News - 2025

ആഫ്രിക്കയിൽ വീണ്ടും ക്രൈസ്തവ നരഹത്യ; വൈദികനുൾപ്പെടെ 19 പേർ കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ 04-05-2018 - Friday

ബാംഗൂയി: മധ്യാഫ്രിക്കയിലെ ബാംഗൂയിലെ നോട്ടർഡാമില്‍ കത്തോലിക്ക ദേവാലയത്തില്‍ ഉണ്ടായ അക്രമത്തില്‍ വൈദികൻ ഉൾപ്പെടെ 19 പേർ മരിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിക്കുവാനായി വിശ്വാസികള്‍ ദേവാലയത്തില്‍ എത്തിയപ്പോള്‍ അജ്ഞാതരായ അക്രമികള്‍ ആക്രമണം അഴിച്ചുവിടുകയായിരിന്നു. വിശുദ്ധ കുർബാനയ്ക്കിടെ വിശ്വാസികൾക്കിടയിലക്ക് ആയുധധാരികൾ ഗ്രനേഡ് എറിയുകയും വെടിയുതിർക്കുകയുമായിരിന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തികച്ചും അപ്രതീഷിതമായി നടന്ന അക്രമത്തില്‍ നൂറിലധികം വിശ്വാസികൾക്ക് പരിക്കേറ്റു. ഫാ. ആല്‍ബര്‍ട്ട് ടോങ്ഗൂമാലെയാണ് കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിരിക്കുന്ന വൈദികന്‍.

അക്രമത്തില്‍ പ്രതിഷേധിച്ച് വൈദികന്റെ മൃതശരീരവുമായി ആയിരകണക്കിന് ക്രൈസ്തവർ പ്രസിഡൻഷ്യൽ പാലസിന് സമീപം റാലി നടത്തി. ഇതിനിടെ നിരവധി ക്രൈസ്തവ വിശ്വാസികള്‍ പ്രദേശത്ത് നിന്ന്‍ പലായനം ചെയ്തു. ആക്രമണം നടന്ന ദിവസം തന്നെ 15 പേര്‍ കൊല്ലപ്പെട്ടിരിന്നു. പിന്നീട് മരണസംഖ്യ ഉയരുകയായിരിന്നു. 2014-ലും സമാനമായ ആക്രമണം ഈ ദേവാലയത്തില്‍ നടന്നിരിന്നു. അന്ന്‍ ഒരു വൈദികന്‍ അടക്കം പതിനേഴോളം പേരാണ് കൊല്ലപ്പെട്ടത്. 2012 മുതല്‍ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് സംഘര്‍ഷഭരിതമാണ്. മുസ്ളിം സെലക വിപ്ളവകാരികൾ നടത്തിവരുന്ന ആക്രമണങ്ങളിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങളാണ് കൂടുതലും ഇരയാകുന്നത്.


Related Articles »