India - 2024

ദാനധര്‍മം ചെയ്യുന്നവന്‍ കര്‍ത്താവിനാണ് കടം കൊടുക്കുന്നത്: ഫാ. ഡാനിയേൽ പൂവണ്ണത്തില്‍

സ്വന്തം ലേഖകന്‍ 11-05-2018 - Friday

തൊടുപുഴ: ദാനധര്‍മം ചെയ്യുന്നവന്‍ കര്‍ത്താവിനാണ് കടം കൊടുക്കുന്നതെന്നും അവിടുന്ന് അവന്റെ കടം വീട്ടി കഷ്ടതയുടെ കാലങ്ങളില്‍ പരിപാലിക്കുമെന്നും മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡാനിയേൽ പൂവണ്ണത്തില്‍. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന പള്ളിയില്‍ നടന്നു വന്ന തൊടുപുഴ ബൈബിള്‍ കണ്‍വന്‍ഷന്റെ സമാപനദിനത്തില്‍ വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. ദാനധര്‍മവും സ്‌നേഹവും ഉപവാസവും ഉണ്ടെങ്കില്‍ ദൈവരാജ്യം ലഭിക്കും.രഹസ്യമായി ദാനധര്‍മം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ ദണ്ഡവിമോചനത്തെ കുറിച്ചായിരുന്നു വചനപ്രഘോഷണം.

കത്തോലിക്കസഭയുടെ പ്രബോധനങ്ങളില്‍ ഏറ്റവും ശക്തമായതു ദണ്ഡവിമോചനമാണ്. പാപത്തിന്റെ കെട്ടഴിക്കുന്നതിനും കുടുംബത്തിന്റെ വിശുദ്ധീകരണത്തിനും ദണ്ഡവിമോചനം ആവശ്യമാണ്. വിശുദ്ധിയുടെ നിക്ഷേപം സഭയിലുണ്ട്. സഭയിലെ വിശുദ്ധരുടെ പുണ്യനിക്ഷേപത്തില്‍ നിന്ന് സഭ എടുത്തുതരുന്നതാണ് ദണ്ഡവിമോചനം. കുന്പസാരിച്ചു കൃപ നേടിയശേഷം പ്രാര്‍ഥിക്കുക കെട്ടഴിയുന്നതു നമ്മള്‍ കാണും. പുതിയ മനുഷ്യനായ ക്രിസ്തുവില്‍ അലിഞ്ഞു ചേരുന്നതിനു പ്രാര്‍ത്ഥന, സ്‌നേഹപ്രവൃത്തികള്‍, പ്രായശ്ചിത്ത പ്രവൃത്തികള്‍ എന്നിവ ആവശ്യമാണ്. ഇതിലൂടെ നമ്മുടെ കാലികമായ പാപങ്ങള്‍ ക്ഷമിക്കപ്പെടുകയും നമ്മള്‍ വിശുദ്ധികരിക്കപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

51ാം സങ്കീര്‍ത്തനം വായിക്കുന്നതും കുരിശിന്റെ വഴി ചൊല്ലുന്നതും കുമ്പസാരിച്ചു കൃപകടാക്ഷം നേടുന്നതും അവസാനം സഭയുടെ തലവനായ മാര്‍പാപ്പയുടെ നിയോഗപ്രകാരം സ്വര്‍ഗസ്ഥനായ പിതാവും നന്മനിറഞ്ഞ മറിയവും ത്രിത്വസ്തുതിയും ചൊല്ലുകയും ചെയ്യുന്നതും ദണ്ഡവിമോചനം നേടുന്നതിനു ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കനത്ത മഴയെ അവഗണിച്ച് അയ്യായിരത്തോളം പേരാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ എത്തിയത്.


Related Articles »