News - 2024

നൈജീരിയന്‍ ദേവാലയത്തില്‍ വെടിവെയ്പ്പ്; 2 വൈദികര്‍ ഉള്‍പ്പെടെ 19 മരണം

സ്വന്തം ലേഖകന്‍ 25-04-2018 - Wednesday

അബൂജ: നൈജീരിയായിലെ വടക്കന്‍ ബെനുവില്‍ കത്തോലിക്ക ദേവാലയത്തിലുണ്ടായ വെടിവയ്പില്‍ രണ്ട് വൈദികര്‍ ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ അഞ്ചിനു സെന്റ് ഇഗ്‌നേഷ്യസ് ഖ്വാസി ദേവാലയത്തിലാണ് ആക്രമണമുണ്ടായത്. ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെയാണ് ആക്രമണം ഉണ്ടായത്. തോക്കുധാരിയായ അക്രമി വൈദികര്‍ക്കും വിശ്വാസികള്‍ക്കും നേരെ നിറയൊഴിക്കുകയായിരുന്നു. അക്രമത്തിന് പിന്നില്‍ ഇസ്ളാമിക ഗോത്ര സംഘടനയായ ഫുലാനി ഹെര്‍ഡ്സ്മാന്‍ ആണെന്നാണ് റിപ്പോര്‍ട്ട്. മാകുര്‍ഡി രൂപതാംഗങ്ങളായ ഫാ. ജോസഫ് ഗോര്‍, ഫാ. ഫെലിക്സ് യോളാഹ എന്നിവരാണ് കൊല്ലപ്പെട്ട വൈദികര്‍.

ഇസ്ളാമിക തീവ്രവാദ സംഘടനകളായ ബോക്കോഹറാമും ഫുലാനി ഹെഡ്സ്മാനും ശക്തമായ വേര് പതിപ്പിച്ചിരിക്കുന്ന രാജ്യമാണ് നൈജീരിയ. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ രാജ്യത്ത് ആയിരത്തിലധികം അധികം ക്രൈസ്തവര്‍ ഫുലാനികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നു റിപ്പോര്‍ട്ട് വന്നിരിന്നു. 2009-ല്‍ ആണ് രാജ്യത്തെ ക്രൈസ്തവരെ ലക്ഷ്യമിട്ട് ഐഎസ് അനുഭാവികളായ ബോക്കോഹറാം ആക്രമണം തുടങ്ങിയത്. പിന്നീട് ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം ഫുലാനി ഹെഡ്സ്മാനും ശക്തമാക്കുകയായിരിന്നു.


Related Articles »