News - 2025

"ജന്മദിനത്തില്‍ ദൈവം തന്ന സമ്മാനമാണ് വൈകല്യമുള്ള കുഞ്ഞ്": ശ്രദ്ധയാകര്‍ഷിച്ച് വൈദികന്റെ വാക്കുകള്‍

സ്വന്തം ലേഖകന്‍ 17-05-2018 - Thursday

ലിമാ, പെറു: തന്റെ അഭയാര്‍ത്ഥി മന്ദിരത്തില്‍ ജന്മനാ വൈകല്യമുള്ള രണ്ട് മാസം മാത്രം പ്രായമുള്ള ശിശുവിനെ സ്വീകരിച്ചുകൊണ്ട് ദൈവത്തെ വാഴ്ത്തി സ്തുതിക്കുകയാണ് പെറുവിന്റെ തലസ്ഥാനമായ ലിമായിലെ ലൂറിന്‍ ജില്ലയിലെ കത്തോലിക്കാ വൈദികനായ ഫാ. ഒമര്‍ സാഞ്ചെസ് പോര്‍ട്ടില്‍. തന്റെ ജന്മദിനത്തില്‍ ദൈവം നല്‍കിയ സമ്മാനമാണ് ഡൗൺ സിൻഡ്രോം ബാധിച്ച ഈ ശിശുവെന്നാണ് ഫാ. പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നത്. പെറുവിലെ ‘ഹോം ഓഫ് ദി അസോസ്സിയേഷന്‍ ഓഫ് ദി ബിയാട്ടിറ്റ്യൂഡ്സ്’ന്റെ ഡയറക്ടറാണ് അൻപത്തിയൊന്നുകാരനായ ഫാ. പോര്‍ട്ടില്‍.

ജന്മനാ വൈകല്യമുള്ള കുട്ടിക്ക് ഒരു അഭയകേന്ദ്രം ആവശ്യമുണ്ടെന്നും കുട്ടിയുടെ അമ്മയായ കൗമാരക്കാരിക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ കുട്ടിയെ നോക്കുവാന്‍ കഴിയില്ലെന്നും പറഞ്ഞുകൊണ്ട് ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ ഫാ. പോര്‍ട്ടിലിനെ ബന്ധപ്പെടുകയായിരുന്നു. ഒട്ടും മടിക്കാതെ തന്നെ വൈദികന്‍ ഡൗൺ സിൻഡ്രോം ബാധിച്ച ആ കുഞ്ഞിനെ സ്വീകരിച്ചു. കുഞ്ഞിനെ സ്വീകരിച്ചത് ഫാ. പോര്‍ട്ടിലിന്റെ ജന്മദിനത്തിലാണെന്നത് മറ്റൊരു വസ്തുത. ഇസ്മായേല്‍ എന്നാണ് അദ്ദേഹം ശിശുവിന് പേര് നല്‍കിയിരിക്കുന്നത്.

“എന്റെ ജന്മദിനത്തില്‍ എനിക്ക് തന്ന സമ്മാനത്തിനു യേശുവേ നന്ദി. എന്നെ അതിശയിപ്പിക്കുന്നതില്‍ നീ യാതൊരു കുറവും കാണിച്ചിട്ടില്ല. സ്വാഗതം ഇസ്മായേല്‍” ഫാ. പോര്‍ട്ടിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വാചകങ്ങളാണിവ. പെറുവിന്റെ തെക്ക് ഭാഗത്ത് താമസിക്കുന്ന മദ്യപാനിയും, മാനസിക പ്രശ്നങ്ങളുമുള്ള പതിനേഴുകാരിയാണ് ഇസ്മായേലിന്റെ അമ്മയെന്ന് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വിഭാഗമായ എ‌സി‌ഐ പ്രസ്നാക്ക് നല്‍കിയ അഭിമുഖത്തില്‍ വൈദികന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയില്‍ ഇസ്മായേലിന് ജന്മം നല്‍കിയ ശേഷം അവര്‍ കടന്നുകളഞ്ഞു. പിന്നീട് ലഭിച്ച അപേക്ഷയെ തുടര്‍ന്നു ശിശുവിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഫാ. പോര്‍ട്ടില്‍ ഏറ്റെടുക്കുകയായിരുന്നു.

ദരിദ്രരും, ഉപേക്ഷിക്കപ്പെട്ടവരും, ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി ഫാ. പോര്‍ട്ടില്‍ സ്ഥാപിച്ചതാണ് ‘ഹോം ഓഫ് ദി അസോസ്സിയേഷന്‍ ഓഫ് ദി ബിയാട്ടിറ്റ്യൂഡ്സ്’. ഓരോ വര്‍ഷവും അറുപതോളം പേരെ ഇവിടെ എടുക്കുന്നുണ്ട്. 217 അന്തേവാസികളാണ് നിലവില്‍ ഇവിടെ ഉള്ളത്. യേശു പഠിപ്പിച്ച ശുശ്രൂഷയുടെ മഹത്തായ മാതൃകയെ പിഞ്ചെന്നു എണ്‍പതോളം അത്മായര്‍ കാരുണ്യ പ്രവര്‍ത്തിയെന്ന നിലയില്‍ ഇവിടെ സേവനം ചെയ്തുവരുന്നു. അന്തേവാസികളില്‍ 98 ശതമാനവും ശാരീരികമോ, മാനസികമോ ആയ ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങള്‍ ഉള്ളവരാണ്. അവരുടെ ഇടയിലേക്കാണ് ഇസ്മായേലിന്‍റെ പ്രവേശനം.


Related Articles »