News - 2025

ഭൂതോച്ചാടനത്തിനായി വൈദികരെ സമീപിക്കുന്നവരില്‍ ഇസ്ലാം മതസ്ഥരും

സ്വന്തം ലേഖകന്‍ 18-04-2018 - Wednesday

റോം: പിശാച് ബാധയില്‍ നിന്നും മോചനം നേടുവാന്‍ ഭൂതോച്ചാടനത്തിനായി കത്തോലിക്ക വൈദികരെ സമീപിക്കുന്നവരില്‍ ഇസ്ലാം മതസ്ഥരും. ഏപ്രില്‍ 16-ന് റോമില്‍ ആരംഭിച്ചിരിക്കുന്ന ‘എക്സോര്‍സിസം ആന്‍ഡ്‌ പ്രയേഴ്സ് ഓഫ് ലിബറേഷന്‍’ കോണ്‍ഫറന്‍സിലാണ് ഭൂതോച്ചാടകരായ വൈദികര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. താന്‍ മുസ്ലീങ്ങളിലും ഭൂതോച്ചാടനകര്‍മ്മം നടത്തിയിട്ടുള്ളതായി അല്‍ബേനിയന്‍ കര്‍ദ്ദിനാളായ ഏര്‍ണസ്റ്റ് സിമോണിയും കോണ്‍ഫറന്‍സില്‍ തുറന്ന്‍ പറഞ്ഞിട്ടുണ്ട്. യുഎഇ യില്‍ നിന്നും റോമിലെത്തിയ ഫാ. ആന്‍ഡ്രേ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് എന്ന ഇന്ത്യാക്കാരനായ പുരോഹിതനും ഇതേ ആവശ്യവുമായി നിരവധി മുസ്ലീങ്ങള്‍ തന്നെ സമീപിച്ചിട്ടുള്ളതായി വെളിപ്പെടുത്തി.

ഭൂതോച്ചാടനകര്‍മ്മങ്ങള്‍ക്കുള്ള ആവശ്യം വര്‍ദ്ധിച്ച സാഹചര്യത്തില്‍ വൈദികര്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായം തേടാറുണ്ടെന്നും, ചില പുരോഹിതര്‍ ഫോണിലൂടെ കര്‍മ്മം നടത്താറുണ്ടെന്നും കര്‍ദ്ദിനാള്‍ ഏര്‍ണസ്റ്റ് സിമോണി പറഞ്ഞു. ഇസ്ലാം മതസ്ഥര്‍ക്ക് പിശാച് ബാധയില്‍ നിന്നും മോചനം നല്‍കുന്നതില്‍ തെറ്റൊന്നുമില്ലെന്നാണ് വിഷയത്തില്‍ പ്രഗല്‍ഭനായ ഗിയുസെപ്പേ ഫെറാരി എന്ന വൈദികന്‍ അഭിപ്രായപ്പെട്ടത്. മൊബൈല്‍ ഫോണിലൂടെയുള്ള ഭൂതോച്ചാടനത്തില്‍ പുരോഹിതന്‍ പിശാച്ബാധയുള്ള ആളിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ചെയ്യുന്നതെന്നും എന്നാല്‍ ക്ഷുദ്രോച്ചാടനകര്‍മ്മത്തിലെ ശാരീരിക വശങ്ങള്‍ ഫോണിലൂടെ സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ദശകങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ദശകത്തില്‍ ഭൂതോച്ചാടനം ആവശ്യപ്പെടുന്നവരുടെ എണ്ണത്തില്‍ മൂന്ന് മടങ്ങോളം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇറ്റലിയില്‍ മാത്രം നാനൂറോളം ഭൂതോച്ചാടകരാണ് ഉള്ളത്. രാജ്യത്തു കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഏതാണ്ട് 5,00,000 ത്തോളം പേര്‍ പൈശാചിക സ്വാധീനങ്ങള്‍ക്ക് അടിമപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഭൂതോച്ചാടക രംഗത്തെ വൈദികരുടെ കുറവ് അടക്കം നിരവധി വിഷയങ്ങളാണ് കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യുന്നത്. സമൂഹമാധ്യമങ്ങളുടെ പ്രചാരവും, പിശാച് ബാധ പ്രമേയമാക്കികൊണ്ടുള്ള സിനിമകള്‍- തുടങ്ങിയവയാണ് പൈശാചിക സ്വാധീനം കൂടുന്നതിന്റെ കാരണമെന്ന് കോണ്‍ഫറന്‍സ് വിലയിരുത്തി. ഏതാണ്ട് മുന്നൂറോളം പ്രതിനിധികളാണ് ഒരാഴ്ച നീളുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാന്‍ റോമില്‍ എത്തിയിരിക്കുന്നത്.


Related Articles »