News - 2025

പ്രോലൈഫ് ലോകം അയര്‍ലണ്ടിലേക്ക്; ജനഹിത ഫലം മണിക്കൂറുകള്‍ക്കകം

സ്വന്തം ലേഖകന്‍ 26-05-2018 - Saturday

ഡബ്ലിന്‍: ഗര്‍ഭഛിദ്ര നിയമാനുമതി വിഷയത്തില്‍ ജനഹിത പരിശോധന അയര്‍ലണ്ടില്‍ പൂര്‍ത്തിയായി. രാജ്യത്തൊട്ടാകെയുള്ള അമ്പത്തഞ്ചു ശതമാനത്തിലധികം വോട്ടര്‍മാര്‍ അഭിപ്രായം രേഖപ്പെടുത്തി വോട്ടു ചെയ്തതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ആഗോള കത്തോലിക്ക സഭയും പ്രോലൈഫ് സമൂഹവും ഉറ്റുനോക്കുന്ന ജനഹിത പരിശോധന ഫലം ഏതാനും മണിക്കൂറുകള്‍ക്ക് അകം പുറത്തുവരും.

ഇതിനിടെ എക്‌സിറ്റ് പോള്‍ ഫലം ഗര്‍ഭഛിദ്രത്തെ പിന്തുണക്കുന്നവര്‍ക്ക് അനുകൂലമായാണ് റിപ്പോര്‍ട്ട്. ഗർഭഛിദ്രത്തെ അനുകൂലിക്കുന്നവര്‍ 62 ശതമാനം വോട്ടു നേടി റഫറണ്ടം പാസാകുമെന്നാണ് ഐറിഷ് ടൈംസ് പുറത്തുവിട്ട എക്‌സിറ്റ് പോള്‍ സൂചിപ്പിക്കുന്നത്. അതേസമയം ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളും പ്രോലൈഫ് പ്രവര്‍ത്തകരും നിയമഭേദഗതി ഉണ്ടാകാതിരിക്കുവാന്‍ പ്രാര്‍ത്ഥനയിലാണ്.

രാജ്യത്താകെയുള്ള 3.2 മില്യണ്‍ വോട്ടര്‍മാര്‍ക്കും, പുതുതായി ലിസ്റ്റില്‍ ഉള്‍പ്പെട്ട 118,389 പേര്‍ക്കുമാണ് വോട്ടവകാശം ഉണ്ടായിരുന്നത്. ഡബ്ലിന്‍ നഗരത്തിന്റെ സൗത്ത് /തീരദേശ മേഖലയില്‍ 60 ശതമാനത്തില്‍ അധികം പേരും വോട്ടു രേഖപ്പെടുത്തിയപ്പോള്‍ ബാലിമൂണ്‍,ഫിംഗല്‍ മേഖലകളില്‍ നാല്പത് ശതമാനം വോട്ടര്‍മാരെ ബൂത്തുകളില്‍ എത്തിയുള്ളു. ഗർഭസ്ഥ ശിശുക്കൾക്ക് ജീവിക്കുവാനുള്ള അവകാശവും മാതാവിന് ജീവിക്കാനുള്ള അവകാശവും തുല്യമാണെന്നും അതിനെ ആദരവോടെ സമീപിക്കണമെന്നുമാണ് ഐറിഷ് എട്ടാം ഭേദഗതി വ്യവസ്ഥ ചെയ്യുന്നത്.

ജനഹിത പരിശോധനയെ തുടര്‍ന്നു ഭേദഗതി റദ്ദായാൽ 12 ആഴ്ചവരെയുള്ള ഗർഭഛിദ്രങ്ങൾ അയർലണ്ടിൽ നിയമാനുസൃതമാകും. ജനിക്കുവാനിരിക്കുന്ന കുരുന്നുകളുടെ സംരക്ഷണം ഉറപ്പാക്കുന്ന എട്ടാം ഭേദഗതിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക ബിഷപ്പുമാരും പ്രോലൈഫ് പ്രവര്‍ത്തകരും ഹിതപരിശോധനക്ക് മുന്‍പ് ശക്തമായ പ്രചാരണം നടത്തിയിരിന്നു. ഐറിഷ് സമയം രാവിലെ 9 മണിയ്ക്ക് അതാത് കൗണ്ടി കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിക്കും.


Related Articles »