News - 2025

ബൈബിള്‍ വാക്യം ഉദ്ധരിച്ച് പ്രോലൈഫ് സന്ദേശവുമായി ട്രംപ്

സ്വന്തം ലേഖകന്‍ 24-05-2018 - Thursday

വാഷിംഗ്ടണ്‍: “മാതാവിന്റെ ഉദരത്തില്‍ നിനക്ക് രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു” (ജറമിയ 1:5) എന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രോലൈഫ് സന്ദേശം. ദൈവത്തില്‍ വിശ്വസിക്കുന്നിടത്തോളം കാലം ജീവന് വേണ്ടിയുള്ള പ്രോ ലൈഫ് പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും പരാജയപ്പെടുകയില്ലായെന്നും ഓരോ ജീവിതത്തിനും ഓരോ അര്‍ത്ഥമുണ്ടെന്നും, ഓരോ ജീവിതവും സംരക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച വാഷിംഗ്‌ടണ്‍ ഡി.സിയിലെ നാഷണല്‍ ബില്‍ഡിംഗ് മ്യൂസിയത്തില്‍ വെച്ച് അമേരിക്കയിലെ മുന്‍നിര പ്രോലൈഫ് പ്രചാരക സ്ഥാപനമായ സൂസന്‍ ബി. ആന്തണി ലിസ്റ്റ് സംഘടിപ്പിച്ച 11-മത് പ്രോലൈഫ് വാര്‍ഷിക പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ കുഞ്ഞും ദൈവത്തിന്റെ അമൂല്യമായ സമ്മാനമാണെന്നും ഒരു മാതാവിനും പിതാവിനും തങ്ങള്‍ക്ക് ജനിച്ച ശിശുവിനെ കയ്യില്‍ കിട്ടുമ്പോള്‍ അവര്‍ പൂര്‍ണ്ണമായി മാറുകയാണെന്നും ട്രംപ് പറഞ്ഞു. നൂറുകണക്കിന് പ്രൊ-ലൈഫ് പ്രവര്‍ത്തകരാണ് ‘ലൈഫ് ഗാലാ’ പ്രോലൈഫ് പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിയത്.

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രോലൈഫ് പ്രസിഡന്റായിട്ടാണ് ഡൊണാള്‍ഡ് ട്രംപിനെ പലരും കണ്ടുവരുന്നത്. പ്രസിഡന്റ് പദവിയിലേറിയിട്ട് വെറും 15 മാസങ്ങള്‍ മാത്രമായിട്ടുള്ളുവെങ്കിലും പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുള്ള തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ സ്തുത്യര്‍ഹമായ രീതിയില്‍ തന്നെ ട്രംപ് നിറവേറ്റി വരികയാണ്. ട്രംപിന്റെ പ്രോലൈഫ് നയത്തെ സ്വാഗതം ചെയ്തു അമേരിക്കന്‍ മെത്രാന്‍ സമിതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരിന്നു.


Related Articles »