Videos

കേരളസഭയിലെ പ്രതിസന്ധിയുടെ കാരണം കടുത്ത ഒന്നാം പ്രമാണ ലംഘനം: ഫാ. ഡാനിയേൽ പൂവണ്ണത്തിലിന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു

സ്വന്തം ലേഖകന്‍ 30-04-2018 - Monday

കോട്ടയം: കേരളസഭ നേരിടുന്ന പ്രതിസന്ധികളുടെ കാരണം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ഡാനിയേൽ പൂവണ്ണത്തിലിന്റെ സന്ദേശം നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. കേരളസഭ ഇന്ന് നേരിടുന്ന പ്രതിസന്ധിയുടെ കാരണം ഒന്നാം പ്രമാണ ലംഘനമാണെന്ന്‍ ഫാ. ഡാനിയേല്‍ വ്യക്തമാക്കി. എല്ലാ മതങ്ങളും ഒന്നാണെന്ന ധാരണ തെറ്റാണെന്നും യേശു ഏകരക്ഷകന്‍ എന്ന സത്യത്തില്‍ വെള്ളം ചേര്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തെ ഉപേക്ഷിച്ചു മറ്റു ആരാധനാ രീതികളുടെ പുറകെ പോയ ജനതക്കുവേണ്ടി ദൈവം കാവൽ നിൽക്കുമെന്ന് വിചാരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം കളത്തിപ്പടി ക്രിസ്റീന്‍ ധ്യാനകേന്ദ്രത്തില്‍ പ്രേഷിതപരിശീലന ധ്യാനത്തിനിടെയാണ് ശക്തമായ സന്ദേശം ഫാ. ഡാനിയേൽ പങ്കുവച്ചത്.

"കേരളസഭ ഇത്രയും നാശം ഇന്നനുഭവിക്കുന്നതിനു ഒരു കാരണം കടുത്ത ഒന്നാം പ്രമാണ ലംഘനമാണ്. എല്ലാ മതങ്ങളും ഒന്നല്ല. എല്ലാ മതങ്ങളും ഒന്നാണെങ്കിൽ പാവപെട്ട ഒറീസയിലെ ക്രിസ്താനികൾ കൊല്ലപ്പെടേണ്ട കാര്യമില്ല. എല്ലാ മതങ്ങളും ഒന്നാണെങ്കിൽ തോമാശ്ലീഹാ കുന്തത്താൽ കൊല്ലപ്പെടേണ്ട കാര്യമില്ല. എല്ലാ മതങ്ങളും ഒന്നാണെങ്കിൽ പൗലോസ് ശ്ളീഹാ നീറോ ചക്രവർത്തിയുടെ വാൾമുനത്തുമ്പിലേക്ക് കഴുത്തു നീട്ടികൊടുക്കേണ്ട കാര്യമില്ല. എല്ലാ മതങ്ങളും ഒന്നാണെങ്കിൽ ദൈവസഹായം പിള്ള വേട്ടയാടപ്പെടേണ്ട കാര്യം ഇല്ലായിരുന്നു. എല്ലാ മതങ്ങളും ഒന്നാണെങ്കിൽ രക്തസാക്ഷികൾ സഭയിൽ ഉണ്ടാകേണ്ട ആവശ്യമില്ല".

"മറ്റു മതങ്ങളുമായുള്ള സൗഹ്യദത്തിന്റെ പേരിൽ, ഏത് അറ്റം വരെയും പോകാൻ മടിയില്ലാത്തവിധം സഭയ്ക്കു സംഭവിച്ച അപചയമാണ് ഇന്നത്തെ കേരള കത്തോലിക്ക സഭയിൽ ഇന്നുണ്ടായ പ്രശ്നങ്ങളുടെ എല്ലാം ഒന്നാമത്തെ കാരണം. ദൈവത്തെ ഉപേക്ഷിച്ചു മറ്റു ആരാധനാ രീതികളുടെ പുറകെ പോയ ജനതക്കുവേണ്ടി ദൈവം കാവൽ നിൽക്കുമെന്ന് നമ്മൾ വിചാരിക്കരുത്. എല്ലാവരെയും പ്രസാദിപ്പിക്കുവാന്‍ അവരോടു സ്നേഹത്തോടെ പെരുമാറിയാല്‍ മതി, അല്ലാതെ പരിശുദ്ധ കുർബാനയിൽ മായം ചേർക്കേണ്ട കാര്യമില്ല. എല്ലാവരേയും പ്രസാദിപ്പിക്കാൻവേണ്ടി ദൈവീക സംവിധാനങ്ങളിൽ മായം ചേർക്കരുത്". ഭാരതത്തില്‍ ക്രിസ്തീയ വിശ്വാസത്തിന് മങ്ങലേല്‍ക്കുവാനുള്ള പ്രധാന കാരണം വിജാതീയ അനുകരണമാണെന്നും ഫാ. ഡാനിയേല്‍ പറഞ്ഞു.

വായനക്കാരുടെ അറിവിലേക്ക് ഏതാനും യാഥാര്‍ത്ഥ്യങ്ങള്‍ ‍

ക്രൈസ്തവ വിശ്വാസം എന്നത് കേവലം ഒരു മതവിശ്വാസമല്ല. ക്രിസ്തു ഈ ലോകത്തിലേക്കു വന്നത് ഒരു മതം സ്ഥാപിക്കാൻ വേണ്ടി ആയിരുന്നില്ല. അവിടുന്ന് മനുഷ്യാവതാരം ചെയ്തത് മാനവകുലത്തെ മുഴുവൻ രക്ഷിക്കാൻ വേണ്ടിയായിരുന്നു. മനുഷ്യനായി അവതരിക്കുകയും, പീഡകൾ സഹിക്കുകയും, മരിക്കുകയും, ഉത്ഥാനം ചെയ്യുകയും ചെയ്തുകൊണ്ട് അവിടുന്ന് നിത്യരക്ഷയുടെ വാതിൽ സകലമനുഷ്യർക്കുമായി തുറന്നുകൊടുത്തു; തന്നിൽ വിശ്വസിക്കുവാനും രക്ഷ പ്രാപിക്കുവാനും അവിടുന്ന് ലോകത്തോട് ആഹ്വാനം ചെയ്തു. മതത്തിന്റെ മതിൽക്കെട്ടുകൾ കടന്ന് ഒരു ആട്ടിൻപറ്റവും ഒരു ഇടയനും ആയിത്തീരാനാണ് ദൈവം തന്റെ ഏകജാതനെ ഈ ഭൂമിയിലേക്കയച്ചത്. അങ്ങനെ അവ്യക്തമായും ദൈവത്തെക്കുറിച്ച് അറിഞ്ഞിരുന്ന മനുഷ്യകുലം ക്രിസ്തുവിലൂടെ സത്യദൈവത്തെ പൂർണ്ണമായി തിരിച്ചറിയണമെന്നും എല്ലാവരും രക്ഷപ്രാപിക്കണമെന്നും പിതാവായ ദൈവം ആഗ്രഹിച്ചു.

ഈ സത്യം തിരിച്ചറിഞ്ഞ അവിടുത്തെ ശിഷ്യന്മാർ ലോകം മുഴുവനും പോയി രക്ഷ പ്രാപിക്കുവാൻ ക്രിസ്തുവിൽ വിശ്വസിക്കേണ്ടത് ആവശ്യമാണെന്ന് പ്രഘോഷിച്ചു. അവർ ലോകത്തോട് പ്രഘോഷിച്ചത് കേവലം ഒരു മതവിശ്വാസമായിരുന്നില്ല. അവർ പ്രഘോഷിച്ചത് രക്ഷാമാർഗ്ഗമായിരുന്നു. ഏതു മതത്തിൽ വിശ്വസിക്കുന്നവനും രക്ഷ പ്രാപിക്കണമെങ്കിൽ ക്രിസ്തുവിൽ വിശ്വസിക്കുകയും അവിടുത്തെ രക്ഷകനും നാഥനുമായി സ്വീകരിക്കുകയും വേണം എന്ന വലിയ സത്യമാണ് അവർ പ്രഘോഷിച്ചത്. "ഞാനാണ് വാതിൽ" എന്നുപറഞ്ഞുകൊണ്ട് ക്രിസ്തു സ്ഥാപിച്ച വാതിലിലൂടെ പ്രവേശിക്കുവാൻ തയ്യാറാകാതെ നിരവധിപേർ അവരുടെ തെറ്റായ മതസങ്കല്പങ്ങളിൽ തുടർന്നും വിശ്വസിച്ചു; ഇന്നും വിശ്വസിക്കുന്നു.

ആദിമ ക്രൈസ്തവ സമൂഹത്തെ പറ്റി ബൈബിൾ സാക്ഷ്യപ്പെടുത്തുന്നത് "രക്ഷപ്രാപിച്ചവരുടെ ഗണം" (അപ്പ 2:47) എന്നാണ്. അല്ലാതെ 'ക്രിസ്തുമതത്തിൽ ചേർന്നവർ' എന്നല്ല. എല്ലാ മനുഷ്യർക്കുമായി നൽകപ്പെട്ടിരിക്കുന്ന രക്ഷാമാർഗ്ഗമായ 'യേശുനാമത്തിൽ വിശ്വസിച്ചവരെ' ലോകം പിന്നീട് 'ക്രിസ്ത്യാനികൾ' എന്നു വിളിക്കാൻ തുടങ്ങി. "അന്ത്യോക്യായിൽ വെച്ചാണ് ശിഷ്യന്മാർ ആദ്യമായി ക്രിസ്ത്യാനികൾ എന്നു വിളിക്കപ്പെട്ടത്" (അപ്പ 11:26). അങ്ങനെ ഈ ലോകത്തിന്റെ സംവിധാനങ്ങളാണ് ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ഒരു മതത്തിന്റെ പരിവേഷം ചാർത്തി നൽകിയത്.

ആകാശത്തെയും ഭൂമിയെയും അതിലെ സകലതിനെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവം തൻറെ ഏകജാതനായ യേശുക്രിസ്തുവിനെ ഈ ഭൂമിയിലേക്കയച്ചുകൊണ്ട് എല്ലാ മനുഷ്യരെയും രക്ഷിക്കാൻ തീരുമാനിച്ചു. എന്നാൽ ഖേദകരമെന്നു പറയട്ടെ ക്രിസ്തുവിന് ശേഷം 2000 വർഷം പിന്നിടുമ്പോൾ ക്രിസ്തുവിലുള്ള വിശ്വാസം കേവലം ഒരു മതവിശ്വാസമായി കാണപ്പെടുകയും, ലോകരക്ഷകനും ഏകരക്ഷകനുമായ യേശുക്രിസ്തു വെറും മനുഷ്യനിർമ്മിതമായ ദൈവീക സങ്കല്പങ്ങളുടെ കൂട്ടത്തിൽ എണ്ണപെടുകയും ചെയ്യുന്നു. ആരാണ് ഇതിനു ഉത്തരവാദി?

യേശുക്രിസ്തുവിനെ 'ലോക രക്ഷകൻ' എന്ന സത്യത്തിൽ നിന്നും വെറും ഒരു മത സ്ഥാപകൻ എന്ന നിലയിലേക്ക് താഴ്ത്തി ചിന്തിച്ചതിനു ഒരു പരിധി വരെ ക്രിസ്ത്യാനികൾ തന്നെയാണ് ഉത്തരവാദികൾ. മറ്റ് മതങ്ങളുടെ സംപ്രീതി പിടിച്ചുപറ്റുവാനും ലോകം നൽകുന്ന കൈയ്യടി നേടാനും വേണ്ടി ഏകരക്ഷകനായ യേശുവിനെ മറ്റ് മതങ്ങളുടെ ദൈവീകസങ്കല്പങ്ങളോടൊപ്പം തരംതാഴ്ത്തി ചിത്രീകരിക്കുന്ന ഓരോ ക്രൈസ്തവനും തന്റെ ദൗത്യത്തിൽ ഗൗരവമായ വീഴ്ച വരുത്തുന്നു. ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി യേശുനാമം അല്ലാതെ മറ്റൊരു നാമം നൽകപ്പെട്ടിട്ടില്ല എന്ന സത്യം മറ്റാരും തിരിച്ചറിഞ്ഞില്ലെങ്കിലും ഒരു ക്രൈസ്തവൻ തിരിച്ചറിഞ്ഞിരിക്കണം. ഇപ്രകാരം കലർപ്പില്ലാത്തതും അടിയുറച്ചതുമായ വിശ്വാസത്തിൽ നിന്നേ യാഥാർത്ഥ സുവിശേഷപ്രഘോഷണം സാധ്യമാകൂ. യേശു ഏകരക്ഷകന്‍ എന്നു നമ്മുക്കും സധൈര്യം പ്രഘോഷിക്കാം.


Related Articles »