News - 2025
അഖണ്ഡ ബൈബിൾ വായനയിലൂടെ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ഡാൻവില്ലെ
സ്വന്തം ലേഖകന്‍ 02-05-2018 - Wednesday
ഡാൻവില്ലെ: ഭക്തിയോടും ശ്രദ്ധയോടും കൂടി തുടര്‍ച്ചയായ ബൈബിൾ പാരായണത്തിലൂടെ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് അമേരിക്കയിലെ ഡാൻവില്ലെ നിവാസികൾ. വെസ്റ്റ് ഓവർ ക്രിസ്ത്യൻ അക്കാദമി വിദ്യാർത്ഥികളും ഡാന്‍വില്ലയിലെ പെന്തക്കൊസ്തു ദേവാലയ അംഗങ്ങളും റോമൻ ഈഗിൾ റീഹാബിലിറ്റേഷൻ സെന്‍റർ ജീവനക്കാരുമാണ് ഉദ്യമത്തിന് പിന്നിൽ. നൂറ്റിപതിനൊന്ന് മണിക്കൂറുകൾക്കുള്ളിൽ വായന പൂർത്തീകരിക്കാൻ ഒരു മണിക്കൂറിൽ ഇരുനൂറ്റിയെൺപത് വാക്യങ്ങൾ ശ്രദ്ധയോടെ വായിക്കുകയാണ് സംഘാടകർ ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച ആരംഭിച്ച വിശുദ്ധ ഗ്രന്ഥ വായന നൂറ്റിപതിമൂന്ന് മണിക്കൂറിൽ പൂർത്തീകരിച്ച് നാളെ വ്യാഴാഴ്ച സമാപിക്കും.
ദേശീയ പ്രാർത്ഥനാദിനമായ മെയ് 4നകം ബൈബിൾ വായന യജ്ഞം പൂർത്തീകരിക്കുക എന്നതാണ് ലക്ഷ്യമെന്ന് ബൈബിൾ പാരായണത്തിന് നേതൃത്വം വഹിക്കുന്ന ജാനറ്റ് ബ്രൂസ് വ്യക്തമാക്കി. ദിവസവും രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ അക്കാദമി വിദ്യാർത്ഥികളാണ് ബൈബിള്‍ പാരായണം നടത്തുന്നത്. നൂറോളം കുട്ടികളാണ് വായനയിൽ പങ്കെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ബൈബിൾ വായന യജ്ഞത്തിൽ പങ്കെടുക്കാൻ കുട്ടികളെല്ലാം ആവേശത്തിലാണെന്ന് വെസ്റ്റ് ഓവർ ക്രിസ്ത്യൻ അക്കാദമി അഡ്മിനിസ്ട്രേറ്റർ ക്ലിൻ പറഞ്ഞു. കുട്ടികളുടെ വായനയെ തുടര്‍ന്നു മുതിര്‍ന്നവര്‍ വായനക്ക് നേതൃത്വം നല്‍കും.
പെന്തക്കോസ്തു സമൂഹത്തിലെ ഓരോ കുടുംബങ്ങളും പാരായണത്തില്‍ പങ്കെടുക്കുന്നുണ്ട്. അനുവദിച്ചിരിക്കുന്ന മുപ്പത് മിനിറ്റ് സമയത്തിൽ പത്ത് മിനിറ്റ് കുട്ടികളും ബാക്കി സമയം മാതാപിതാക്കന്മാരും വിശുദ്ധ ഗ്രന്ഥം വായിക്കും. അതേസമയം അഖണ്ഡ ബൈബിള്‍ പാരായണം നിരീക്ഷിക്കുവാന്‍ ഗിന്നസ് അധികൃതര്‍ ഡാൻവില്ലയില്‍ എത്തിയിട്ടുണ്ട്. കുടുംബങ്ങൾ ഒരുമിച്ചു ചേർന്ന് നടത്തുന്ന ബൈബിൾ വായന, അനുദിന കുടുംബ പ്രാർത്ഥനകളിലും തുടർന്ന് കൊണ്ട് പോകണമെന്നാണ് ആഗ്രഹമെന്ന്‍ സംഘാടകര്‍ പറഞ്ഞു.