News - 2024

നൈജീരിയയിലെ ക്രൈസ്തവ നരഹത്യ; പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് മെത്രാൻ സമിതി

സ്വന്തം ലേഖകന്‍ 30-04-2018 - Monday

അബൂജ: നൈജീരിയായിൽ കഴിഞ്ഞ ദിവസം നടന്ന ക്രൈസ്തവ നരഹത്യയില്‍ ശക്തമായ പ്രതിഷേധവുമായി ദേശീയ മെത്രാന്‍ സമിതി. മബ് ലോം ഗ്രാമത്തിൽ നടന്ന കൂട്ടക്കുരുതിയുടെയും വടക്കന്‍ ബെനുവില്‍ വൈദികര്‍ അടക്കമുള്ള വിശ്വാസ സമൂഹത്തിന്റെ ജീവൻ പൊലിഞ്ഞ സംഭവത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസിഡന്റ് മുഹമ്മദ് ബുഹാരി രാജി വയ്ക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. രാജ്യ സുരക്ഷ അവതാളത്തിലായിട്ടും ഗവൺമെന്റ് പുലർത്തുന്ന നിസ്സംഗതയ്ക്കെതിരെ രൂക്ഷവിമര്‍ശനമാണ് മെത്രാൻ സമിതി രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യം നിഷ്കളങ്കരുടെ രക്തഭൂമിയായി മാറുന്നതായി റോമിൽ സന്ദർശനം നടത്തുന്ന നൈജീരിയൻ മെത്രാന്മാർ സംയുക്ത പ്രസ്താവനയിൽ കുറിച്ചു.

ജനങ്ങൾ നേരിടുന്ന അരാജകത്വത്തിന് നേരെ കണ്ണടയ്ക്കുകയാണ് ഫെഡറൽ ഭരണകൂടം. ഭവനങ്ങൾ, കൃഷിസ്ഥലങ്ങൾ, റോഡുകൾ എന്നിവയ്ക്ക് പുറമേ ആരാധനാലയങ്ങളിൽ പോലും ജനങ്ങൾ സുരക്ഷിതരല്ല. ജനങ്ങളുടെ ജീവൻ വിലപ്പെട്ടതാണെന്ന തിരിച്ചറിവ് ഉണ്ടാകണം. രാഷ്ട്രത്തിന്റെ തലവനായി നിയമിതനായിരിക്കുന്ന പ്രസിഡന്റ്, അക്രമങ്ങളെ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നില്ല. ഇതിൽനിന്നും അദ്ദേഹം അറിഞ്ഞുകൊണ്ട് തീവ്രവാദികളെ അനുകൂലിക്കുകയാണെന്ന് വ്യക്തമാകും. അതിനാൽ രക്തചൊരിച്ചിൽ നിലനിൽക്കുന്ന, കൂട്ട കൊലയ്ക്ക് വിധേയമായി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ രാഷ്ട്രത്തിന്റെ തലവനായി ഇദ്ദേഹം ഇനി തുടരാൻ പാടില്ല. ബിഷപ്പുമാര്‍ പ്രസ്താവനയില്‍ കുറിച്ചു.

കഴിഞ്ഞ ഏതാനും വര്‍ഷണങ്ങളായി അതിരൂക്ഷമായ ആക്രമണങ്ങളാണ് നൈജീരിയന്‍ ക്രൈസ്തവര്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. തീവ്ര ഇസ്ളാമിക ഗോത്രസംഘടനയായ ഫുലാനി ഹെര്‍ഡ്സ്മാന്‍ ആണ് ഭൂരിഭാഗം ആക്രമണങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്. പുതുവര്‍ഷത്തിന്റെ നാല് മാസങ്ങള്‍ പിന്നീടുമ്പോള്‍ നൂറുകണക്കിന് ക്രൈസ്തവ ഭവനങ്ങളാണ് അക്രമികള്‍ ഇതിനോടകം അഗ്നിക്കിരയാക്കിയത്. ഇതിനിടെ നിരവധി വിശ്വാസികള്‍ കൊല്ലപ്പെട്ടു. നൈജീരിയായിൽ ക്രൈസ്തവര്‍ സുരക്ഷിതരല്ലെന്ന കാര്യം ചൂണ്ടിക്കാട്ടി മെത്രാന്‍ സമിതി ഫെബ്രുവരി എട്ടിന് പ്രസിഡൻറിനെ സന്ദർശിച്ചിരുന്നു.


Related Articles »