News - 2025

കത്തോലിക്ക ഡോക്ടര്‍മാരുടെ ജോലി ക്രൈസ്തവ സാക്ഷ്യമായിരിക്കണം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 01-06-2018 - Friday

വത്തിക്കാന്‍ സിറ്റി: കത്തോലിക്കരായ ഡോക്ടര്‍മാരുടെ ജോലി വിശ്വാസത്തില്‍ വേരൂന്നി ക്രൈസ്തവ സാക്ഷ്യം ഉള്‍ച്ചേരുന്നതാകണമെന്നു ഫ്രാന്‍സിസ് പാപ്പ. കത്തോലിക്കാ ഡോകര്‍മാരുടെ രാജ്യാന്തര പ്രതിനിധികളെ ചൊവ്വാഴ്ച വത്തിക്കാനില്‍ സ്വീകരിച്ചു സംസാരിക്കകയായിരിന്നു അദ്ദേഹം. ജീവന്‍ അതിന്‍റെ ഏറ്റവും ദുര്‍ബലമായ രോഗാവസ്ഥയിലോ പ്രായത്തിലോ എത്തിയാലും വൈദ്യശാസ്ത്രത്തിന്‍റെ ഏതു ഘടകവും നിലപാടും ജീവന് എതിരാകാന്‍ പാടുള്ളതല്ല എന്നത് സഭയുടെ നിലപാടാണെന്ന്‍ ഫ്രാന്‍സിസ് പാപ്പ ആവര്‍ത്തിച്ചു.

ഡോക്ടര്‍-രോഗീ ബന്ധത്തില്‍ ശുശ്രൂഷയുടെ ഭാവമുണ്ടെങ്കില്‍ മാത്രമേ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും പാവങ്ങളുമായ ബഹുഭൂരിപക്ഷം ജനതയുടെ ആരോഗ്യനില മെച്ചപ്പെടുത്താനാവൂ. മനുഷ്യാന്തസ്സിനും മനുഷ്യവ്യക്തിയുടെ സമുന്നത സ്ഥാനത്തിനും ഇണങ്ങുംവിധം രോഗികളെ പരിചരിക്കുന്നതില്‍ രോഗീ പരിചാരകര്‍ മറ്റുള്ളവരുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കേണ്ടതും, അവര്‍ ജീവന്‍റെ പ്രയോക്താക്കളായി തീരേണ്ടതുമാണ്. ജീവനുവേണ്ടിയും ജീവന്‍റെ സംരക്ഷണത്തിനും പരിചാരണത്തിനുംവേണ്ടി നിലകൊള്ളുന്ന സുസ്ഥാപിത സമൂഹമാണ് സഭ.

സഭയുടെ പ്രബോധനങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊണ്ട് ചികിത്സയുടെയും രോഗീ പരിചരണത്തിന്‍റെയും ധാര്‍മ്മിക മാനവും എന്നും കാത്തുപാലിക്കേണ്ടതാണ്. ധാര്‍മ്മിക നിയമങ്ങള്‍ അവഗണിച്ച് രോഗിയെ നന്നാക്കിയെടുക്കേണ്ട ഒരു യന്ത്രമായി തരംതാഴ്ത്തി കാര്യക്ഷമതയുടെയും സാമ്പത്തിക നേട്ടത്തിന്‍റെരയും തന്ത്രങ്ങള്‍ നടപ്പിലാക്കുന്നത് തെറ്റാണ്. രോഗിയുടെ വ്യക്തിഭാവം മാനിച്ചുകൊണ്ടുള്ള വൈദ്യപരിചരണമാണ് ആവശ്യമെന്നും അതിനാല്‍ കത്തോലിക്ക ഡോക്ടര്‍മാര്‍ ജീവന്റെ വക്താക്കളായി മാറണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.


Related Articles »