News - 2025
ഉത്തര കൊറിയയിൽ തടവിലായ ക്രൈസ്തവരുടെ മോചനത്തിന് പ്രതീക്ഷയേറുന്നു
സ്വന്തം ലേഖകന്‍ 03-05-2018 - Thursday
പ്യോംങ്യാംഗ്: ഉത്തര കൊറിയയിൽ ബന്ദികളാക്കപ്പെട്ട അമേരിക്കൻ ക്രൈസ്തവരുടെ മോചന സാധ്യതകള്‍ക്കു വഴി തുറന്നതായി റിപ്പോര്‍ട്ട്. കിം ഡോങ്ങ് - ചുൽ, കിം സാങ്ങ് ഡക്, കിം ഹാക്ക് സോങ്ങ് എന്നീ ക്രൈസ്തവരുടെ മോചനം ഉടന്‍ ഉണ്ടാകുമെന്ന് പ്രതിരോധ വകുപ്പ് വിവരങ്ങള്‍ നല്‍കിയതായി സിബിഎൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. മോചനത്തിന് മുന്നോടിയായി ബന്ധികളുടെ ആരോഗ്യം സംബന്ധിച്ച കാര്യങ്ങളില്‍ വിശകലനം നടന്നതായും സൂചനകളുണ്ട്. കൊറിയൻ ലേബർ ക്യാമ്പിൽ നിന്നും മൂവരേയും കഴിഞ്ഞ മാസം അവസാനത്തോടെ തലസ്ഥാന നഗരിയിലെ ഹോട്ടലിലേക്ക് മാറ്റി പാർപ്പിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
2011 ഏപ്രിൽ മാസത്തില്‍ അമേരിക്കയിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് ടോണി കിം (കിം സാങ്ങ് ഡക് ) അറസ്റ്റിലാകുന്നത്. പ്യോംങ്യാംഗ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി സേവനം ചെയ്ത് വരികയായിരുന്നു അദ്ദേഹം. ഒരു മാസത്തിന് ശേഷം യൂണിവേഴ്സിറ്റിയിലെ മറ്റൊരു ക്രൈസ്തവ പ്രൊഫസറായ കിം ഹാക്ക് സോങ്ങും അറസ്റ്റിലായി. അമേരിക്കന്‍ ചാരന്മാർ എന്ന സംശയത്തിലാണ് ഇരുവരേയും കസ്റ്റഡിയിൽ എടുത്തത്. കൊറിയൻ- അമേരിക്കൻ മിഷ്ണറിയായിരുന്ന കിം ഡോങ്ങ് ചുലിനെ 2015-ൽ ആണ് തടവിലാക്കിയത്.
ബന്ധികളുടെ മോചനം സംബന്ധിച്ച സൂചനകൾ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപും ഇതിനോടകം പുറത്തു വിട്ടിട്ടുണ്ട്. മുൻ ഭരണാധികാരികൾ നിരന്തരം ആവശ്യപ്പെട്ടിടും മോചനം ലഭിക്കാതിരുന്ന മൂന്നു ബന്ധികളുടെ മോചനം അരികെ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. കൊറിയന്‍ പ്രസിഡന്റിന്റെ നീക്കം പ്രതീക്ഷ നല്കുന്നതായി ക്രൈസ്തവ സംഘടനകള്‍ വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ്ങ് ഉന്നും തമ്മിൽ അടുത്ത മാസം നടക്കാനിരിക്കുന്ന കൂടിക്കാഴ്ച പ്രതീക്ഷ നല്കുന്നതായും അവർ പങ്കുവെച്ചു.
വടക്കൻ കൊറിയൻ തടവിൽ കഴിയുന്ന മൂന്ന് അമേരിക്കൻ പൗരന്മാരെയും സ്വതന്ത്രരാക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിൽ ചരിത്രപരമായ ഉടമ്പടിയ്ക്ക് വഴിയൊരുക്കുമെന്ന് യു.എസ് പ്രസിഡന്റിന്റെ ദേശീയ സുരക്ഷ ഉപദേശകൻ ജോൺ ബോൾടൺ പ്രസ്താവിച്ചിരുന്നു. ബന്ധികളുടെ മോചനത്തിനായി പ്രസിഡന്റ് ട്രംപിന്റെ ഭാഗത്ത് നിന്നും കഠിനശ്രമം നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. മതസ്വാതന്ത്ര്യത്തിന് കടുത്ത വിലക്കുള്ള ഉത്തരകൊറിയയില്‍ നിരവധി ക്രൈസ്തവരാണ് തടവറയില്‍ കഴിയുന്നത്. പുതിയ തീരുമാനത്തെ ഏറെ പ്രതീക്ഷയോടെയാണ് ക്രൈസ്തവ ലോകം നോക്കി കാണുന്നത്.