India - 2024

ആരാധനാക്രമ വിഷയത്തിലെ ഭിന്നസ്വരങ്ങളെക്കുറിച്ച് ആകുലരാകേണ്ടതില്ല: കര്‍ദ്ദിനാള്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 20-05-2018 - Sunday

ചങ്ങനാശേരി: ആരാധനാക്രമ വിഷയത്തിലെ സഭയിലെ ഭിന്നസ്വരങ്ങളെക്കുറിച്ച് ആകുലരാകേണ്ടതില്ലായെന്നു സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. 131ാമത് ചങ്ങനാശേരി അതിരൂപതാ ദിനാചരണം തുരുത്തി മര്‍ത്ത്മറിയം ഫൊറോനാ പള്ളിയങ്കണത്തിലെ ഫാ. ബര്‍ണാദ് തോമാ നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സീറോ മലബാര്‍ സഭയുടെ കൂട്ടായ്മയും ശക്തിയും ഭാരതസഭയ്ക്കും ആഗോളസഭയ്ക്കും പങ്കുവയ്ക്കാന്‍, മാറുന്ന സാഹചര്യത്തിലും സഭാംഗങ്ങള്‍ക്കു കൂടുതല്‍ ഉത്തരവാദിത്വമുണ്ടെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

"സഭയിലെ ഭിന്നസ്വരങ്ങളെക്കുറിച്ച് ആകുലരാകേണ്ടതില്ല. ആരാധനാക്രമ പുനരുദ്ധാരണത്തില്‍ വിവാദങ്ങള്‍ ഉണ്ടായത് നമ്മുടെ സഭയെ ക്ഷീണിപ്പിച്ചെന്നു ചന്തിക്കുന്നവരുണ്ടാകും. അന്നത്തെ ക്ഷീണം പിന്നീടുണ്ടായ വളര്‍ച്ചയ്ക്കു നിദാനമായി. സഭയിലെ ആധികാരികമായ ആശയങ്ങള്‍ സമന്വയിപ്പിച്ച് സാവകാശം ആരാധനക്രമരീതികള്‍ക്ക് ഐക്യം കൊണ്ടുവരാമെന്ന ലക്ഷ്യം മുന്നില്‍ കാണണം. ആരാധനക്രമ പുനരുദ്ധാരണത്തിന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ നല്‍കിയ നേതൃത്വമാണ് ഈ രംഗത്തു ക്രമവല്‍കൃതസ്വഭാവം കൈവരാനിടയാക്കിയത്".

"കര്‍ദ്ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലും ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പള്ളിയും ഇപ്പോഴത്തെ ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ തോമസ് ഇലവനാലും ഈ രംഗത്തു ചെയ്തിട്ടുള്ള സേവനം മഹത്തരമാണ്. ആരാധനക്രമ കാര്യങ്ങള്‍ക്കുവേണ്ടി ഇനിയും തര്‍ക്കങ്ങളും വിവാദങ്ങളും സൃഷ്ടിക്കാതെ നമ്മുടെ അഭിപ്രായം മറ്റുള്ളവര്‍ക്കു സ്വീകാര്യമായ ഭാഷയിലും രീതിയിലും അവതരിപ്പിക്കാന്‍ എല്ലാവരും പരിശ്രമിക്കണം". അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിനെക്കുറിച്ച് മീഡിയ വില്ലേജ് തയാറാക്കിയ ഡോക്യുമെന്ററിയുടെ പ്രകാശനം പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.ജോസിനു സിഡി കൈമാറി മാര്‍ ആലഞ്ചേരി നിര്‍വഹിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷതവഹിച്ചു. പെന്തക്കുസ്താ അനുഭവത്തില്‍ അതിരൂപതയില്‍ 'നാമൊരു കുടുംബം' എന്ന ആപ്തവാക്യം നിറവേറ്റാനുള്ള പരിശ്രമം വേണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. സീറോ മലബാര്‍ സഭയ്ക്കു ഭാരതം മുഴുവന്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും, ഇതിനു പരിശ്രമിച്ച മാര്‍ ആലഞ്ചേരിക്കു മാതൃരൂപതയുടെ അഭിന്ദനം നേരുന്നതായും അദ്ദേഹം പറഞ്ഞു.

സാഗര്‍ രൂപതാ ബിഷപ്പ് മാര്‍ ജയിംസ് അത്തിക്കളത്തെ സമ്മേളനത്തില്‍ മാര്‍ പെരുന്തോട്ടം ആദരിച്ചു. പഞ്ചവത്സര പദ്ധതി പുസ്തകം ഹോളിക്വീന്‍സ് പ്രൊവിന്‍ഷ്യാള്‍ ഡോ.സിസ്റ്റര്‍ സുമാ റോസിനു കൈമാറി ആര്‍ച്ച് ബിഷപ്പ് പ്രകാശനം ചെയ്തു. ഡോ.മാത്യു പാറയ്ക്കലിനു സമ്മേളനത്തില്‍ എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു. യോഗത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി. സഭയിലുണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനും ശത്രുതാമനോഭാവമില്ലാതെ പ്രവര്‍ത്തിക്കാനും കഴിഞ്ഞെങ്കിലേ അപചയങ്ങള്‍ ഒഴിവാക്കാനാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

അതിരൂപതാ ഭവനനിര്‍മാണ പദ്ധതിയുടെ താക്കോല്‍ദാനം മാര്‍ പവ്വത്തില്‍ നിര്‍വഹിച്ചു. സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസ് മുഖ്യ പ്രഭാഷണം നടത്തി. അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, ചാന്‍സലര്‍ റവ.ഡോ.ഐസക് ആലഞ്ചേരി, ജനറല്‍ കോഓര്‍ഡിനേറ്റര്‍ ഫാ.ജോസ് മുകളേല്‍, മര്‍ത്ത്മറിയം പള്ളി വികാരി ഫാ.ഗ്രിഗറി ഓണംകുളം, പിആര്‍ഒ ജോജി ചിറയില്‍ എന്നിവര്‍ പ്രസംഗിച്ചു. അതിരൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നുള്ള വൈദികരും സന്യസ്തരും പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.


Related Articles »