News - 2025

പൗരോഹിത്യത്തിന്റെ 60 വര്‍ഷങ്ങള്‍ പിന്നിട്ട് ഇരട്ടസഹോദരങ്ങള്‍

സ്വന്തം ലേഖകന്‍ 23-04-2018 - Monday

സിഡ്നി: പൗരോഹിത്യത്തിന്റെ അറുപതു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി കൊണ്ട് ഓസ്ട്രേലിയായില്‍ നിന്നുമുള്ള ഇരട്ടസഹോദരങ്ങളായ വൈദികര്‍. റിഡംപ്റ്ററിസ്റ്റ് വൈദികരായ ഫാ. ജോണ്‍ നീലും ഫാ.പാട്രിക്കുമാണ് തിരുപട്ടം സ്വീകരിച്ചതിന്റെ 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ദൈവ പരിപാലനയുടെ അറുപത് വർഷങ്ങളാണ് പൂർത്തിയാക്കിയതെന്ന് സഹോദര വൈദികർ പറയുന്നു. ചെറുപ്പം മുതൽ വൈദികരാകാൻ ആഗ്രഹിച്ചിരുന്ന ഇരുവരും ഗാലോങ്ങിലെ റിഡംപ്റ്ററിസ്റ്റ് മൈനർ സെമിനാരിയിൽ തങ്ങളുടെ പതിനഞ്ചാം വയസ്സിൽ വൈദിക പഠനം ആരംഭിക്കുകയായിരിന്നു.

1958 മാർച്ച് പതിനാറിനാണ് ഇരട്ട സഹോദരന്മാർ വിക്റ്റോറിയ ബല്ലാർട്ട് റിഡംപ്റ്ററിസ്റ്റ് ആശ്രമത്തിൽ വൈദികരായി അഭിഷേകം ചെയ്യപ്പെട്ടത്. വ്യത്യസ്ത സേവനമേഖലകളാണ് ഇരട്ട സഹോദരന്മാർ തിരഞ്ഞെടുത്തത്. ആരംഭ കാലഘട്ടത്തില്‍ ഫാ.ജോൺ ഓസ്ട്രേലിയൻ സെമിനാരിയിൽ സേവനമനുഷ്ഠിച്ചപ്പോൾ ഫാ. പാട്രിക്ക് ദൈവശാസ്ത്ര പഠനവുമായി റോമിൽ തുടർന്നു. പിന്നീട് ക്രിസ്തുവിന്റെ സന്ദേശവുമായി ഫാ. ജോൺ ആഫ്രിക്കന്‍ ദൗത്യം ഏറ്റെടുത്തു. ബുർക്കിന ഫസോയിൽ ഇരുപത്തിരണ്ട് വർഷത്തെ മിഷൻ പ്രവർത്തനങ്ങൾക്ക് ശേഷം 2007ൽ ഉണ്ടായ സ്ട്രോക്കിനെ തുടർന്നാണ് അദ്ദേഹം സ്വദേശത്ത് മടങ്ങിയെത്തിയത്.

ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ പോലെ ജീവിച്ച തങ്ങള്‍ക്ക് പൗരോഹിത്യ വിളിയുണ്ടെന്ന് ഉറപ്പിക്കാൻ നോവിഷ്യേറ്റ് അദ്ധ്യാപകർ നടത്തിയ പരീക്ഷണങ്ങള്‍ ഇന്നും ഓർക്കുന്നതായി വൈദികര്‍ വിവരിച്ചു. പൗരോഹിത്യത്തിന്റെ അപൂർവ നേട്ടം കഴിഞ്ഞ മാസം പതിനാറിന് ആഘോഷിച്ച ഇരട്ടവൈദിക സഹോദരങ്ങള്‍ റിഡംപ്റ്ററിസ്റ്റ് സമൂഹത്തില്‍ അംഗമാകുവാന്‍ സാധിച്ചത് ദൈവത്തിന്റെ പദ്ധതിയെന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്ന് ഇരുവരും കോഗാരഹ റിഡംപ്റ്ററിസ്റ്റ് സമൂഹത്തില്‍ വിശ്രമജീവിതം നയിക്കുകയാണ്.


Related Articles »