Life In Christ - 2024
അവസാന പുരോഹിതൻ മരിച്ചുവീഴുന്നതു വരെ ലോകത്ത് ബലിയർപ്പണം മുടങ്ങില്ല: ഫാ. ഡാനിയേൽ പൂവണ്ണത്തിലിന്റെ വീഡിയോ വൈറൽ
സ്വന്തം ലേഖകന്‍ 23-03-2020 - Monday
തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിനിടെ ആധ്യാത്മിക ശുശ്രൂഷകൾ നിർത്തിവെച്ച സാഹചര്യത്തിൽ വിശ്വാസികൾക്ക് സാന്ത്വന സന്ദേശവുമായുള്ള ഫാ. ഡാനിയേൽ പൂവണ്ണത്തിലിന്റെ വീഡിയോ നവമാധ്യമങ്ങളിൽ വൈറലാകുന്നു. പരിശുദ്ധ കുർബാന ഒഴിവാക്കപ്പെടുന്ന സാഹചര്യത്തിൽ വിശ്വാസികൾ ഏറെ വേദന നേരിടുന്നുണ്ടെന്ന് മനസിലാക്കുന്നുണ്ടെന്നും എന്നാൽ
അവസാന പുരോഹിതൻ മരിച്ചുവീഴുന്നതു വരെ ലോകത്ത് ബലിയർപ്പണം മുടങ്ങില്ലായെന്നും ഫാ. ഡാനിയേൽ വിശദമാക്കുന്നു. വൈദികന്റെ സന്ദേശം ഇങ്ങനെ,
ഈശോയിൽ ഏറ്റവും പ്രിയപ്പെട്ട ദൈവ മക്കളെ, അനേക ലക്ഷം മക്കൾക്ക് വിശുദ്ധ കുർബാനകളിൽ പങ്കെടുക്കാൻ കഴിയുന്നില്ല എന്നത് ഒരുപക്ഷെ ആഹാരം കിട്ടുന്നതിനേക്കാളും ഒരുപക്ഷെ രോഗം വരുന്നതിനേക്കാളും ഭയാനകമായ കാര്യമാണ്. ഈ സന്ദർഭത്തിൽ ഒരു കാര്യം എന്റെ പ്രിയപ്പെട്ട ദൈവമക്കളെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ഒരു താത്കാലിക സംവിധാനം എന്ന നിലയിലാണ് ജനപങ്കാളിത്തത്തോടു കൂടെയുള്ള ബലിയർപ്പണങ്ങൾ നിറുത്തി വെയ്ക്കുന്നത്. ലോകത്തു നാലരലക്ഷത്തിലധികം ബലിപീഠങ്ങളിൽ ബലിയർപ്പിക്കപ്പെട്ടുകൊണ്ടിരുന്ന ഒരു സാഹചര്യങ്ങളിൽ നിന്ന് ബലിയർപ്പണങ്ങൾ ഇല്ലാതാകുന്നത് ഒരു ഭയാനകമായ സാഹചര്യം അല്ലേയെന്ന് പലയാളുകളും ചിന്തിക്കുന്നുണ്ട്.
തീർച്ചയായും ബലിയർപ്പണങ്ങൾ മുടങ്ങുന്നത് നമ്മെ ഭാരപ്പെടുത്തേണ്ട സംഗതിയാണ്. എന്നാൽ ഒരു കാര്യം ഇവിടെ ദൈവത്തിനു പ്രിയപ്പെട്ട മക്കൾ ഓർമിച്ചിരിക്കണം, ദേവാലയങ്ങൾ അടയ്ക്കപ്പെടുന്നത് സത്യമാണ്. ജനപങ്കാളിത്തത്തോടെയുള്ള പൊതുവായ ജനങ്ങൾ ഒരുമിച്ചു വന്നുള്ള ബലിയർപ്പണങ്ങൾ ഇല്ലാതാകുന്നത് എന്നതും സത്യമാണ്. എന്നാൽ അതേസമയത്തു നമ്മൾ മറന്നു പോകരുത്, പരിശുദ്ധ കത്തോലിക്ക സഭയിലും ഇതര സഭകളിലും ബലിപീഠത്തെയോ ബലിയെയോ ഗൗരവമായി എടുക്കുന്ന ഒരു സഭകളിലും ഈ നാളുകളിൽ ഒന്നിലും ഇനി വരാൻ പോകുന്ന നാളുകളിലും ഈ സാഹചര്യത്തിൽ പരിശുദ്ധ കുർബാന അർപ്പണങ്ങൾ ഇല്ലാതാകുന്നില്ല. നാലരലക്ഷത്തോളം ഒരുപക്ഷേ അതിലധികം വൈദികർ പരിശുദ്ധ കത്തോലിക്ക സഭയിലുണ്ട്. ആ വൈദികർ എല്ലാം തന്നെ എല്ലാ ദിവസവും ബലിയർപ്പിച്ചു കൊണ്ടിരിക്കുകയാണ്.
പൊതുവായി ദൈവമക്കൾക്കു ദേവാലയങ്ങളിൽ ഗവണ്മെന്റ് നൽകുന്ന നിദേശങ്ങൾക്കു വിധേയമായി ബലിയാlർപ്പണങ്ങൾക്കു പങ്കെടുക്കാൻ കഴിയുന്നില്ല എന്നേയുള്ളു. ഇത് ഗൗരവമാണ് എങ്കിലും ബലിയർപ്പണങ്ങൾ ഇല്ലാതാകുന്നില്ല ഇന്നും ഇന്നലെയും നാളെയും നാലരലക്ഷത്തിലധികം ബലികൾ ലോകത്തു അർപ്പിക്കപ്പെടുന്നു. തുടർന്നും.
ഇവിടെ ഒരു കാര്യം ദൈവത്തിന്റെ പ്രിയപ്പെട്ട മക്കൾ ഓർമിക്കണം, യഹൂദ മതത്തിൽ പ്രധാന പുരോഹിതന്റെ വസ്ത്രം സംവിധാനം ചെയ്തപ്പോൾ അതിൽ മനോഹരമായ സൂചനയുണ്ട്. പുരോഹിതന്റെ നെഞ്ചോടു ചേർത്ത് ഹൃദയ ഭാഗത്തോട് ചേർന്ന് പന്ത്രണ്ടു ഗോത്രങ്ങളെ സൂചിപ്പിക്കുന്ന പന്ത്രണ്ടു കല്ലുകൾ ദൈവം നെയ്തു വെച്ചിട്ടുണ്ടായിരുന്നു. പ്രധാന പുരോഹിതന്റെ വസ്ത്രത്തിന്റെ പ്രത്യേകതയാണ് പന്ത്രണ്ടു ഗോത്രങ്ങളെ അനുസ്മരിക്കുന്ന പന്ത്രണ്ടു കല്ലുകൾ. പുതിയ നിയമത്തിലെ പൗരോഹിത്യവുമായി ബന്ധപെട്ടു ഏറ്റവും മനോഹരമായി നമുക്ക് സ്വീകരിക്കാൻ പറ്റുന്ന ചിന്തയാണത്. ഒരു പുരോഹിതന്റെ ഹൃദയത്തിൽ ദൈവജനം എപ്പോഴും ഒരിക്കലും കെടാത്തൊരു വിളക്കുപോലെ എരിഞ്ഞു കത്തി നിൽക്കുന്നുണ്ട്. ഞാൻ ഒരു പുരോഹിതനാണ്. എന്നെ പോലെ നാലരലക്ഷത്തിലധികം വൈദികർ പരിശുദ്ധ കത്തോലിക്ക സഭയിലും മറ്റു സഭകളിൽ ലക്ഷകണക്കിനും വൈദികർ. ഈ ലക്ഷകണക്കിന് വൈദികരിൽ ഓരോ വൈദികന്റേയും ഹൃദയത്തിൽ ആ വൈദികനെ ദൈവം ഏൽപിപ്പിച്ചിരിക്കുന്ന ദൈവ ജനത്തെ ദൈവം ചേർത്തുവച്ചിട്ടുണ്ട്. പ്രിയപ്പെട്ട മക്കളെ അതുകൊണ്ടു നിങ്ങൾ അറിയേണ്ടത്, ഞാൻ ബലിയർപ്പിക്കുമ്പോൾ ദൈവം എന്നെ ഏല്പിച്ചിരിക്കുന്ന മുഴുവൻ കുടുംബങ്ങളും മുഴുവൻ വ്യക്തികളും ഞാൻ അർപ്പിച്ചിരിക്കുന്ന ബലിയിൽ സന്നിഹിതരാണ്.
നിങ്ങൾക്ക് ഗവണ്മെന്റ് തന്നിരിക്കുന്ന നിർദ്ദേശങ്ങൾക്കു വിധേയമായി ദേവാലയങ്ങളിൽ വന്നു സാധിക്കാൻ കഴിയുന്നില്ലെങ്കിലും നാളെയും മറ്റെന്നാളും ഞങ്ങൾക്ക് ജീവനുള്ള കാലം, ആയുസ്സു ദൈവം തരുന്ന എല്ലാ നാളുകളിലും ഞങ്ങൾ അർപ്പിക്കുന്ന എല്ലാ കുർബാനകളിലും നിങ്ങൾ എല്ലാവരും ഉണ്ടെന്നു നിങ്ങൾ അറിയണം. അതുകൊണ്ടു എല്ലാ വൈദികരും എത്ര ഗൗരവതരമായ സാഹചര്യങ്ങൾ ലോകത്തു നിലവിൽ വന്നാലും ആരോഗ്യമുള്ള എല്ലാ വൈദികരും ബലിയർപ്പിക്കും. അവസാനത്തെ പുരോഹിതൻ മരിച്ചു വീഴുന്നതുവരെ ഈ ലോകത്തു ബലിയർപ്പണങ്ങൾ ഇല്ലാതാകുന്നില്ല. അതുകൊണ്ടു പ്രിയപ്പെട്ട മക്കളെ നിങ്ങൾ ഭാരപ്പെടരുത്. നിങ്ങൾ പ്രയാസത്തിൽ ആകരുത്. നാളയെയോ മറ്റന്നാളോ ബലിയിൽ സാധിച്ചില്ലെങ്കിൽ ഇനി തുടർന്നു വരുന്ന ദിവസങ്ങളിൽ നിങ്ങൾക്കു ബലിയിൽ സംബന്ധിക്കാൻ നിങ്ങൾക്കു കഴിഞ്ഞില്ലെങ്കിലും നിങ്ങൾ ഭാരപ്പെടരുത്. നിങ്ങൾ ആയിരിക്കുന്ന ഭവനങ്ങളിലും സ്ഥലങ്ങളിലും ഓൺലൈനിൽ കൂടെയും സമ്പർക്ക മാധ്യമങ്ങളിലൂടെയും ലൈവ് ആയി സംപ്രേഷണം ചെയ്യപ്പെടുന്ന പരിശുദ്ധ കുർബാന അർപ്പണങ്ങളിൽ പങ്കുചേർന്നു ആത്മീയമായി വിശുദ്ധ കുർബാനയിൽ സംബന്ധിച്ചു ആത്മീയമായി സ്വീകരിച്ചു നിങ്ങൾ പ്രാർത്ഥിക്കുക. ലോകത്തെ എല്ലാ പുരോഹിതരും ഇനിയുള്ള നാളുകളിൽ അർപ്പിക്കാൻ പോകുന്ന എല്ലാ പരിശുദ്ധ കുർബാനകളിൽ അങ്ങനെ ആഗ്രഹിച്ചു അങ്ങനെ സംബന്ധിക്കാൻ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്ന എല്ലാ ദൈവമക്കളും ഉണ്ടാകും എന്ന് സ്നേഹത്തോടെ നിങ്ങളെ ഓർമിപ്പിക്കുകയാണ്.
ആരും അതിന്റെ പേരിൽ നിരാശരാകരുത്, ബലിപീഠങ്ങൾ ശൂന്യമാകുന്നു എന്ന് ചിന്തിക്കരുത്. അവസാനത്തെ അച്ചൻ മരിച്ചു വീഴുന്ന വരെ ഈ ലോകത്തു പരിശുദ്ധ കുർബാന ഉണ്ടാകും. ലോകത്തെ മുഴുവൻ പരിശുദ്ധ കുർബാനയിൽ ഓർക്കാം. ഒപ്പം സമൂഹത്തിന്റെ പൊതുവായ മുഖ്യധാര പ്രവർത്തങ്ങളിൽ നിന്ന് മാറി സമ്പർക്കങ്ങളെല്ലാം ഉപേക്ഷിച്ചു കഴിയണമെന്നാണ് എല്ലാ ഗവണ്മെന്റുകളും ഓർമിപ്പിക്കുന്നത്.
ഏശയ്യാ പ്രവചനത്തിൽ ഇരുപത്തിയാറാം അധ്യായം ഇരുപതാം വാക്യം ഇങ്ങനെയാണ്, "എന്റെ ജനമേ വരുവിൻ, മുറിയിൽ പ്രവേശിച്ചു വാതിൽ അടക്കുവിൻ. ക്രോധം ശമിക്കുന്നതുവരെ അല്പസമയത്തേയ്ക്കു നിങ്ങൾ മറഞ്ഞിരിക്കുവിൻ" . ഇതാണ് ദൈവം ഈ കാലഘട്ടത്തിൽ നമ്മോടു ആവശ്യപ്പെടുന്നത്, അധികാരികൾ നൽകുന്ന നിർദ്ദേശത്തിന് വിധേയമായി ഈ പകർച്ചവ്യാധി തടയുന്നതു വരെ സമ്പർക്കങ്ങളിൽ നിന്ന് മാറി ഇരിക്കുവാൻ ദൈവം ആഗ്രഹിക്കുന്നു. അപ്പോൾ ആ അർത്ഥത്തിൽ നിർദശങ്ങൾ സ്വീകരിക്കുക എന്ന് സ്നേഹത്തോടെ ഓർമിപ്പിക്കുകയാണ്. അങ്ങനെ രോഗം ശമിക്കുന്നതുവരെ, ദുരിതം മാറുന്നതുവരെ, മറഞ്ഞിരിക്കുവാൻ ദൈവം ആവശ്യപ്പെടുന്നു ഇവിടെ ഒരു കാര്യം കൂടെ ഓർമിപ്പിക്കുന്നു. അങ്ങനെ കതകടച്ചു ഭയന്ന് മുറിയിലിരിക്കുന്ന അപ്പസ്തോലന്മാരുടെ നടുവിലേക്ക് ഇറങ്ങി വരുന്ന ഉത്ഥിതനായ യേശുവിനെ യോഹന്നാന്റെ സുവിശേഷത്തിൽ നമ്മൾ കാണുന്നുണ്ട്.
നിങ്ങൾ ലോകത്തിന്റെ ഏതു ഭാഗത്തു ആണെങ്കിലും, ഒരുപക്ഷെ ഇറ്റലിയിലെ കാര്യങ്ങൾ ഭയാനകമാണ് സ്പെയിനിലെയും യൂറോപ്പിലെയും കാര്യങ്ങൾ ഭീതിജനകമാണ്. അവിടുന്ന് നിരവധി ആളുകൾ സങ്കടങ്ങൾ അറിയിക്കുന്നുണ്ട്. ചുറ്റും ഉള്ളവർ മരിച്ചു വീഴുന്നത് കാണുകയാണ്. തൊട്ടടുത്തുള്ള അപ്പാർട്മെന്റിലെ ആളുകൾ മരിക്കുന്നത് അറിയുകയാണ്. മരിക്കുന്നവരുടെ ശരീരങ്ങൾ ശവസംസ്‌കാരം നടത്താനാകാതെ കത്തിച്ചു കളയുന്നത് കണ്ടു നിൽക്കുന്ന അവസ്ഥ ഇറ്റലിയിലെയും മറ്റും പലരും പങ്കുവെയ്ക്കുണ്ട്.
ഇപ്രകാരം കതകടച്ചു മറഞ്ഞിരിക്കുന്ന, ക്രോധം ശമിക്കുന്നവരെ, അപ്പസ്തോലന്മാരെ പോലെ, മറഞ്ഞിരിക്കുന്ന ദൈവ മക്കളുടെ അടുക്കലേക്കു ഉത്ഥിതനായ യേശു കടന്നു വരും എന്നതാണ് ക്രിസ്തീയമായ നമ്മുടെ പ്രത്യാശ.
കർത്താവായ യേശുവിന്റെ നാമത്തിൽ ലോകം മുഴുവൻ വേദനിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി നമ്മൾ ഒരുമിച്ചു ആത്മീയ കൂട്ടായ്മയിൽ ഒരുമിച്ചു പ്രാർത്ഥിക്കുന്നു. എല്ലാ ധ്യാന കേന്ദ്രങ്ങളും ഈ സന്ദർഭങ്ങളിൽ ലൈവ് ശുശ്രുഷകളുമായി ദൈവജനത്തിന്റെ സങ്കടങ്ങളിൽ പ്രാർത്ഥനയോടൊപ്പം പങ്കു ചേരുന്നുണ്ട് .അതിൽ എല്ലാം ആത്മീയമായി സംബന്ധിക്കുക . രൂപതയുടെ അഭിവന്ദ്യ പിതാക്കന്മാർ യൂട്യൂബ് വഴി ഓൺലൈൻ ആയി പരിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ ആത്മീയമായി പങ്കുചേർന്നു പ്രാർത്ഥിക്കുക. നമുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം. ദൈവം നിങ്ങളെ എല്ലാം അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുയെന്ന വാക്കുകളോടെയാണ് ഫാ. ഡാനിയേലിന്റെ സന്ദേശം അവസാനിക്കുന്നത്. ലക്ഷകണക്കിന് ആളുകളാണ് ഈ വീഡിയോ യൂട്യൂബിലും ഫേസ്ബുക്കിലുമായി കണ്ടിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Posted by Pravachaka Sabdam on