News

ക്രിസ്തുവില്‍ പുതുജീവിതം ആരംഭിക്കുവാന്‍ കൂട്ടായ്മയുമായി ഇറാഖി ക്രിസ്ത്യന്‍ വനിതകള്‍

സ്വന്തം ലേഖകന്‍ 03-05-2018 - Thursday

ക്വാരഖോഷ്: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ അധിനിവേശം അവസാനിച്ചതിനെ തുടര്‍ന്നു പുതിയ ജീവിതം കെട്ടിപ്പടുക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ വനിതകളെ ശക്തിപ്പെടുത്തുവാന്‍ നടത്തിയ ത്രിദിന കൂട്ടായ്മ വന്‍ വിജയമായി. ഏപ്രില്‍ 27- 29 തീയതികളിലാണ് ക്രിസ്ത്യന്‍ വനിതകള്‍ യോഗം ചേര്‍ന്നത്. പ്രതികൂല സാഹചര്യത്തെ അതിജീവിക്കുക, ആദ്ധ്യാത്മികമായ സഹായങ്ങള്‍ ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയായിരിന്നു ഒത്തുചേരല്‍. അടുത്തിടെ ഫ്രാന്‍സിസ് പാപ്പ സ്ഥാപിച്ച ‘തിരുസഭയുടെ മാതാവായ കന്യകാമറിയ’ത്തിന്റെ തിരുനാളില്‍ നിന്നുമാണ് ഇത്തരമൊരു കൂട്ടായ്മക്കുള്ള പ്രചോദനമുള്‍ക്കൊണ്ടതെന്ന്‍ മുഖ്യ സംഘാടകനായ ഫാ. റോണി മോമിക പറഞ്ഞു.

അതിജീവനത്തിന് വേണ്ടിയുള്ള വിവിധ ക്ലാസ്സുകള്‍, വീഡിയോകള്‍, വിശുദ്ധ കുര്‍ബാന, ആശയസംവാദങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെട്ടതായിരുന്നു കൂട്ടായ്മ. മൊസൂള്‍, കിര്‍കുര്‍ക്ക്, കുര്‍ദ്ദിസ്ഥാന്‍ എന്നീ പ്രദേശങ്ങളിലെ വിശ്വാസികളുടെ അദ്ധ്യക്ഷനായ കല്‍ദായ കത്തോലിക്കാ മെത്രാപ്പോലീത്തയായ യൌഹാന്ന ബൌട്രോസ് മോഷെ ആയിരുന്നു കൂട്ടായ്മയുടെ അവസാന ദിവസം വിശുദ്ധ കുര്‍ബാനക്ക് നേതൃത്വം നല്‍കിയത്. ദിവ്യബലിക്ക് ശേഷം ഇറാഖിലെ ഏറ്റവും വലുതും, കല്‍ദായ കത്തോലിക്കാ സഭയുടെ പ്രധാന ദേവാലയങ്ങളിലൊന്നുമായ ക്വാരഖോഷിലെ കത്തീഡ്രല്‍ ദേവാലയത്തിലേക്ക് പ്രദിക്ഷണവും നടന്നു.

ഐ‌എസ് പിന്‍വാങ്ങിയെങ്കിലും ഇറാഖിലെ സ്ഥിതിഗതികള്‍ ഇപ്പോഴും രൂക്ഷമാണെന്ന് ഫാ. മോമിക വ്യക്തമാക്കി. ക്വാരഖോഷിലെ ജീവിതം ഇപ്പോഴും ബുദ്ധിമുട്ടുള്ളതാണ്. ഭവനങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് മുന്‍പ് സ്ത്രീകളെ പുനരുദ്ധരിക്കുവാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. സ്ത്രീകളെ പുനരുദ്ധരിക്കുക വഴി കുട്ടികളേയും, അതുവഴി കുടുംബത്തേയും, അതിനു ശേഷം ക്വാരഖോഷിലെ സമുദായത്തെ പുനര്‍നിര്‍മ്മിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുന്‍പും ക്രൈസ്തവ സമൂഹത്തിന്റെ ശാക്തീകരണത്തിനായി ഫാ. മോമികയുടെ നേതൃത്വത്തില്‍ വിവിധ കൂട്ടായ്മകള്‍ ഇറാഖില്‍ സംഘടിപ്പിച്ചിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങളാണ് കഴിഞ്ഞ കൂട്ടായ്മയില്‍ പങ്കെടുത്തത്.


Related Articles »