News - 2025

സമാധാന ഉടമ്പടി ദൈവഹിതം; ആഹ്ലാദം പങ്കുവച്ച് കൊറിയന്‍ സഭ

സ്വന്തം ലേഖകന്‍ 28-04-2018 - Saturday

സിയോൾ: നിരന്തരമായ പ്രാർത്ഥനയുടെ ഉത്തരമാണ് ഉത്തര- ദക്ഷിണ സമാധാന ഉടമ്പടിയെന്ന് കൊറിയന്‍ സഭ. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോ ഇന്നും ഇന്നലെ ഒപ്പ് വച്ച സമാധാന ഉടമ്പടിയെ ഏറെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നതെന്നും ഉടമ്പടി ദൈവഹിതമാണെന്നും ദക്ഷിണ കൊറിയയിലെ ഗ്വാങ്ങ്ജു അതിരൂപത മെത്രാൻ കിം ഹീ ജുങ്ങ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.

ഉടമ്പടി ഇരു രാഷ്ട്രങ്ങളിലുമായി ഭിന്നിക്കപ്പെട്ട കുടുംബങ്ങളുടെ ഒന്നുച്ചേരലിനു വഴിയൊരുക്കും. നാഷണൽ റികൺസിലേഷൻ കമ്മറ്റിയും കൊറിയൻ കാരിത്താസ് സംഘടനയും വഴി സമാധാന ശ്രമങ്ങൾ നിരന്തരം നടന്നിരുന്നു. 1965 മുതൽ എല്ലാ വർഷവും ജൂൺ ഇരുപത്തിയഞ്ചിന് ഇരു രാജ്യങ്ങളും ഒന്നായി തീരുക എന്ന ലക്ഷ്യത്തോടെ സഭ പ്രാർത്ഥനാദിനമായി ആചരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിഭജിക്കപ്പെട്ട രാഷ്ട്രങ്ങൾ ഒന്നായി സന്തോഷപൂർവ്വം ജീവിക്കാൻ കൊറിയൻ കത്തോലിക്ക സഭയുടെ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

നേരത്തെ സമാധാന ഉടമ്പടി പ്രാബല്യത്തില്‍ വരുവാന്‍ കത്തോലിക്ക വിശ്വാസികൾ എല്ലാ ദിവസവും രാത്രി ഒൻപത് മണിക്ക് ജപമാല ചൊല്ലാൻ കൊറിയൻ മെത്രാൻ സമിതി അദ്ധ്യക്ഷൻ ബിഷപ്പ് പീറ്റര്‍ ലീ അഭ്യർത്ഥിച്ചിരുന്നു. ദൈവം തങ്ങളുടെ പ്രാർത്ഥന കേട്ടതായും കൊറിയൻ രാജ്യങ്ങൾ തമ്മിലുള്ള ഉടമ്പടി അത്ഭുതമാണെന്നും അദ്ദേഹം പിന്നീട് പ്രതികരിച്ചു. കൊറിയൻ രാജ്യങ്ങളിൽ സമാധാനം നിലനില്ക്കുവാൻ നിരന്തരം പ്രാർത്ഥിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കൊറിയയിലെ ഭൂഗർഭ സഭയിലെ അംഗങ്ങളായ പതിനായിരകണക്കിന് ക്രൈസ്തവരാണ് ജയിലുകളിൽ കഴിയുന്നതെന്ന് ഈ വർഷത്തെ യുഎസ് കമ്മിഷൻ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഈ സാഹചര്യവും കൂടി കണക്കിലെടുത്ത് സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ട്ടം ഭൂമിയിലും നിറവേറുവാന്‍ തീക്ഷ്ണമായ പ്രാര്‍ത്ഥന തുടരണമെന്നും ബിഷപ്പ് പീറ്റര്‍ ലീ പറഞ്ഞു. കൊറിയൻ സമാധാന ഉടമ്പടിയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ നേരത്തെ ആഹ്വാനം ചെയ്തിരിന്നു.


Related Articles »