News

രണ്ടായിരം വര്‍ഷം പഴക്കമുള്ള ആദിമ ക്രൈസ്തവ ദേവാലയം കണ്ടെത്തി

സ്വന്തം ലേഖകന്‍ 02-05-2018 - Wednesday

മാന്‍ബിജി: ആദ്യ നൂറ്റാണ്ടുകളില്‍ റോമന്‍ സാമ്രാജ്യത്തിലെ മതപീഡനത്തില്‍ നിന്നും രക്ഷനേടുന്നതിനായി ക്രൈസ്തവര്‍ ഉപയോഗിച്ചിരുന്ന രഹസ്യ ദേവാലയത്തിന്റെ അവശേഷിപ്പുകളും തുരങ്ക പാതയും സിറിയയില്‍ കണ്ടെത്തി. രണ്ടു വര്‍ഷത്തോളം ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ നിയന്ത്രണത്തിലായിരുന്ന മാന്‍ബിജില്‍ നിന്നുമാണ് സിറിയന്‍ പുരാവസ്തുഗവേഷകര്‍ സുപ്രധാന കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. മാന്‍ബിജിലെ റൂയിന്‍സ് കൗണ്‍സിലിലെ എക്സ്പ്ലൊറേഷന്‍ കമ്മിറ്റിയുടെ തലവനായ അബ്ദുല്‍വഹാബ് ഷേക്കോ അടങ്ങുന്ന സംഘമാണ് ഉദ്ഖനനത്തിന് നേതൃത്വം വഹിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സിറിയയിലെ മാന്‍ബിജില്‍ നിന്നും പുരാതന തുരങ്ക ശ്രംഖലയുടെ ഭാഗങ്ങള്‍ പുരാവസ്തുഗവേഷകര്‍ കണ്ടെത്തിയിരുന്നു. 2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് അനുബന്ധ സ്ഥലം കൈവശപ്പെടുത്തിയെങ്കിലും ഗവേഷകര്‍ ഈ സ്ഥലം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. രണ്ടുവര്‍ഷക്കാലം മേഖലയുടെ നിയന്ത്രണം കയ്യടക്കിവെച്ചിരുന്നുവെങ്കിലും ഭൂഗര്‍ഭ ദേവാലയത്തിലേക്ക് നയിക്കുന്ന രഹസ്യ വാതില്‍ കണ്ടെത്തുവാന്‍ ഇസ്ലാമിക് സ്റ്റേറ്റിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഐ‌എസിനെ മേഖലയില്‍ നിന്നും തുരത്തിയതിനെ തുടര്‍ന്ന്‍ ഉദ്ഘനനം പുനരാരംഭിക്കുകയായിരുന്നു.

രഹസ്യ പാതകള്‍, രഹസ്യ വാതിലുകള്‍, മാറ്റി സ്ഥാപിക്കാവുന്ന അള്‍ത്താര, പുരോഹിതര്‍ക്കുള്ള ശ്മശാനം, വലിയ പാറകള്‍ കൊണ്ടുള്ള ശവക്കല്ലറകള്‍ എന്നിവ അടങ്ങുന്ന വിശാലമായ സംവിധാനമാണ് ഇവിടെ നിന്നും ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. തുരങ്കത്തിന്റെ മിക്ക ഭാഗങ്ങളിലും കുരിശടയാളങ്ങളും, മറ്റ് ക്രിസ്ത്യന്‍ പ്രതീകങ്ങളും, ഗ്രീക്ക് ലിഖിതങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ക്രിസ്ത്യന്‍ അടയാളങ്ങളും, പ്രതീകങ്ങളും കോറിയിട്ടിരിക്കുന്ന മുറിയിലേക്ക് നയിക്കുന്ന കല്‍പ്പടവുകളോട് കൂടിയ തുരങ്ക പാതയുടെ രണ്ടാം ഘട്ട ഖനനം പ്രദേശവാസികളുടെ സഹായത്തോടെയാണ് നടത്തിയത്.

വിവരിക്കുവാന്‍ കഴിയുന്നതിനെക്കാളും സ്ഥലം അത്രമാത്രം പ്രധാനപ്പെട്ടതാണെന്നാണ് കണ്ടെത്തലിനെ കുറിച്ച് അബ്ദുല്‍വഹാബ് ഷേക്കോ പറഞ്ഞത്. റോമന്‍ ചക്രവര്‍ത്തിയായ നീറോയുടെ കാലം മുതല്‍ക്കേ തന്നെ ക്രൈസ്തവര്‍ റോമില്‍ കടുത്ത പീഡനത്തിന് ഇരയായാണ് കഴിഞ്ഞിരിന്നത്. വളരെ രഹസ്യമായിട്ടായിരുന്നു അക്കാലങ്ങളില്‍ വിശ്വാസികള്‍ ആരാധനകള്‍ നടത്തിയിരുന്നത്. ഇതിന് സമാനമായുള്ള രഹസ്യ ആരാധനാകേന്ദ്രവും അഭയകേന്ദ്രവുമായിരിക്കാം മാന്‍ബിജിയിലെ ദേവാലയമെന്നാണ് ഗവേഷകരുടെ നിഗമനം.


Related Articles »