News - 2025

പ്രൊട്ടസ്റ്റന്‍റുകാര്‍ക്ക് ദിവ്യകാരുണ്യം നല്‍കാനാവില്ല; നിലപാട് വ്യക്തമാക്കി വത്തിക്കാന്‍

സ്വന്തം ലേഖകന്‍ 05-06-2018 - Tuesday

വത്തിക്കാന്‍ സിറ്റി: കത്തോലിക്ക വിശ്വാസികളുടെ പ്രൊട്ടസ്റ്റന്‍റുകാരായ ജീവിത പങ്കാളികള്‍ക്ക് ദിവ്യകാരുണ്യം സ്വീകരിക്കുവാന്‍ അനുവദിക്കണമെന്ന ജര്‍മ്മന്‍ മെത്രാന്‍ സമിതിയുടെ അപേക്ഷയെ വത്തിക്കാന്‍ തള്ളിക്കളഞ്ഞു. ഇതുസംബന്ധിച്ച് ഇക്കഴിഞ്ഞ മെയ് 25-ന് വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ തലവനായ ആര്‍ച്ച് ബിഷപ്പ് ലൂയീസ് ലഡാരിയ മ്യൂണിച്ചിലെ മെത്രാപ്പോലീത്തയും ജര്‍മ്മന്‍ മെത്രാന്‍ സമിതിയുടെ തലവനുമായ കര്‍ദ്ദിനാള്‍ റെയിന്‍ഹാര്‍ഡ് മാര്‍ക്സിന് കത്ത് അയച്ചു. ഇക്കാര്യത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പയുമായി ചര്‍ച്ച നടത്തിയെന്നും മാര്‍പാപ്പ കൂടി അംഗീകരിച്ച തീരുമാനമാണിതെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

ജര്‍മ്മന്‍ മെത്രാന്‍ സമിതി ഒരുപാട് വിഷയങ്ങള്‍ ഉന്നയിക്കുന്നതിനാല്‍ ഈ നിര്‍ദ്ദേശം ഔദ്യോഗികമായി പുറത്തുവിടാറായിട്ടില്ലെന്നും മെത്രാപ്പോലീത്തയുടെ കത്തില്‍ പറയുന്നു. എന്നാല്‍ ഔദ്യോഗികമായി പുറത്തുവിടുന്നതിനു മുന്‍പ് തന്നെ മെത്രാപ്പോലീത്തയുടെ കത്തിലെ വിവരങ്ങള്‍ പുറത്തുവരികയായിരിന്നു. ഇന്നലെ സാണ്ട്രോ മഗിസ്റ്റെര്‍ എന്ന വത്തിക്കാന്‍ മാധ്യമ പ്രവര്‍ത്തകന്റെ ബ്ലോഗിലാണ് കത്തിലെ നിര്‍ദ്ദേശങ്ങള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. വിവരങ്ങളുടെ ആധികാരികതയെ വത്തിക്കാന്‍ അംഗീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലില്‍ കര്‍ദ്ദിനാള്‍ റെയിനര്‍ വോയെല്‍ക്കിയും 6 മെത്രാന്‍മാരുമാണ് തങ്ങളുടെ നിര്‍ദ്ദേശം കത്തോലിക്കാ സഭാ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമാണോ എന്ന് തീരുമാനിക്കുന്നതിനായി വിഷയത്തെ വത്തിക്കാന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. 'അത്യാവശ്യവും ഒഴിവാക്കാനാവാത്തതുമായ ഘട്ടങ്ങളില്‍ കത്തോലിക്കരല്ലാത്തവര്‍ക്കും വിശുദ്ധ കുര്‍ബാന നല്‍കാം' എന്ന കാനോന്‍ നിയമം 844-ന്റെ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിലായിരിന്നു ജര്‍മ്മന്‍ മെത്രാന്മാരുടെ ഇടപെടല്‍. വിഷയത്തെ കുറിച്ച് ചര്‍ച്ചചെയ്യുവാന്‍ ഒരു മാസം മുന്‍പ് വത്തിക്കാന്‍ ജര്‍മ്മന്‍ മെത്രാന്‍മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിര്‍ദ്ദേശം ആഗോള സഭയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ചിരിന്നു. ഇക്കാര്യത്തിനാണ് ഒടുവില്‍ അന്തിമ തീരുമാനം വന്നിരിക്കുന്നത്.


Related Articles »