News - 2025

മരണ സംസ്കാരത്തിനെതിരെ ജീവസ്വരമായി കനേഡിയന്‍ ജനത

സ്വന്തം ലേഖകന്‍ 12-05-2018 - Saturday

ഒട്ടാവ: മരണ സംസ്ക്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന കനേഡിയന്‍ ഗവണ്‍മെന്റിനെ ചോദ്യം ചെയ്തും മനുഷ്യജീവന്‍ അമൂല്യമാണെന്നു ഉച്ചസ്വരത്തില്‍ പ്രഖ്യാപിച്ചും കാനഡയിൽ നടന്ന മാർച്ച് ഫോർ ലൈഫ് റാലി ജനസാഗരമായി. മെയ് പത്ത് വ്യാഴാഴ്ചയാണ് പതിനയ്യായിരത്തോളം പേര്‍ പങ്കെടുത്ത പ്രോലൈഫ് റാലി തലസ്ഥാന നഗരിയായ ഒട്ടാവയിൽ നടന്നത്. സാധാരണക്കാരായ ജനങ്ങൾ ദൈവത്തിനായി അസാധാരണമായ കാര്യങ്ങൾ ചെയ്യുന്നതാണ് പ്രോലൈഫ് മൂവ്മെന്‍റെന്ന് വിശുദ്ധ മദർ തെരേസ എൺപതുകളിൽ പ്രസംഗിച്ചതിന്റെ നേർക്കാഴ്ചയാണ് റാലിയില്‍ സംഭവിച്ചതെന്ന്‍ ക്യാമ്പയിൻ ലൈഫ് കോയാലിഷൻ ദേശീയ അദ്ധ്യക്ഷൻ ജെയിംസ് ഹ്യൂഗസ് പറഞ്ഞു.

പ്രതികൂല സാഹചര്യങ്ങളിലും ദൈവത്തിനായി പ്രവർത്തിക്കുമ്പോൾ ജീവന്റെ സംസ്കാരം കാനഡയിൽ പ്രാവർത്തികമാകുമെന്നും ഹ്യൂഗസ് പ്രത്യാശ പ്രകടിപ്പിച്ചു. വാഷിംഗ്ടണിൽ നെല്ലി ഗ്രേയുടെ നേതൃത്വത്തില്‍ എല്ലാ വർഷവും സംഘടിപ്പിച്ചിരുന്ന പ്രോലൈഫ് റാലിയില്‍ നിന്നും പ്രചോദനം ഉൾകൊണ്ടാണ് ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് മുൻപ് കാനഡയിലും മാർച്ച് ഫോർ ലൈഫ് ആരംഭിച്ചത്. ഇത്തവണത്തെ മാർച്ച് ഫോർ ലൈഫിനായി തെരെഞ്ഞെടുത്ത വഴികൾ പ്രതിഷേധക്കാർ തടസ്സപ്പെടുത്തിയിരുന്നുവെങ്കിലും, സമാനമായ വീഥികൾ സജ്ജമാക്കി റാലി സുരക്ഷിതമായി പൂർത്തിയാക്കുകയായിരിന്നു.

ജീവന്റെ മഹത്വം മാനിക്കാതെ മരണസംസ്ക്കാരത്തെയാണ് കാനഡ പ്രോത്സാഹിപ്പിക്കുന്നത്. ഭരണകൂടത്തിന്റെ പ്രോ അബോര്‍ഷന്‍ നയങ്ങൾ ജീവന്റെ വക്താക്കളായ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഗവൺമെന്റിന്റെ പ്രോ ചോയിസ് സങ്കല്പത്തെ അനുകൂലിക്കാത്തവര്‍ കടുത്ത വിവേചനമാണ് നേരിടുന്നത്. ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്ന പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നയങ്ങള്‍ക്കെതിരെ വിവിധ ബിഷപ്പുമാര്‍ രംഗത്തെത്തിയിരിന്നു.


Related Articles »