു’ എന്ന് സുവിശേഷത്തിന്റെ ആദ്യ ഭാഗത്തില്‍ തന്നെ സാത്താനെ കുറിച്ച് പറയുന്നുണ്ടെന്നും, 'സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാര്‍ത്ഥനയില്‍ ‘തിന്മയില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേ’ എന്ന് പറയുന്നതും സാത്താനെ കുറിച്ചുള്ള സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 21നു കോണ്‍ഫറന്‍സ് സമാപിക്കും.


Related Articles »