News

ദിവ്യകാരുണ്യത്തിന് വീണ്ടും സമര്‍പ്പിച്ച് ലണ്ടന്‍ ദേവാലയം

സ്വന്തം ലേഖകന്‍ 06-06-2018 - Wednesday

ലണ്ടന്‍: പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ഇംഗ്ലണ്ടിലെ കോവെന്റ് ഗാര്‍ഡനിലെ യേശുവിന്റെ തിരുശരീര-രക്തങ്ങളുടെ നാമധേയത്തിലുള്ള ദേവാലയത്തെ ദിവ്യകാരുണ്യത്തിന് വീണ്ടും സമര്‍പ്പിച്ചു. അഞ്ചു വര്‍ഷങ്ങള്‍ നീണ്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വെസ്റ്റ്മിന്‍സ്റ്റര്‍ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോളാസാണ് ദേവാലയം ദിവ്യകാരുണ്യത്തിന് സമര്‍പ്പിച്ച് വിശ്വാസികള്‍ക്ക് തുറന്നു നല്‍കിയത്. മനോഹരമായ രീതിയില്‍ പുതുക്കി പണിതിട്ടുള്ള ദേവാലയത്തെ പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ നാമധേയത്തിലുള്ള രൂപതാ ദേവാലയമായി പ്രഖ്യാപിക്കുവാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമായി കരുതുന്നുവെന്നു വിശുദ്ധ കുര്‍ബാനക്കിടെ മെത്രാപ്പോലീത്ത പറഞ്ഞു.

ഒരാഴ്ച നീണ്ട ആഘോഷ പരിപാടികളോടെയായിരുന്നു അഞ്ചുവര്‍ഷത്തെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ദേവാലയം വീണ്ടും തുറന്നത്. വിശുദ്ധ കുര്‍ബാനയോടെയായിരുന്നു ആഘോഷ പരിപാടികളുടെ സമാപനം. ദിവ്യബലിക്കു ശേഷം പരിശുദ്ധ ദിവ്യകാരുണ്യവുമായി പ്രദിക്ഷിണവുമുണ്ടായിരുന്നു. വൈദികരും സന്യസ്ഥരും തീര്‍ത്ഥാടകരായ വിശ്വാസികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ വിശുദ്ധ കുര്‍ബാനയിലും ദിവ്യകാരുണ്യ പ്രദിക്ഷിണത്തിലും പങ്കെടുത്തു.

1874 ഒക്ടോബര്‍ 20-നാണ് കോര്‍പ്പസ് ക്രിസ്റ്റി ദേവാലയത്തിന്റെ ഉദ്ഘാടനം നടന്നത്. കര്‍ദ്ദിനാള്‍ മാന്നിങ്ങ് ആയിരുന്നു ഉദ്ഘാടനം നടത്തിയത്. പ്രൊട്ടസ്റ്റന്റ് നവോത്ഥാനത്തിനുശേഷം ഇംഗ്ലണ്ടിലെ യേശുവിന്റെ ശരീര-തിരുരക്തങ്ങളുടെ നാമധേയത്തിലുള്ള ആദ്യത്തെ കത്തോലിക്കാ ദേവാലയമാണിത്. അക്കാലങ്ങളില്‍ പരിശുദ്ധ ദിവ്യകാരുണ്യത്തിനു എതിരായി ചെയ്തിട്ടുള്ള പാപങ്ങള്‍ക്കുള്ള പരിഹാരമായിട്ടായിരുന്നു ദേവാലയത്തിന്റെ നിര്‍മ്മാണം. അധികം താമസിയാതെ വിശുദ്ധ കുര്‍ബാനയോടുള്ള ഭക്തിയുടെ ഒരു പ്രധാന കേന്ദ്രമായി കോര്‍പ്പസ് ക്രിസ്റ്റി ദേവാലയം മാറുകയായിരിന്നു.


Related Articles »