News - 2024

ക്രൈസ്തവ പീഡനം വര്‍ദ്ധിക്കുന്നതില്‍ ആശങ്ക പങ്കുവച്ച് നൈജീരിയൻ വൈസ് പ്രസിഡന്റ്

സ്വന്തം ലേഖകന്‍ 27-04-2018 - Friday

അബൂജ: ക്രൈസ്തവ പീഡനം വര്‍ദ്ധിക്കുന്നതിലുള്ള ആശങ്ക പങ്കുവച്ച് നൈജീരിയൻ വൈസ് പ്രസിഡന്റ് പ്രൊഫ.യമി ഒസിൻബജോ. ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ രൂക്ഷമാകുന്നതില്‍ ആശങ്കയുണ്ടെന്നും അസഹിഷ്ണുതയ്ക്കെതിരെ രാജ്യം ഒറ്റകെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ഗബഗാദ ഡീപ്പർ ലൈഫ് ബൈബിൾ ചർച്ചിന്റെ ആസ്ഥാന മന്ദിരവും പുതിയ ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈശാചികമായ പ്രവർത്തികളാൽ മത പീഡനം വർദ്ധിച്ച സാഹചര്യത്തിൽ ക്രൈസ്തവർ ആശങ്കയിലാണെന്നും അക്രമം തടയാൻ സുരക്ഷാ സേന അക്ഷീണം പ്രയത്നിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ദേവാലയ നിർമ്മാണത്തിന് നിയമപരമായി സംരക്ഷണമൊരുക്കുവാൻ നൈജീരിയൻ ഭരണകൂടം സന്നദ്ധമാണ്. രാജ്യത്ത് മതവിപ്ളവം ഉണ്ടാക്കുക വഴി സുവിശേഷ പ്രഘോഷണം തടസ്സപ്പെടുത്തുകയാണ് സാത്താന്റെ ശ്രമം. ബൊക്കോഹറാം എന്ന പേരിലും മറ്റും നടക്കുന്ന ആക്രമണങ്ങളുടെ മദ്ധ്യത്തിലും ക്രിസ്തുവിന്റെ ശരീരമെന്ന നിലയിൽ നമ്മുടെ ലക്ഷ്യം മറന്ന് പോകരുത്. രക്ഷ പ്രാപിക്കുവാൻ വിളിക്കപ്പെട്ടവരുടെ സമൂഹമെന്ന നിലയിൽ, ശത്രുക്കളെപ്പോലും സ്നേഹിക്കുവാനാണ് യേശുക്രിസ്തു നമ്മെ പഠിപ്പിക്കുന്നത്. മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ നൈജീരിയൻ ഭരണകൂടം പ്രയത്നിക്കും.

മത അസഹിഷ്ണുതയാണ് രാജ്യം നേരിടുന്ന പ്രതിസന്ധിയെന്നും സമാധാന ശ്രമങ്ങൾക്ക് മുൻതൂക്കം നല്കാൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ആവശ്യപ്പെട്ടതായും വൈസ് പ്രസിഡന്റ് പറഞ്ഞു. രാജ്യത്തിന് നേതൃത്വം നല്കുക എന്ന ദൗത്യത്തിന് വളരെയധികം പ്രാർത്ഥന ആവശ്യമാണ്. രാഷ്ട്ര നേതാക്കന്മാർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം. സാത്താന്റെ പ്രവർത്തനങ്ങൾ ശക്തമായ ഈ കാലഘട്ടത്തിലെ പ്രതിസന്ധികളിലും തളരാതെ സഭ മുന്നോട്ട് പോകണം. ക്രൈസ്തവനെന്ന നിലയിൽ അഭിമാനപൂർവ്വമായ നിമിഷമാണിതെന്നും സുവിശേഷ പ്രഘോഷണ വേദി ഏവര്‍ക്കും അനുഗ്രഹമാണെന്നും ഒസിൻബജോ പറഞ്ഞു. നൈജീരിയയിലെ ലഗോസിലാണ് നാൽപ്പത്തിനായിരം പേരെ ഉൾക്കൊള്ളാവുന്ന ഡീപ്പര്‍ ബൈബിള്‍ ലൈഫ് ചര്‍ച്ച് പണി കഴിപ്പിച്ചിരിക്കുന്നത്.


Related Articles »